യു എസ് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ എസ് എ) യുടെ രഹസ്യ നിരീക്ഷണത്തിനു വിധേയമായ ബ്രിക്‌സ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് വെളിപ്പെടുത്തല്‍. എന്‍ എസ് എ രഹസ്യ നിരീക്ഷണ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന 'വിസില്‍ വിളിക്കാരന്‍' എഡ്വേര്‍ഡ് സ്‌നോഡന്‍ വഴി 'ഹിന്ദു' ദിനപത്രത്തിന് ലഭിച്ച അതീവ രഹസ്യരേഖകളാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
രണ്ട് പ്രമുഖ പദ്ധതികളാണ് യു എസ് രഹസ്യ നിരീക്ഷണത്തിനായി പ്രയോജനപ്പെടുത്തിവന്നത്. ടെലിഫോണ്‍ വിളികളും ഇ-മെയില്‍ സന്ദേശങ്ങളും എത്രയെണ്ണം, എവിടെ നിന്നും എവിടേക്ക് അയച്ചു എന്ന വിവരം ശേഖരിക്കുന്ന 'ബൗണ്ട്‌ലസ് ഇന്‍ഫോര്‍മെന്റ്' (അതിരുകളില്ലാത്ത വിവരദാതാവ്) എന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത് സന്ദേശങ്ങളുടെ ഉള്ളടക്കം ചാരസംഘടനയ്ക്ക് നല്‍കുന്ന 'പ്രിസം' പദ്ധതി. ഒന്നാമത്തെ പദ്ധതി ഇന്ത്യയുടെ ടെലിഫോണ്‍, ഇന്റര്‍നെറ്റ് വലക്കെട്ടുകളില്‍ നിന്നും വിവരം ശേഖരിക്കാന്‍ പ്രയോജനപ്പെടുത്തി. പ്രിസം ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫെയ്‌സ് ബുക്ക്, യാഹു, ആപ്പിള്‍, യു ട്യൂബ് തുടങ്ങി വെബ് അധിഷ്ഠിത സേവനദാതാക്കളില്‍ നിന്നുമുള്ള ഭീകരേതര വിവരങ്ങള്‍ ചോര്‍ത്താനാണ് പ്രയോജനപ്പെടുത്തിയത്.
മേല്‍ വിവരിച്ച പദ്ധതികളുപയോഗിച്ച് 2013 മാര്‍ച്ച് മാസത്തില്‍ മാത്രം യു എസ് ചാരസംഘടന ഇന്ത്യയില്‍ നിന്നും 13.5 ലക്ഷം കോടി വിവരങ്ങള്‍ സമാഹരിച്ചിരുന്നു. ഇത്തരത്തില്‍ വിപുലമായ വിവര സമാഹരണത്തിന് എന്‍ എസ് എയ്ക്ക് ഇന്ത്യന്‍ ടെലികോം കമ്പനികളുടെ സഹകരണം കൂടാതെ കഴിയില്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ശേഖരിക്കുന്ന ഇലക്‌ട്രോണിക് നിരീക്ഷണരേഖകള്‍ 'സിഗ്‌നെറ്റ്' (സിഗ്‌നല്‍ ഇന്റലിജന്‍സ്) ജി എം-പ്‌ളേസ് എന്ന എന്‍ എസ് എ ആര്‍ക്കൈവുകളില്‍ സൂക്ഷിക്കുന്നു. 504 വ്യത്യസ്ഥ സ്രോതസുകളില്‍ നിന്നും ഇത്തരത്തില്‍ വിവരം ശേഖരിച്ചുവരുന്നതായി സ്‌നോഡന്‍ രേഖകള്‍ വെളിപ്പെടുത്തുന്നതായി 'ഹിന്ദു' പറയുന്നു. 2013 മാര്‍ച്ച് മാസത്തില്‍ ശേഖരിച്ച വിവരങ്ങളില്‍ 6.3 ലക്ഷം കോടി ഇന്ത്യയിലെ ഇന്റര്‍നെറ്റ് വലക്കെട്ടില്‍ നിന്നും 6.2 ലക്ഷം കോടി ഇന്ത്യന്‍ ടെലിഫോണ്‍ ശൃംഖലയില്‍ നിന്നുമാണ്.
എന്‍ എസ് എ ശേഖരിച്ച വിവരങ്ങളില്‍ നിന്നും നിരീക്ഷണ വിധേയരാവുന്നവരുടെ തൊഴില്‍പരവും വ്യക്തിഗതവുമായ ജീവിതം സൃഷ്ടിച്ചെടുക്കാന്‍ ചാരസംഘടനയ്ക്ക് കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു. ഫോണ്‍ ചെയ്യുന്ന ആള്‍, അത് ലഭിക്കുന്ന ആള്‍, അത്തരം ഫോണ്‍ നമ്പറുകള്‍, ആ ഫോണുകളുടെ സവിശഷ ക്രമനമ്പര്‍, സംഭാഷണ ദൈര്‍ഘ്യം, ഫോണ്‍ ചെയ്തതും ലഭിച്ചതുമായ സ്ഥലം, സമയം എന്നിവയെല്ലാം ചാരസംഘടനയ്ക്ക് നിര്‍ണയിക്കാനാവും. ഇക്കാര്യങ്ങള്‍ ഇ-മെയില്‍ സന്ദേശങ്ങള്‍ക്കും ബാധകമാണ്. ഇവ ഇന്ത്യക്കകത്തും രാജ്യത്തിന് പുറത്തേക്കുമുള്ള ഫോണ്‍വിളികള്‍ക്കും സന്ദേശങ്ങള്‍ക്കും ബാധകമാണ്. പുറത്തു വന്നിട്ടുള്ള വിവരങ്ങള്‍, ലഭ്യമായതിനേക്കാള്‍ അതിബൃഹത്തായ നിരീക്ഷണ സംവിധാനത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
സ്‌നോഡന്‍ രേഖകളില്‍ നിന്ന് വ്യക്തമാകുന്നത് എന്‍ എസ് എയുടെ ഈ ആഗോള പ്രാപ്യതാ പരിപാടിയുടെ (ഗ്‌ളോബല്‍ ആക്‌സസ് ഓപ്പറേഷന്‍) രാപ്പകല്‍ ഭേദമന്യേ, നിദ്രാവിഹീനമായ പ്രവര്‍ത്തനക്ഷമതയാണ്. ശേഖരിച്ച വിവരം സംബന്ധിച്ച 'ആഗോള താപ ഭൂപട'ത്തിലെ വര്‍ണരേഖ (കളര്‍കോഡ്) അനുസരിച്ച് ബ്രിക്‌സ് രാജ്യങ്ങളില്‍പ്പെട്ട ബ്രസീല്‍, റഷ്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീരാജ്യങ്ങളെക്കാള്‍ സമഗ്ര നിരീക്ഷണത്തിനു വിധേയമായ രാജ്യമാണ് അമേരിക്കയുടെ സുഹൃദ് രാഷ്ട്രമായി കണക്കാക്കപ്പെടുന്ന ഇന്ത്യ. ആ രാജ്യങ്ങളെ പച്ച-മഞ്ഞനിറം കൊണ്ട് താപ ഭൂപടത്തില്‍ അടയാളപ്പെടുത്തിയിരിക്കെ ഇന്ത്യയെ ഓറഞ്ച്, ചുവപ്പ് നിറങ്ങളിലാണ് രേഖപ്പെടുത്തിരിക്കുന്നത്. അത് സൂചിപ്പിക്കുന്നത് അതിവിപുലമായ ചാരനിരീക്ഷണമാണ്.
യു എസ് ചാരനിരീക്ഷണം ഇന്ത്യ നിസാരവല്‍ക്കരിക്കുന്നു
രാജ്യത്തെ അനേകലക്ഷം കോടി കണക്കിന് ടെലിഫോണുകളും ഇ-മെയിലുകളും ചോര്‍ത്തിയ യു എസിന്റെയും അവരുടെ ചാര സംഘടനയായ ദേശീയ സുരക്ഷാ ഏജന്‍സിയുടെയും നടപടികളെ നിസാരവല്‍ക്കരിക്കാനാണ് ഇന്ത്യന്‍ അധികൃതരുടെ ശ്രമം. ''അത് യഥാര്‍ഥത്തില്‍ അത്തരത്തിലുള്ളൊരു ഒളിച്ചു നോട്ടമല്ല'' എന്ന് യു എസ് നടപടിയെ ന്യായീകരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്.
യു എസ് ചാരസംഘടന സമാഹരിച്ച വിവരങ്ങളുടെ ബാഹുല്യം ഇന്ത്യാഗവണ്‍മെന്റിലെ ഉന്നതരുടെയും ടെലിഫോണ്‍ കമ്പനികളുടെയും ഇന്റര്‍നെറ്റ് സേവനദാതാക്കളുടെയും സജീവ പിന്തുണയും സഹകരണവും കൂടാതെ സാധ്യമല്ലെന്നാണ് അഭിജ്ഞ വൃത്തങ്ങള്‍ കരുതുന്നത്.യു എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് കഴിഞ്ഞ ജൂണില്‍ ഇന്ത്യ - യു എസ് തന്ത്രപ്രധാന പങ്കാളിത്ത ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ഇന്ത്യ ഈ വിഷയം ഉന്നയിക്കുകയുണ്ടായി.
'ഉള്ളടക്കം ആവശ്യപ്പെടുകയോ ലഭിക്കുകയോ ഉണ്ടായിട്ടില്ലെ'ന്ന കെറിയുടെ വിശദീകരണത്തില്‍ ഇന്ത്യ തൃപ്തിയടയുകയായിരുന്നു.സമാനമായ ചാരനിരീക്ഷണത്തിന് വിധേയമായ ബ്രസില്‍ യു എസിനെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുകയുണ്ടായി. ബ്രസിലിന്റെ ദേശീയ എണ്ണ നിക്ഷേപത്തെപ്പറ്റിയും അവയുടെ ആഗോളലേലത്തെപ്പറ്റിയുമുള്ള തന്ത്രപ്രധാന വിവരങ്ങള്‍ പോലും യു എസ് കവര്‍ന്നെടുത്തതായി വ്യക്തമായിരുന്നു.
janayugom
No comments:
Post a Comment