Monday, September 30, 2013

ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഡയാലിസിസ് യൂണിറ്റിലെ ഉപകരണങ്ങള്‍ കടത്തി

ശനിയാഴ്ച കേന്ദ്രമന്ത്രി ജയറാം രമേശ് ഉദ്ഘാടനംചെയ്ത തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലെ ഉപകരണങ്ങള്‍ മണിക്കൂറുകള്‍ക്കകം അവിടെനിന്നും കടത്തി. ഉപകരണങ്ങള്‍ കൊണ്ടുപോയത് ആംബുലന്‍സില്‍. ഉപകരണങ്ങള്‍ മാറ്റുന്നത് ചിത്രീകരിക്കാന്‍ ശ്രമിച്ച ചാനല്‍ ക്യാമറാമാനെ കരാറുകാര്‍ കൈയേറ്റത്തിന് ശ്രമിച്ചു. സെന്ററില്‍ ഒമ്പത് ഡയാലിസിസ് യന്ത്രങ്ങളാണ് സ്ഥാപിച്ചിരുന്നത്. ഡയാലിസിസ് യൂണിറ്റ് കേന്ദ്രമന്ത്രി ജയറാം രമേശ് സന്ദര്‍ശിക്കുകയും ഇ ടി മുഹമ്മദ് ബഷീര്‍ എംപി അടക്കമുള്ളവരെ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ ശനിയാഴ്ച രാത്രി 11ന് തന്നെ രണ്ട് ആംബുലന്‍സില്‍ ആറ് ഉപകരണങ്ങള്‍ വയനാട്ടിലെ ഈങ്ങാപ്പുഴയിലേക്ക് കടത്തുകയായിരുന്നു. ബാക്കി മൂന്ന് ഉപകരണങ്ങള്‍ ഞായറാഴ്ച പകല്‍ 11ന് ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. ഞായറാഴ്ച പിക്കപ്പ് വാനില്‍ ഉപകരണങ്ങള്‍ കയറ്റുന്നത് ചിത്രീകരിക്കാന്‍ ശ്രമിച്ച തിരൂര്‍ തുഞ്ചന്‍ വിഷന്‍ ക്യാമറാമാന്‍ റഫീഖ് ബാവയെ കരാറുകാരന്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാരെത്തുന്നതുകണ്ട് ഉടന്‍ വാഹനവുമായി ഇവര്‍ കടന്നു. ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഉപകരണങ്ങള്‍ കടത്തിയത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

എംപി, എംഎല്‍എ, ത്രിതല പഞ്ചായത്തുകള്‍, പൊതുജനങ്ങള്‍ എന്നിവരില്‍നിന്നും 1.25 കോടി രൂപ സ്വരൂപിച്ചാണ് ജില്ലാ ആശുപത്രിയില്‍ യൂണിറ്റ് തുടങ്ങിയത്. ജര്‍മനിയില്‍നിന്നും സ്വകാര്യ ഏജന്‍സികള്‍ മുഖേനയാണ് ഉപകരണങ്ങള്‍ ആശുപത്രിയിലേക്ക് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. ഉപകരണങ്ങള്‍ സെപ്തംബര്‍ 21ന് എത്തിക്കണമെന്ന് നിര്‍ദേശിച്ചിരുന്നുവെങ്കിലും എത്താത്തതിനെ തുടര്‍ന്നാണ് വയനാട്ടില്‍നിന്നും ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍നിന്നും വാടകക്ക് എത്തിച്ചതത്രെ. ലക്ഷങ്ങള്‍ ചെലവഴിച്ച് കേന്ദ്രമന്ത്രിയെക്കൊണ്ട് ഉദ്ഘാടന മാമാങ്കവും നടത്തി. ഉദ്ഘാടന ചടങ്ങിനിടെ നിരവധി വൃക്കരോഗികളാണ് ഡയാലിസിസിന് അപേക്ഷ നല്‍കിയത്. ഒക്ടോബര്‍ 10 മുതലേ ഇവിടെ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം നടക്കൂവെന്നാണ് അധികൃതര്‍ പറയുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെയും ലീഗിന്റെയും തട്ടിപ്പിനെതിരെ കടുത്ത പ്രതിഷേധമാണ് രോഗികളിലും നാട്ടുകാരിലും.

deshabhimani

No comments:

Post a Comment