ദേശാഭിമാനി
കണ്ണന്‍കുട്ടിച്ചേട്ടാ... "ഇപ്പ ശരിയാക്കിത്തരാം"
കൊച്ചി: കോണ്‍ഗ്രസിന്റെ അഞ്ച് ദേശീയ സമ്മേളനത്തില്‍ പങ്കെടുത്ത കണ്ണന്‍കുട്ടിയെയും മുഖ്യമന്ത്രി കബളിപ്പിച്ചു. അന്ധനായ വൃദ്ധന്‍ എന്ന സഹതാപം വേണ്ട, കറകളഞ്ഞ ഗാന്ധിയന്‍, രണ്ടുതവണ കെപിസിസിയിലേക്ക് മത്സരിച്ചയാള്‍ എന്ന പരിഗണനപോലും നല്‍കിയില്ല. ജനസമ്പര്‍ക്കത്തിനെത്തിയ കണ്ണന്‍കുട്ടിയുടെ അപേക്ഷയില്‍ നിയമപ്രകാരം ഒന്നും ചെയ്യാനാവില്ലെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി പറഞ്ഞു: ശരിയാക്കിത്തരാം. വിടാക്കുഴയിലെ മറ്റാരുമില്ലാത്ത വീട്ടില്‍ ഈ പാവം ഇനി ആ "സഹായം" പ്രതീക്ഷിച്ച് എത്രനാള്‍ കഴിയേണ്ടിവരും.
വിടാക്കുഴ നമ്പാട്ടില്‍ വീട്ടില്‍ എന്‍ എ കണ്ണന്‍കുട്ടി മകളുടെ വിവാഹത്തിനുവന്ന കടം തീര്‍ക്കാന്‍ സഹകരണബാങ്കില്‍നിന്ന് മൂന്ന് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കുടിശ്ശികയായതിനെത്തുടര്‍ന്ന് തന്റെ അഞ്ചുസെന്റില്‍ നിന്ന് രണ്ടുസെന്റ് വിറ്റ് പലിശയടക്കം 4.08 ലക്ഷം തിരിച്ചടച്ചു. ജീവിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ പലിശ ഇനത്തില്‍ അടച്ച ഒരുലക്ഷം തിരികെ ലഭ്യമാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിപ്രകാരം അടച്ച പലിശ മടക്കി നല്‍കാനാവില്ല. ഇതറിയാവുന്ന മുഖ്യമന്ത്രി പക്ഷെ, കൈവിട്ടില്ല: ""ശരിയാക്കിത്തരാം""! അടുത്തിരുന്ന ഉദ്യോഗസ്ഥനോട് ബാങ്കിലേക്ക് ഒരു അപേക്ഷ അയക്കാനും മുഖ്യമന്ത്രി തട്ടിവിട്ടു. പ്രതീക്ഷയോടെ കണ്ണന്‍കുട്ടി വേദിയില്‍ നിന്നു. പലിശതിരിച്ചുകൊടുക്കല്‍ നടക്കില്ലെന്നറിഞ്ഞാവണം അന്‍വര്‍ സാദത്ത് എംഎല്‍എ അടുത്തെത്തി പറഞ്ഞു: "" അപേക്ഷ നല്‍കിയാല്‍ ചികിത്സാസഹായം നല്‍കാം."" ചികിത്സാസഹായത്തിനല്ല താന്‍ വന്നതെന്ന് കണ്ണന്‍കുട്ടി തുറന്നടിച്ചു. പലിശയുടെ കാര്യത്തില്‍ വേറെ അപേക്ഷ വേണ്ടെന്ന് അറിയിച്ചതോടെ കണ്ണന്‍കുട്ടി വേദിയില്‍നിന്ന് ഇറങ്ങി. മൂന്നാംവയസില്‍ രോഗം ബാധിച്ച് പൂര്‍ണമായി കാഴ്ച നഷ്ടപ്പെട്ട കണ്ണന്‍കുട്ടി 72ല്‍ അന്നത്തെ പ്രബലനായ കെ മുഹമ്മദാലിയോട് കെപിസിസി തെരഞ്ഞെടുപ്പില്‍ രണ്ട് വോട്ടിനാണ് പരാജയപ്പെട്ടത്. 92ല്‍ ജമാല്‍ മണക്കാടനോടും മത്സരിച്ചു. ഗാന്ധിയും കോണ്‍ഗ്രസുമാണ് ഇദ്ദേഹത്തിന്റെ ജീവിതമന്ത്രം. കാഴ്ചയില്ലെങ്കിലും ഏറെ ബുദ്ധിമുട്ടി കോണ്‍ഗ്രസിന്റെ കൊല്‍ക്കത്ത, സൂറത്ത്, ബിഹാര്‍, ബംഗളൂരു, തിരുപ്പതി എഐസിസി സമ്മേളനങ്ങളില്‍പങ്കെടുത്തു. അത്തരം പാരമ്പര്യമുള്ള കണ്ണന്‍കുട്ടിക്ക് സ്റ്റേജിലെത്തി മുഖ്യമന്ത്രിക്ക് പരാതിനല്‍കാന്‍ ഒരു മണിക്കൂര്‍ കാത്തുനില്‍ക്കേണ്ടി വന്നു.
ആദ്യം ഉമ്മന്‍ചാണ്ടിക്കുമുന്നില്‍ എത്തിയ ഇദ്ദേഹത്തെ ആരോ മടക്കിഅയച്ചു. വീണ്ടും മറ്റാരോ തള്ളി മുഖ്യമന്ത്രിയുടെ മുന്നിലെത്തിച്ചു. തലഉയര്‍ത്താത്ത മുഖ്യമന്ത്രിക്ക് തൊട്ടുമുന്നില്‍ ഏതാണ്ട് 20 മിനിറ്റോളം നിന്നു. പരാതി എഴുതി നല്‍കാനെന്നപേരില്‍ പിന്നെയും അരമണിക്കൂര്‍. വേദിയിലെ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരോട് തിരക്കിയപ്പോള്‍ അവര്‍ രഹസ്യമായി പറഞ്ഞു: "അതൊന്നും നടക്കില്ല. പലിശ തിരിച്ചുകൊടുക്കാന്‍ പുതിയ നിയമനിര്‍മാണം തന്നെ വേണം." പിന്നെ മുഖ്യമന്ത്രി ""ശരിയാക്കിത്തരാം"" എന്നു പറഞ്ഞതോ? ""മുഖ്യമന്ത്രി പറഞ്ഞതല്ലേ നമുക്ക് ശ്രമിച്ചുനോക്കാം"" -ഉടനെ ഉദ്യോഗസ്ഥരുടെ മറുപടിയും.
ഷഫീഖ് അമരാവതി
No comments:
Post a Comment