Monday, September 23, 2013

ടെസില്‍ കരാര്‍ ഒപ്പിട്ടത് യുഡിഎഫ് ഭരണത്തില്‍

കോട്ടയം ചിങ്ങവനം ആസ്ഥാനമായ വിവാദ കമ്പനി ട്രാവന്‍കൂര്‍ ഇലക്ട്രോ കെമിക്കല്‍സ് (ടെസില്‍) ജലവൈദ്യുത പദ്ധതികള്‍ കൈമാറ്റം ചെയ്യാന്‍ കരാര്‍ ഒപ്പുവച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്. പത്തനംതിട്ട അള്ളുങ്കലില്‍ ഏഴു മെഗാവാട്ടിന്റെയും കരിക്കയത്ത് 15 മെഗാവാട്ടിന്റെയും പദ്ധതികള്‍ കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനിക്ക് കൈമാറുന്നത് സംബന്ധിച്ച് 2006 മാര്‍ച്ച് ഒമ്പതിനാണ് ഇരുകമ്പനിയും കരാര്‍ ഒപ്പുവച്ചത്. കരാര്‍ ഒപ്പുവച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്ന മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വാദം ഇതോടെ പൊളിയുകയാണ്. കരാറിന്റെ പകര്‍പ്പുസഹിതമുള്ള രേഖകള്‍ കൈരളി-പീപ്പിള്‍ ടിവി പുറത്തുവിട്ടു.

മുംബൈയിലാണ് അള്ളുങ്കല്‍, കരിക്കയം പദ്ധതികള്‍ കൈമാറുന്നത് സംബന്ധിച്ച് ഇരുകമ്പനിയും കരാര്‍ ഒപ്പിട്ടത്. മാര്‍ച്ച് 27ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷനായ മന്ത്രിസഭായോഗം ഇതിന് അംഗീകാരം നല്‍കി. സ്വന്തമായി വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് ഉപയോഗിക്കാവുന്ന ക്യാപ്റ്റീവ് പവര്‍ പ്രോജക്ടായാണ് 1994ല്‍ യുഡിഎഫ് സര്‍ക്കാര്‍ ടെസിലിന് പദ്ധതി അനുവദിച്ചത്. മൂന്നു വര്‍ഷത്തിനുള്ളില്‍ വൈദ്യുതി ഉല്‍പ്പാദനം ആരംഭിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ടെസിലിന് ഇതിനു കഴിഞ്ഞില്ല. 1997ല്‍ കമ്പനി പൂട്ടുകയും ചെയ്തു. പിന്നീട് 2005ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒത്താശയോടെയാണ് തട്ടിപ്പിന് ശ്രമം ആരംഭിച്ചത്. 2005 ജൂണില്‍ ഉമ്മന്‍ചാണ്ടി അധ്യക്ഷനായി മന്ത്രിമാര്‍ പങ്കെടുത്ത യോഗമാണ് പൂട്ടിപ്പോയ കമ്പനി തുറക്കാനും വൈദ്യുത പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാനും തീരുമാനിച്ചത്. വില്‍ക്കാന്‍ കഴിയാത്ത ക്യാപ്റ്റീവ് പവര്‍ പ്രോജക്ടായി അനുമതി നല്‍കിയിരുന്ന പദ്ധതികള്‍ വില്‍ക്കാന്‍ കഴിയുന്ന ഇന്‍ഡിപെന്‍ഡന്റ് പവര്‍ പ്രോജക്ടാക്കി (ഐപിപി) മാറ്റുകയായിരുന്നു. കെഎസ്ഐഡിസിയില്‍നിന്ന് ആറുകോടി രൂപ വായ്പയെടുക്കാനെന്ന പേരിലായിരുന്നു മാറ്റം. എന്നാല്‍ വൈദ്യുതപദ്ധതി മറിച്ചുവില്‍ക്കലായിരുന്നു ലക്ഷ്യം. ഇതിന് കൊല്‍ക്കത്ത ആസ്ഥാനമായ എനര്‍ജി ഡെവലപ്മെന്റ് കമ്പനി ലിമിറ്റഡുമായി (ഇഡിസിഎല്‍) ടെസില്‍ അധികൃതര്‍ ധാരണയിലെത്തിയിരുന്നു. ഇതനുസരിച്ച് അള്ളുങ്കല്‍, കാരിക്കയം പദ്ധതികള്‍ 112 കോടി രൂപയ്ക്ക് ഇഡിസിഎലിന് കൈമാറി. എന്നാല്‍ വില്‍പ്പനക്കരാറില്‍ 72 കോടി മാത്രമാണ് കാണിച്ചത്. ബാക്കി തുക എവിടെയെന്ന് കണ്ടെത്താനായിട്ടില്ല.

deshabhimani

No comments:

Post a Comment