Friday, September 27, 2013

സുതാര്യതയില്ലാത്ത സര്‍ക്കാരിന് നിലനില്‍പ്പില്ല: ചെന്നിത്തല

സുതാര്യതയില്ലാത്ത സര്‍ക്കാറിന് നിലനില്‍പ്പില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഒന്നും മറച്ചുവെച്ച് ഭരിക്കാനാകില്ലെന്ന് ഭരണാധികാരികള്‍ മനസിലാക്കണമെന്നും എത്ര മൂടിവെച്ചാലും സത്യം ഒരു ദിവസം പുറത്തുവരുമെന്നും ചെന്നിത്തല പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തല്‍ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസില്‍ ഉമ്മന്‍ചാണ്ടിയും ഓഫീസും പ്രതിക്കൂട്ടില്‍നില്‍ക്കുന്ന സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്റിന്റെ ഒളിയമ്പ്.

സുതാര്യതയുടെ കാലമാണിപ്പോള്‍. ആര്‍ക്കും ഒന്നും മറച്ചുവെയ്ക്കാനാകില്ല. വിവരാവകാശനിയമം കാര്യക്ഷമമായ ഈ കാലത്ത് സത്യം ഇന്നല്ലെങ്കില്‍ നാളെ പുറത്തുവരും. സത്യം കുടത്തിലെ വിളക്കുപോലെയാണ്. വലിയ അഴിമതികള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരികയാണ്. അത് തമസ്കരിക്കാനാകാത്ത നിലയിലാണ് ഇപ്പോള്‍ സമൂഹം നിലനില്‍ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. സ്വര്‍ണ കള്ളക്കടത്തുകാരന്‍ ഫയാസിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണം പാര്‍ടി ഗൗരവത്തോടെയാണ് കാണുന്നതെന്ന് രമേശ് ചെന്നിത്തല നെയ്യാര്‍ ഡാമില്‍ രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവം സമഗ്രമായി അന്വേഷിച്ച് വസ്തുതകള്‍ പുറത്തുകൊണ്ടുവരണം. തീവ്രവാദിബന്ധവും അന്വേഷിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരുമായി ഫയാസ് ഫോണില്‍ സംസാരിച്ചിട്ടുണ്ടോ ഇല്ലയോ എന്നൊന്നും തനിക്ക് അറിയില്ല. ഓഫീസില്‍ പൊളിച്ചെഴുത്ത് വേണമോ എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. വിവിധ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ നാല് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഉയരുന്ന ആരോപണങ്ങള്‍ പാര്‍ടിയെയും കാര്യമായി ബാധിക്കുന്നുണ്ട്. കോണ്‍ഗ്രസ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതില്‍ പാര്‍ടി ഇടപെടാറില്ല. എന്നാല്‍, ഇനിമുതല്‍ പാര്‍ടിയുടെ കൂടുതല്‍ ശ്രദ്ധ ഇക്കാര്യത്തിലുണ്ടാകും. സമീപകാലത്ത് സ്വര്‍ണക്കടത്തും മനുഷ്യക്കടത്തും വര്‍ധിക്കുന്നതായാണ് വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി കള്ളക്കടത്ത് വ്യാപകമാണ്. ഇത്തരം കേസുകളില്‍ അന്വേഷണത്തിന് സംസ്ഥാന പൊലീസിന് പരിമിതിയുണ്ട്. ഏത് ഏജന്‍സിയാണ് അന്വേഷിക്കേണ്ടതെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

സമഗ്രവും വിശ്വാസയോഗ്യവുമായ അന്വേഷണം വേണം: ചെന്നിത്തല

നെയ്യാര്‍: കേരളത്തിലെ രാജ്യാന്തര വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്തും മനുഷ്യക്കടത്തും നടക്കുന്നതായുള്ള വാര്‍ത്ത അതീവ ഗൗരവമുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. സമീപകാലത്ത് ഇത്തരം സംഭവങ്ങള്‍ കൂടുന്നതായാണ് വാര്‍ത്തകള്‍ വരുന്നത്. ഇത് സംബന്ധിച്ച് സമഗ്രവും വിശ്വാസയോഗ്യവുമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. നെയ്യാറില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു ചെന്നിത്തല.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതിയ്ക്ക് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായി ബന്ധമുണ്ടെന്ന വാര്‍ത്തയെപ്പറ്റി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. അത് അന്വേഷിക്കുകതന്നെ ചെയ്യും. ഫോണ്‍ ചെയ്തത് കൊണ്ട് മാത്രം ആരും കുറ്റക്കാരനാകില്ല. വിവിധ ആരോപണങ്ങളിലായി മുഖ്യമന്ത്രിയുടെ ഓഫീസിലെ നാല് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതില്‍ പാര്‍ട്ടി ഇടപെടാറില്ല. എന്നാല്‍ ഇനിമുതല്‍ സ്റ്റാഫിനെ നിയമിക്കുന്നതില്‍ പാര്‍ട്ടി കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

29നാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷ കേരളത്തിലെത്തുന്നത്. സാധാരണ കോണ്‍ഗ്രസ് അധ്യക്ഷയും പ്രധാനമന്ത്രിയും കേരളത്തിലെത്തിയാല്‍ യുഡിഎഫിലെ ഘടകകക്ഷികളുമായി ചര്‍ച്ച നടത്താറുണ്ട്. ഇത്തവണയും അതുണ്ടാകും. സോണിയ ഗാന്ധിയുടെ സന്ദര്‍ശനത്തോടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ കൂടുതല്‍ സജീവമാകും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ശുഭാപ്തി വിശ്വാസത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് എന്‍ഐഎക്ക് വിടാനാവില്ല: തിരുവഞ്ചൂര്‍

സ്വര്‍ണ്ണക്കടത്ത് കേസ് സംസ്ഥാനത്തിന് നേരിട്ട് എന്‍ഐഎക്ക് കൈമാറാനാവില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇപ്പോള്‍ കസ്റ്റംസാണ് കേസ് അന്വേഷിക്കുന്നത്. കേസ് എന്‍ഐഎക്ക് വിടണമെന്ന് ആവശ്യപ്പെട്ട് രാവിലെ ചിഫ് വിപ്പ് പി സി ജോര്‍ജ് തിരുവഞ്ചൂരിന് കത്ത് നല്‍കിയിരുന്നു. അതേസമയം സ്വര്‍ണ്ണക്കടത്ത് കേസ് കോണഗ്രസിന്റെ പ്രതിഛായയെ ബാധിച്ചിട്ടില്ലെന്നും തിരുവഞ്ചര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment