സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ക്ഷേമപദ്ധതിയായി കൊട്ടിഘോഷിച്ച് സോണിയ ഗാന്ധിയെക്കൊണ്ട് ഉദ്ഘാടനംചെയ്യിച്ച ആരോഗ്യ കിരണ്‍ പദ്ധതിയാണ് ഇതിലൊന്ന്. 2010 മാര്‍ച്ചില്‍ എല്‍ഡിഎഫ് ഭരണകാലത്ത് തുടങ്ങിയ "താലോലം" പദ്ധതിയാണ് പേരുമാറ്റി "ആരോഗ്യ കിരണ്‍" എന്നാക്കിയത്. 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യചികിസ ഉറപ്പാക്കുന്നതായിരുന്നു താലോലംപദ്ധതി. താലോലംപദ്ധതിയിലൂടെ മൂന്നരവര്‍ഷത്തിനുള്ളില്‍ 6607 കുട്ടികള്‍ക്ക് 15.28 കോടിയിലേറെ രൂപയാണ് നല്‍കിയത്. ഈ പദ്ധതി തുടരുന്നതിനാവശ്യമായ ഫണ്ട് ഇപ്പോഴും തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലുണ്ട്. സാമൂഹ്യനീതിവകുപ്പിനു കീഴില്‍ അന്നത്തെ മന്ത്രി പി കെ ശ്രീമതിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേനയാണ് പദ്ധതി തുടങ്ങിയത്. ആദ്യം സൗജന്യ ക്യാന്‍സര്‍ ചികിത്സമാത്രമായിരുന്നു. 2010 മാര്‍ച്ചില്‍ ഈ പദ്ധതി "താലോലം" എന്ന പേരില്‍ വിപുലീകരിച്ചു. രാജ്യത്തിനാകെ മാതൃകയായി ഈ പദ്ധതി തുടരുകയാണ്.
ഇതിനിടയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലോലം എന്ന പേരുമാറ്റി. അന്ന് ഉമ്മന്‍ചാണ്ടി പദ്ധതി വീണ്ടും ഉദ്ഘാടനംചെയ്തു. ഇതാണിപ്പോള്‍ സോണിയ ഗാന്ധി ഒരിക്കല്‍ക്കൂടി ഉദ്ഘാടനംചെയ്തത്. ഇക്കാര്യം ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പേരിനുപോലും നിഷേധിക്കാന്‍ വകുപ്പുമന്ത്രിക്കോ വകുപ്പിനോ ആയില്ല. സാധാരണനിലയില്‍ ദേശീയനേതാക്കള്‍ വരുമ്പോള്‍ വകുപ്പുമന്ത്രി വാര്‍ത്താസമ്മേളനം നടത്തി പദ്ധതിയുടെ മേന്മ പറയാറുണ്ട്. ഇവിടെ ചോദ്യങ്ങള്‍ ഭയന്ന് അതുപോലും ഉണ്ടായില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ജെന്‍റിക് മരുന്ന് സൗജന്യമായി നല്‍കുന്നുവെന്ന തട്ടിപ്പുപദ്ധതിയും സര്‍ക്കാര്‍ പറയുന്നുണ്ട്. വര്‍ഷങ്ങളായി സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായിത്തന്നെയാണ് മരുന്ന് നല്‍കുന്നത്. എല്‍ഡിഎഫ് ഭരണകാലത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ രൂപീകരിച്ച് ഈ മരുന്നുവിതരണം കാര്യക്ഷമമാക്കി. ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നുകള്‍ എത്തിക്കുകയുംചെയ്തു. അവശ്യമരുന്നുകളുടെ പട്ടികയില്‍പ്പെടാത്ത ചുരുക്കം ചില മരുന്നുകള്‍ മാത്രമാണ് പുറമെനിന്ന് വാങ്ങേണ്ടിവരുന്നത്. ഈ മരുന്നുകള്‍ എഴുതുമ്പോള്‍ രാസനാമത്തില്‍ (ജെന്‍റിക്) എഴുതാനുള്ള നിര്‍ദേശം മുമ്പുമുണ്ടായിരുന്നു. അത് നടപ്പാക്കുകമാത്രമാണ് ചെയ്യേണ്ടത്. അതിനുപകരം സര്‍ക്കാര്‍ ആശുപത്രിയില്‍ പൂര്‍ണമായും ജെന്‍റിക് ആക്കുന്നുവെന്നും എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്നും പറയുന്നത് നിലവിലുള്ള സംവിധാനംതന്നെയാണ്. ഇതും മറച്ചുവച്ചാണ് ജനങ്ങളെ പറ്റിക്കുന്നത്.
സോണിയ ഉദ്ഘാടനംചെയ്ത "ഭൂരഹിതരില്ലാത്ത കേരളം" പദ്ധതി രാഷ്ട്രീയലാഭംമാത്രം ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ മറ്റൊരു തട്ടിപ്പാണ്. ഒരു ലക്ഷം ഭൂരഹിതര്‍ക്ക് മൂന്നുസെന്റ് ഭൂമിയുടെ രേഖ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. രേഖ നല്‍കുന്ന ഭൂമി എവിടെയെന്ന് വ്യക്തമായി നിര്‍ണയിക്കുകപോലും ചെയ്തിട്ടില്ല. വിതരണത്തിന് പ്ലോട്ട് തിരിച്ചത് നാമമാത്രമായ ഏക്കറില്‍ മാത്രമാണ്. ഈ ഭൂമിയാകട്ടെ, മുന്‍ സര്‍ക്കാരിന്റെ കാലത്ത് ലാന്‍ഡ് ബാങ്കില്‍ നിക്ഷേപിച്ചതാണ്. അത് മൂന്നുസെന്റായി വെട്ടിമുറിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ കൈയേറ്റക്കാരില്‍നിന്ന് പിടിച്ചെടുത്തതും പുറമ്പോക്കുകള്‍ വീണ്ടെടുത്തതും റവന്യൂറിക്കവറിയിലൂടെ പിടിച്ചെടുത്തതുമായ സ്ഥലങ്ങളാണ് ലാന്‍ഡ് ബാങ്കില്‍ നിക്ഷേപിച്ചത്. ലാന്‍ഡ് ബാങ്കില്‍ നിക്ഷേപിച്ചവയില്‍ വാസയോഗ്യമല്ലാത്ത ഭൂമി ഏറെയുണ്ട്. മാത്രമല്ല, സര്‍ക്കാര്‍ പിടിച്ചെടുത്തശേഷം കേസുള്ള ഭൂമിയുമുണ്ട്. ചിലയിടങ്ങളില്‍ ഭരണമാറ്റത്തോടെ കൈയേറ്റക്കാര്‍ വീണ്ടും വരുതിയിലാക്കിയ സ്ഥലങ്ങളുണ്ട്. ഇവയൊന്നും ഫീല്‍ഡ് പരിശോധനയിലൂടെ മനസ്സിലാക്കാതെയാണ് പലര്‍ക്കും രേഖ നല്‍കിയത്. എല്ലാവര്‍ക്കും ഭൂമി നല്‍കി കേരളത്തെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കാനുള്ള യജ്ഞത്തിന് തുടക്കമിട്ടത് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരാണ്. സംസ്ഥാനത്ത് 120 പട്ടയമേള സംഘടിപ്പിച്ച് 2,60,000 കുടുംബത്തെയാണ് മണ്ണിന്റെ ഉടമകളാക്കിയത്. പദ്ധതി വേഗത്തില്‍ തുടരുമ്പോഴായിരുന്നു ഭരണമാറ്റം. ഇതോടെ പദ്ധതി അട്ടിമറിക്കപ്പെട്ടു. ഇതിനെതിരെയാണ് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും സമരംതുടങ്ങിയത്. സമരം ഒത്തുതീര്‍ന്നപ്പോള്‍ എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആ പ്രഖ്യാപനം നടപ്പാക്കുന്നതിനുപകരം തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നാടകം കളിക്കുകയാണിപ്പോള്‍. യുഡിഎഫ് സര്‍ക്കാര്‍തന്നെ വലിയൊരു നാടകമാണെന്നിരിക്കെ അതിന്റെ നിലനില്‍പ്പിന് ഇത്തരം ഉപനാടകങ്ങളുണ്ടാകുന്നതില്‍ അതിശയമില്ല. സ്വന്തം പാര്‍ടിയുടെ പരമോന്നത നേതാവിനെത്തന്നെ കൊണ്ടുവന്ന് ഈ പൊറാട്ടുനാടകത്തില്‍ വേഷമണിയിക്കേണ്ടതുണ്ടായിരുന്നോ എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിന്തിക്കട്ടെ. ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ സഹികെട്ട കേരളീയരുടെ കണ്ണില്‍ പൊടിയിടാന്‍ ഈ നാടകം മതിയാകില്ല എന്നുമാത്രം ഓര്‍മിപ്പിക്കുന്നു.
deshabhimani editorial 011013
No comments:
Post a Comment