Friday, September 27, 2013

ഓര്‍ഡിനന്‍സ് അസംബന്ധം, സര്‍ക്കാരിനെതിരെ രാഹുല്‍

എംപിമാരെയും എംഎല്‍എമാരെയും ക്രിമിനല്‍ കേസുകളില്‍ ശിക്ഷിച്ചാല്‍ അപ്പീലിന് അവസരം നല്‍കാതെ അയോഗ്യത കല്‍പ്പിക്കണമെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ നടപടി അസംബന്ധമാണെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ജനപ്രാതിനിധ്യ നിയമത്തിലെ ഭേദഗതി അംഗീകരിക്കരുതെന്നും ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ മല്‍സരിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കീറി ചവറ്റുകുട്ടയിലിടണമെന്നും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഓര്‍ഡിനന്‍സ് ഇറക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അജയ് മാക്കന്റെ വാര്‍ത്താസമ്മേളനത്തിനിടെ എത്തിയാണ് രാഹുല്‍ ഗാന്ധി രൂക്ഷമായ ഭാഷയില്‍ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചത്.

രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ച സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കാനാണ് സാധ്യത. അതേസമയം രാഹുല്‍ ഗാന്ധിയുടെ നീക്കം സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന വിമര്‍ശനം പലകോണുകളില്‍ നിന്നും ഉയര്‍ന്നുവന്നു. രാഹുലിന്റെ പ്രസ്താവന അക്ഷരാര്‍ഥത്തില്‍ സര്‍ക്കാരിനെയും കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തെയും വെട്ടിലാക്കിയിരിക്കുകയാണ്.

സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ നേരത്തെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ച്ചയായി ഓര്‍ഡിനന്‍സുകളിലൂടെ കാര്യങ്ങള്‍ നടത്തുന്ന യുപിഎ സര്‍ക്കാരിന്റെ രീതി ജനാധിപത്യവിരുദ്ധവും എതിര്‍ക്കപ്പെടേണ്ടതുമാണെന്നും പിബി വ്യക്തമാക്കിയിരുന്നു. ബിജെപി അടക്കമുള്ള മറ്റ് പാര്‍ട്ടികളും ഓര്‍ഡിനന്‍സിനെ എതിര്‍ത്തിരുന്നു.

deshabhimani

No comments:

Post a Comment