Tuesday, September 24, 2013

ഇടുക്കി അണക്കെട്ടിന്റെ ചലനവ്യതിയാനം: കെഎസ്ഇബി ഗവേഷണം എങ്ങുമെത്തിയില്ല

ഇടുക്കി അണക്കെട്ടിന്റെ ചലനവ്യതിയാനം സംബന്ധിച്ചുള്ള  കെഎസ്ഇബിയുടെ ഗവേഷണം ഏഴ് വര്‍ഷം പിന്നിട്ടിട്ടും ഒരിടത്തുമെത്തിയില്ല.ഇത്തവണ അണക്കെട്ടില്‍ 2401.8 അടി വെള്ളമായതോടെ 12 മില്ലീമീറ്റര്‍ ചലനമാണ് ഉണ്ടായത്. ഈ സാഹചര്യത്തില്‍ 25 മുതല്‍ 32 വരെ ചലനം രേഖപ്പെടുത്തേണ്ടതാണ്. അണക്കെട്ട് പൂര്‍ണ്ണ സംഭരണശേഷിയിലെത്തുമ്പോള്‍ നിവരുകയെന്ന ആര്‍ച്ച് ഡാമിന്റെ തത്വം അനുസരിച്ചാണിത്.അണക്കെട്ടിന്റെ സീറോലൈനില്‍ നിന്നും വെള്ളം കൂടുമ്പോള്‍ പോസിറ്റീവും കുറയുമ്പോള്‍ നെഗറ്റീവുമായി ചലനമാറ്റം നടക്കാതെ വന്നതിനെത്തുടര്‍ന്നാണ് 2006 ല്‍ ചലനത്തിലെ വ്യതിയാനം സ്ഥിരീകരിച്ചത്. ജലവിതാനം ഉയരുകയും താഴുകയും ചെയ്യുന്ന സമയങ്ങളില്‍ ഉണ്ടായ വ്യതിയാനങ്ങളുടെ കണക്ക് ഡാം ഗവേഷണ വിഭാഗം കണ്ടെത്തിയിട്ടുള്ളതാണ്. ഡാമിന്റെ മുകള്‍ഭാഗത്തും അണക്കെട്ടുകളെ ബന്ധിപ്പിക്കുന്ന കുറവന്‍-കുറത്തി മലകളിലും അടയാളപ്പെടുത്തിയിട്ടുള്ള പ്രത്യേക പോയിന്റുകളില്‍ നിന്നാണ് ചലനം അളക്കുന്നത്. കൂടാതെ ഡ്രയിന്‍ സോഴ്‌സ്, പ്രഷര്‍ റീഡിംഗ്, ടോട്ടല്‍ സ്വീപ്പേജ് എന്നിവ കണക്കിലെടുത്തും ഡാമിന്റെ ഉള്ളില്‍ സ്ഥാപിച്ചിട്ടുള്ള പെന്‍ഡുലത്തിന്റെ മാറ്റവും നീരീക്ഷിച്ച ശേഷമാണ് പ്രഥമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ അടിയന്തിര ഗവേഷണം നടത്താന്‍ കെഎസ്ഇബി തീരുമാനിച്ചെങ്കിലും ഗുരുതരമായ വീഴ്ച വരുത്തുകയായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം ഇന്ത്യയിലെ അണക്കെട്ടുകളെക്കുറിച്ച് പഠനം നടത്തുന്നതിന് 2008 ഡിസംബര്‍ 12 ന് ഡല്‍ഹിയില്‍ വച്ച് നടന്ന മീറ്റിംഗില്‍ കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് എന്‍ജിനീയര്‍ കെ കെ കറുപ്പന്‍കുട്ടി പങ്കെടുക്കുകയും ചലനവ്യതിയാനം സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഗവേഷണം നടത്താന്‍ ഇന്ത്യയില്‍ വിദഗ്ധരില്ലായെന്നും വിദഗ്ധരായ കനേഡിയന്‍-അമേരിക്കന്‍ എന്‍ജിനീയര്‍മാരുടെ സേവനം തേടണമെന്നും നിര്‍ദ്ദേശം വന്നു.

ഇതിനായി അമേരിക്കന്‍ കമ്പനിയായ ക്രസ്റ്റ് ഇന്റര്‍നാഷണലിനെ സമീപിച്ചെങ്കിലും ഭീമമായ തുക ആവശ്യപ്പെട്ടതിനെതുടര്‍ന്ന് ഉദ്യമത്തില്‍ നിന്നും പിന്മാറി. തുടര്‍ന്ന് ഈ കമ്പനിയുടെ തന്നെ സാങ്കേതിക സഹായം മാത്രം ആവശ്യപ്പെടുകയും  കേരളത്തിലെ എന്‍ജിനീയര്‍മാരെ ഉപയോഗിച്ച് ഗവേഷണം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ആദ്യം സാങ്കേതിക സഹായം ഉറപ്പുനല്‍കിയ കമ്പനി പിന്നീട് അതില്‍ നിന്നും പിന്‍വലിഞ്ഞതോടെ കെഎസ്ഇബിയുടെ ഗവേഷണം പ്രതിസന്ധിയിലായി. തുടര്‍ന്ന് കാലാകാലങ്ങളില്‍ ജലനിരപ്പ് ഉയരുമ്പോള്‍ മാത്രമാണ് കെഎസ്ഇബി ഈ വിഷയത്തിന് പ്രാധാന്യം നല്‍കുന്നത്. സംഭരണശേഷി പൂര്‍ണ്ണമായതോടെ അണക്കെട്ടിന്റെ ആരോഗ്യകരമായ നിലനില്പിന് 25 മില്ലീമീറ്റര്‍ ചലനം ഉണ്ടാകേണ്ടതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
 (പി എല്‍ നിസാമുദ്ദീന്‍)

janayugom

No comments:

Post a Comment