Tuesday, October 1, 2013

പെയ്തൊഴിഞ്ഞു; മുപ്പതാണ്ടിനിടയിലെ പെരുമഴ

ശരാശരിയേക്കാള്‍ 30 ശതമാനം അധിക മഴ രേഖപ്പെടുത്തി കേരളത്തില്‍ കാലവര്‍ഷം (തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍) പെയ്തൊഴിഞ്ഞു. മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ വകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയുടെ കാലാവസ്ഥാ പഠനകേന്ദ്രവും രേഖപ്പെടുത്തി. ഇപ്പോഴും ഇടവിട്ട് തുടരുന്ന മഴ ഒക്ടോബര്‍ ഒന്നുമുതല്‍ തുലാവര്‍ഷത്തിന്റെ കണക്കിലാവും. തുലാവര്‍ഷം ഒക്ടോബര്‍ രണ്ടാം വാരം തുടങ്ങുമെന്നാണ് പ്രതീക്ഷ. ജൂണ്‍ ഒന്നുമുതല്‍ സെപ്തംബര്‍ 30 വരെയാണ് മണ്‍സൂണ്‍ കാലം. സംസ്ഥാനത്ത് ശരാശരി 1925 മില്ലീമീറ്റര്‍ മഴയാണ് ഇക്കാലയളവില്‍ ലഭിക്കേണ്ടത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഇക്കുറി 2580 മില്ലീമീറ്റര്‍ മഴ ലഭിച്ചു. ശരാശരിയേക്കാള്‍ 30 ശതമാനം കൂടുതല്‍. കാര്‍ഷിക സര്‍വകലാശാലയില്‍ 29 ശതമാനം അധികമഴ രേഖപ്പെടുത്തി.

ഓരോമാസവും കിട്ടിയ മഴയുടെ കണക്ക്: ജൂണ്‍- 977 മില്ലീമീറ്റര്‍ (ശരാശരി കിട്ടേണ്ടത് 686), ജൂലൈ-897 (684), ആഗസ്ത്-367 (326), സെപ്തംബര്‍-323 (230). ശരാശരിയേക്കാള്‍ 42 ശതമാനം മഴ കൂടുതല്‍ പെയ്ത ജൂണ്‍, ജൂലൈ മാസങ്ങളില്‍ സംസ്ഥാനത്തുടനീളം കനത്ത നാശം വിതച്ചു. ആഗസ്തില്‍ രണ്ടാഴ്ചയോളം മഴ കുറവായിരുന്നു. ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെ കാലവര്‍ഷം സജീവമായിരുന്നു. 2013ല്‍

എല്ലാ ജില്ലകളിലും ശരാശരിയേക്കാള്‍ ഉയര്‍ന്ന മഴ കിട്ടി. കൂടുതല്‍ ലഭിച്ചത് ഇടുക്കി ജില്ലയില്‍-3334 മില്ലീമീറ്റര്‍ (ശരാശരിയേക്കാള്‍ 51 ശതമാനം കൂടുതല്‍). കുറഞ്ഞ മഴ കാസര്‍കോടും (3090) വയനാടു (2686)മായിരുന്നു-നാലുശതമാനം വീതം കൂടുതല്‍. മറ്റുജില്ലകളില്‍ അധികം ലഭിച്ച മഴ മില്ലീമീറ്റര്‍ കണക്കില്‍. ബ്രാക്കറ്റില്‍ കൂടുതല്‍ ലഭിച്ചത് ശതമാനക്കണക്കില്‍. തൃശൂര്‍-2447 (15), ആലപ്പുഴ- 2107 (25), എറണാകുളം- 2765 (38), കണ്ണൂര്‍-3435 (31), കൊല്ലം-1776 (38), കോട്ടയം-2578 (40), കോഴിക്കോട്-3161 (24), മലപ്പുറം-2667 (33), പാലക്കാട്-2085 (36), പത്തനംതിട്ട-1928 (17), തിരുവനന്തപുരം-1106 (15).

ഇതിനുമുമ്പ് 2007ലാണ് കാലവര്‍ഷം ഇതുപോലെ ശക്തമായത്. 2471 മില്ലീമീറ്റര്‍ മഴ പെയ്തപ്പോള്‍ ശരാശരിയേക്കാള്‍ 28.4 ശതമാനം കൂടുതല്‍ രേഖപ്പെടുത്തി. 1981ലായിരുന്നു മൂന്നു പതിറ്റാണ്ടിനിടയിലെ ശക്തമായ മഴ. ശരാശരിയേക്കാള്‍ 31.2 ശതമാനം രേഖപ്പെടുത്തി. പോയ നൂറ്റാണ്ടിനിടയില്‍ മഴ കൂടുതല്‍ കിട്ടിയത് 1921ലാണ്-3115 മില്ലീമീറ്റര്‍. ശരാശരിയേക്കാള്‍ 61.8 ശതമാനം കൂടുതല്‍. 1968ല്‍ 35.5 ശതമാനവും 1975ല്‍ 31 ശതമാനവും അധിക മഴ കിട്ടിയിരുന്നു. ഏറ്റവും ദുര്‍ബലമായ കാലവര്‍ഷമായിരുന്നു 2012ല്‍. കിട്ടിയത് 1535.9 മില്ലീമീറ്റര്‍ മാത്രം. തുലാവര്‍ഷം ശക്തിപ്പെട്ടുവരുന്നതായാണ് ദീര്‍ഘകാല പ്രവണതകള്‍ കാണിക്കുന്നത്. എന്നാല്‍ കാലവര്‍ഷം ശക്തമായതുകൊണ്ടു മാത്രം തുലാവര്‍ഷം ശക്തിപ്പെടുമെന്ന് ഉറപ്പിക്കാനാവില്ലെന്ന് കാലാവസ്ഥാ ഗവേഷകന്‍ ഡോ. സി എസ് ഗോപകുമാര്‍ പറഞ്ഞു.
(വി എം രാധാകൃഷ്ണന്‍)

deshabhimani

No comments:

Post a Comment