പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആയി കുറയ്ക്കുന്നത് ബലാത്സംഗം അടക്കം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയാന്‍ സഹായിക്കുമെന്ന് ദേശീയ വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ മമതാ ശര്‍മ പറഞ്ഞു. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇതു പറഞ്ഞത്. തന്റെ വ്യക്തിപരമായ അഭിപ്രായമാണിതെന്ന് അവര്‍ വിശദീകരിച്ചു. ദേശീയ വനിതാ കമീഷന്റെ അഭിപ്രായം ചര്‍ച്ചചെയ്ത ശേഷം മാത്രമേ തീരുമാനിക്കൂ. വിവാഹപ്രായം കുറയ്ക്കണമെന്ന് ജനങ്ങള്‍ പൊതുവില്‍ ആവശ്യപ്പെടുകയാണെങ്കില്‍ അത് അനുവദിക്കേണ്ടതാണെന്നും അവര്‍ പറഞ്ഞു. സ്ത്രീകളുടെ അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കുന്നതില്‍ രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ഹരിയാനയിലെ ഖാപ് പഞ്ചായത്തുകളും ഇതേ അഭിപ്രായം നേരത്തേതന്നെ മുന്നോട്ടുവച്ചിരുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഗുലാം നബി ആസാദ് വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യത്തെ അസ്വീകാര്യമെന്ന് വിശേഷിപ്പിച്ചു.
പരാമര്‍ശം പിന്‍വലിക്കണം: മഹിളാ അസോസിയേഷന്‍
ന്യൂഡല്‍ഹി: ബലാത്സംഗമടക്കമുള്ള അതിക്രമങ്ങള്‍ കുറയ്ക്കാന്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സായി കുറച്ചാല്‍ മതിയെന്ന ദേശീയ വനിതാ കമീഷന്‍ ചെയര്‍പേഴ്സന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റ് ശ്യാമലി ഗുപ്തയും ജനറല്‍ സെക്രട്ടറി സുധ സുന്ദരരാമനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വനിതാ കമീഷന്‍ ചെയര്‍പേഴ്സന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണ്. ബലാത്സംഗം സ്ത്രീയുടെ ശരീരത്തിനും അഭിമാനത്തിനും നേര്‍ക്ക് നടത്തുന്ന ആക്രമണവും കുറ്റകൃത്യവുമാണ്. വിവാഹപ്രായം കുറയ്ക്കുന്നതുമായി അതിന് ഒരു ബന്ധവുമില്ല. പേശീബലം കൊണ്ടുള്ള ആക്രമണമായ ബലാത്സംഗത്തെക്കുറിച്ചുള്ള വസ്തുതകള്‍ വളച്ചൊടിക്കുന്ന വനിതാ കമീഷന്‍ ചെയര്‍പേഴ്സന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു
വിവാഹപ്രായം കുറയ്ക്കാന്‍ അനുവദിക്കില്ല: ഡിവൈഎഫ്ഐ
വിവാഹപ്രായം കുറയ്ക്കാനായി മുസ്ലിം സംഘടനകളെയെല്ലാം യോജിപ്പിച്ച് രംഗത്തിറക്കിയ ലീഗ് കേരളത്തില്‍ വര്‍ഗീയ മതധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കാനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്ഐ പ്രക്ഷോഭം ആരംഭിക്കും. സമര പ്രഖ്യാപന സംസ്ഥാന കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 12ന് കോഴിക്കോട്ടെ ടാഗോര്‍ സെന്റിനറി ഹാളില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യുമെന്നും സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷും സെക്രട്ടറി എം സ്വരാജും പറഞ്ഞു.
രാജ്യത്ത് അധികാരത്തിനുവേണ്ടി വര്‍ഗീയ ധ്രുവീകരണം നടത്തുന്ന നരേന്ദ്രമോഡിയുടെ നീക്കമാണ് കേരളത്തില്‍ മുസ്ലിംലീഗ് നേതാക്കള്‍ പരീക്ഷിക്കുന്നത്. കാലഘട്ടത്തിന് യോജിക്കാത്ത പാര്‍ടിയായി ലീഗ് മാറി. സംഘപരിവാറിന്റെ വര്‍ഗീയതയോട് മത്സരിക്കുംവിധം ന്യൂനപക്ഷ വര്‍ഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പില്‍ ലാഭമുണ്ടാക്കാനാണ് മുസ്ലിംലീഗ് ശ്രമം. അനാചാരങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നത് ലോകത്തിനു മുന്നില്‍ കേരളത്തെ നാണം കെടുത്താനാണ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി തുടരുന്നു. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സര്‍ക്കാര്‍ പ്രഖ്യാപിക്കണം. കേരളം ആര്‍ജിച്ച നേട്ടങ്ങളെ നശിപ്പിക്കാന്‍ ഡിവൈഎഫ്ഐ അനുവദിക്കില്ല. യോജിക്കാവുന്ന എല്ലാ പുരോഗമന സംഘടനകളുമായും സഹകരിച്ച് വിവാഹപ്രായം കുറയ്ക്കാനുള്ള നീക്കത്തെ ചെറുക്കും. ലീഗിന്റെ നിലപാടിനെതിരെയുള്ള യൂത്തുലീഗിന്റെയും എംഎസ്എഫിന്റെയും പ്രതികരണങ്ങളെ ഡിവൈഎഫ്ഐ സ്വാഗതം ചെയ്യുന്നു. ഉറച്ച നിലപാടാണ് അവരുടേതെങ്കില്‍ ഇരു സംഘടനകളും ഡിവൈഎഫ്ഐയുടെ പ്രക്ഷോഭവുമായി സഹകരിക്കണം. ഇക്കാര്യത്തില്‍ യൂത്തുകോണ്‍ഗ്രസും നിലപാട് വ്യക്തമാക്കണമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ട്രഷറര്‍ കെ എസ് സുനില്‍കുമാറും പങ്കെടുത്തു.
മതസംഘടനകളുടെ ആവശ്യം അപരിഷ്കൃതം: ഡിവൈഎഫ്ഐ
മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറായി കുറയ്ക്കണമെന്ന ചില സംഘടനകളുടെ ആവശ്യം സമൂഹത്തെ പിന്നോട്ടടിപ്പിക്കാനും മുസ്ലിം പെണ്‍കുട്ടികളുടെ നേട്ടങ്ങളെ ഇല്ലാതാക്കാനുമാണെന്ന് ഡിവൈഎഫ്ഐ. 16-ാംവയസ്സില്‍ വിവാഹം കഴിക്കുന്നത് നിയമവിരുദ്ധവും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും മാനസികവികാസത്തിനും തടസ്സം സൃഷ്ടിക്കുന്നതാണെന്നും കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ച ഡിവൈഎഫ്ഐ പ്രസിഡന്റ് എം ബി രാജേഷ് എംപി പറഞ്ഞു.
നരേന്ദ്രമോഡിയുടെ വര്‍ഗീയധ്രുവീകരണ നീക്കങ്ങള്‍ക്ക് ബദലായി മുസ്ലിംലീഗ് നടത്തുന്ന വര്‍ഗീയപ്രചാരണത്തിന്റെ ഭാഗമാണ് വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യം. മുസ്ലിം പെണ്‍കുട്ടികളെ ബന്ദികളാക്കി വര്‍ഗീയധ്രുവീകരണം നടത്താനാണ് മുസ്ലിംലീഗും മറ്റു ചില സംഘടനകളും ശ്രമിക്കുന്നത്. പരിഷ്കൃതസമൂഹത്തിന് ഇത് അംഗീകരിക്കാനാകില്ല. വിദ്യാഭ്യാസരംഗത്തും മറ്റ് നേട്ടങ്ങളുടെ കാര്യത്തിലും കേരളത്തിലെ മുസ്ലിം സമുദായം ഏറെ മുന്നിലാണ്. ഈ നേട്ടത്തെയെല്ലാം പിന്നോട്ടടിപ്പിക്കാനുള്ള നീക്കമാണ് വിവാഹപ്രായം കുറയ്ക്കുന്നതിലൂടെ ചെയ്യുന്നത്. ഇതിനെതിരെ ഡിവൈഎഫ്ഐ വിട്ടുവീഴ്ചയില്ലാതെ പോരാടും.
വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യത്തിനെതിരെ എംഎസ്എഫും യൂത്ത്ലീഗും രംഗത്തുവന്നിട്ടുണ്ട്. ഇവരുടെ എതിര്‍പ്പ് ആത്മാര്‍ഥമാണെങ്കില്‍ ഡിവൈഎഫ്ഐ മുന്‍കൈയെടുത്ത് നടത്തുന്ന പ്രക്ഷോഭത്തില്‍ പങ്കുചേരുകയാണ് വേണ്ടത്. എല്ലാ യുവജനസംഘടനകളും ഇതിനെതിരെ രംഗത്തുവരണം. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതികരണമുണ്ടായിട്ടില്ല. ഇവരുടെ നിലപാട് അറിയാന്‍ കേരളത്തിലെ യുവജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്ന് രാജേഷ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡിവൈഎഫ്ഐ കേരള സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എ, സെക്രട്ടറി എം സ്വരാജ്, മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രീതി ശേഖര്‍ എന്നിവരും പങ്കെടുത്തു.
deshabhimani
No comments:
Post a Comment