സംസ്ഥാനത്തെ എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് അടുത്ത മാസം മുതല്‍ ഗോതമ്പ് ലഭിക്കില്ല. ഇടക്കാലവിഹിതം നിലച്ചതിനെ തുടര്‍ന്ന് ബിപിഎല്‍ കാര്‍ഡുകാര്‍ക്കുള്ള അരിവിഹിതം 18 കിലോയായും കുറഞ്ഞു. അന്ത്യോദയ അന്നയോജന(എഎവൈ) അരിയുടെ സ്റ്റോക്ക് ഇല്ലാതായതിനെ തുടര്‍ന്ന് അതിദരിദ്ര വിഭാഗങ്ങള്‍ക്കുള്ള റേഷന്‍ വിതരണവും അടുത്ത മാസം മുതല്‍ അനിശ്ചിതത്വത്തിലാകും. ഗോതമ്പ് വിഹിതം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്നാണ് എപിഎല്‍ കുടുംബങ്ങള്‍ക്ക് റേഷന്‍ ഗോതമ്പ് നല്‍കേണ്ടെന്ന് തീരുമാനിച്ചത്. ഈ നടപടി സ്വകാര്യ മില്ലുകാരെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
ഗോതമ്പിന് പകരം അരി നല്‍കുമെന്ന് കേന്ദ്രം അറിയിച്ചെങ്കിലും അതിനുള്ള സ്റ്റോക്ക് അനുവദിച്ചിട്ടില്ല. കേന്ദ്രം വെട്ടിക്കുറച്ച വിഹിതം പുനഃസ്ഥാപിക്കാത്തതിനെ തുടര്‍ന്ന് ബിപിഎല്‍ അരിയുടെ അളവ് കുത്തനെ കുറഞ്ഞു. കാര്‍ഡിന് 25 കിലോ അരി നല്‍കിയിരുന്ന സ്ഥാനത്ത് ഈ മാസം വിതരണം ചെയ്യുന്നത് 18 കിലോ മാത്രമാണ്. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ 25567 ടണ്‍ അരിയാണ് കേന്ദ്രം തരുന്നത്. ഇടക്കാലവിഹിതമായി പ്രതിമാസം ലഭിച്ചിരുന്ന 7000 ടണ്‍കൂടി ഉപയോഗിച്ച് 25 കിലോ വീതം കാര്‍ഡുടമകള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ഏപ്രിലില്‍ ഇടക്കാലവിഹിതം നിലച്ചു. അന്ത്യോദയ പദ്ധതിയുടെ അരിയെടുത്ത് കഴിഞ്ഞ അഞ്ചുമാസം ബിപിഎല്ലുകാര്‍ക്ക് വിതരണം ചെയ്തു. ഇപ്പോള്‍ എഎവൈ പദ്ധതിയിലും അരി സ്റ്റോക്കില്ലാതായി. ഇതോടെയാണ് ബിപിഎല്ലുകാരുടെ വിഹിതം 18 കിലോയാക്കിയത്. എഎവൈ കാര്‍ഡുകാരുടെ വാര്‍ഷികവിഹിതം ഇല്ലാതായത് അടുത്ത മാസം മുതല്‍ ദരിദ്ര ജനവിഭാഗങ്ങള്‍ക്കുള്ള റേഷന്‍ വിതരണത്തെയും പ്രതിസന്ധിയിലാക്കും.
പച്ചക്കറി കൈ പൊള്ളിക്കുന്നു
തിരു: സംസ്ഥാനത്ത് പച്ചക്കറിക്ക് കൈപൊള്ളുന്ന വില. വിവിധ ജില്ലയില്‍ വിവിധ വിലയാണ്. ചെറിയ ഉള്ളിക്കും സവാളയ്ക്കും മണിക്കൂറ് ഇടവിട്ടാണ് വില കുതിക്കുന്നത്. ഇവ കിട്ടാനുമില്ല. വിലക്കയറ്റത്തില്‍ ജനം നെട്ടോട്ടമോടുമ്പോള്‍ സര്‍ക്കാര്‍സംവിധാനങ്ങള്‍ കാഴ്ചക്കാരാകുന്നു. ബദല്‍ സംവിധാനമൊരുക്കാന്‍ സര്‍ക്കാരിനോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ കഴിയുന്നില്ല. സവാളയുടെ വില കുതിച്ചുയര്‍ന്നു. 75 മുതല്‍ 80 രൂപവരെയാണ് ചിലയിടത്ത് ഈടാക്കുന്നത്. ലഭ്യമാകുന്ന സവാളയാകട്ടെ ഗുണനിലവാരമില്ലാത്തതും. തെക്കന്‍ ജില്ലകളില്‍ പുണെയില്‍നിന്നും വടക്കന്‍ ജില്ലകളില്‍ പൊള്ളാച്ചിയില്‍നിന്നുമുള്ള വലിയ ഉള്ളിയാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാകുന്നത്. ചെറിയ ഉള്ളിയുടെ വില തിരുവനന്തപുരം നഗരത്തില്‍ 88 രൂപവരെയായി.
ഉള്ളി കഴിഞ്ഞാല്‍ ഏറ്റവുംവലിയ വിലക്കയറ്റം മുരിങ്ങക്കായ്ക്കാണ്. മൊത്തവില കിലോക്ക് 74 രൂപയാണെങ്കില്‍ ചില്ലറവില 80 മുതല്‍ മുകളിലേക്കാണ്. ബീന്‍സിന് കഴിഞ്ഞദിവസം 22 രൂപയായിരുന്നത് 44 രൂപവരെയായി. കിലോക്ക് 30 രൂപയായിരുന്ന തക്കാളിക്ക് ഇപ്പോള്‍ 50 രൂപ. മൈസൂര്‍ തക്കാളിക്ക് 55 രൂപയാണ്. കിലോക്ക് വെണ്ടയ്ക്കയ്ക്ക് 39ഉം കാരറ്റിന് 45 രൂപയുമാണ്. കാബേജ് 16, വഴുതന 14, പയര്‍ 52, ബീന്‍സ് 40 മുതല്‍ 44 വരെ, ചീര 30, പച്ചമുളക് 22, ഇഞ്ചി 100 എന്നിങ്ങനെയാണ് മൊത്ത വിപണിയിലെ വില. പഴങ്ങളുടെ വിലയും കുതിക്കുന്നു. എല്ലാത്തരം വാഴപഴങ്ങള്‍ക്ക് കിലോക്ക് പത്തു രൂപ മുതലാണ് വര്‍ധന. ഹോട്ടല്‍ നടത്തിപ്പുകാരും വലയുന്നു. വില നിയന്ത്രണത്തിന് നടപടിയെടുക്കേണ്ട ഹോര്‍ട്ടികോര്‍പും വിഎഫ്എഫ്പിസികെയുമൊക്കെ പച്ചക്കറി വില കുതിച്ചുയരുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ്. വിഎഫ്എഫ്പിസികെയുടെ പച്ചക്കറി, പഴം സംഭരണം നിലച്ചു. ഹോര്‍ടികോര്‍പിന്റെ വില്‍പ്പനശാലകളില്‍ സാധനങ്ങള്‍ നാമമാത്രമാണ്. തലസ്ഥാനത്ത് അടക്കം പ്രവര്‍ത്തിച്ചിരുന്ന സഞ്ചരിക്കുന്ന പച്ചക്കറി വില്‍പ്പനശാലകളും കാണാതായി.
ത്രിവേണി, നന്മ സ്റ്റോറുകള്‍ ശൂന്യം കൃത്രിമ പ്രതിസന്ധിക്കു നീക്കം
കൊല്ലം: കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനം സ്തംഭനത്തിലാക്കാന്‍ ആസൂത്രിത നീക്കം. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞുവയ്ക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതി താഴേത്തട്ടിലേക്ക് വാക്കാല്‍ നിര്‍ദേശംനല്‍കി. സാധനങ്ങള്‍ ആവശ്യപ്പെട്ട് ത്രിവേണി, നന്മ സ്റ്റോറുകളില്‍നിന്നുള്ള ഓര്‍ഡര്‍ വിതരണക്കാര്‍ക്കു നല്‍കേണ്ടെന്നും രഹസ്യ നിര്‍ദേശമുണ്ട്. നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നുക്ഷാമവും രൂക്ഷമാണ്. സാമ്പത്തികാരോപണങ്ങളെ തുടര്‍ന്ന് എംഡി രാജിവച്ചതോടെ സ്ഥാപനം പ്രതിസന്ധിയിലായെന്ന് വരുത്തിത്തീര്‍ക്കാനും ജീവനക്കാരെ വിജിലന്‍സ് അന്വേഷണത്തിന് എതിരാക്കാനും അഴിമതിയില്‍ പങ്കാളികളായ ഒരു സംഘം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ആസൂത്രിത നീക്കം ആരംഭിച്ചത്. അരിയും പലവ്യഞ്ജനവും സ്റ്റോക്കില്ലാത്തതിനാല്‍ ജില്ലയിലെ 94 നീതി സ്റ്റോറുകളും കാലിയായി.
നീതി സ്റ്റോറുകള്‍ വഴി വിതരണംചെയ്യേണ്ട നിത്യോപയോഗസാധനങ്ങള്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ജില്ല, താലൂക്ക് ഗോഡൗണുകളില്‍നിന്നാണ് നല്‍കേണ്ടത്. ഒരുമാസമായി നീതി സ്റ്റോറുകള്‍ക്ക് അരിയും പലവ്യഞ്ജനവും നല്‍കുന്നില്ല. സഹകരണസ്ഥാപനങ്ങള്‍ നടത്തുന്ന നീതി സ്റ്റോറുകള്‍ അവശ്യസാധനങ്ങള്‍ക്കായി കണ്‍സ്യൂമര്‍ഫെഡിന് മുന്‍കൂട്ടി പണംനല്‍കും. ഇത്തരം സഹകരണ സ്ഥാപനങ്ങള്‍ക്കും സാധനങ്ങള്‍ നല്‍കുന്നില്ല. നീതി സ്റ്റോറുകള്‍ പൂട്ടല്‍ ഭീഷണിയിലായതോടെ ജീവനക്കാരും ആശങ്കയിലാണ്. കമീഷന്‍ വ്യവസ്ഥയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവരാണ് ഏറെയും. വില്‍പ്പനയുടെ നാലു ശതമാനമാണ് താല്‍ക്കാലിക ജീവനക്കാര്‍ക്കുള്ള കമീഷന്‍. സാധനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ജീവനക്കാരുടെ നിലനില്‍പ്പ് ഭീഷണിയിലാണ്. മരുന്നുവ്യാപാരവും മദ്യക്കച്ചവടവും വഴിയാണ് കണ്‍സ്യൂമര്‍ഫെഡിന് കൂടുതല്‍ ലാഭം ലഭിക്കുന്നത്. നീതി മെഡിക്കല്‍ സ്റ്റോറുകള്‍വഴിയുള്ള മരുന്നുവ്യാപാരവും ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണ്. നീതി വെയര്‍ഹൗസില്‍നിന്നു നീതി മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് മരുന്നു നല്‍കേണ്ടെന്ന് അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ നിര്‍ദേശംനല്‍കി. കച്ചവടം കുറച്ചുകാട്ടി കൃത്രിമ പ്രതിസന്ധി സൃഷ്ടിക്കുകയാണ് ലക്ഷ്യം. അഴിമതിക്കു കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ നീതി മെഡിക്കല്‍സ്കീമിലെ വനിതയായ സീനിയര്‍ മാനേജരെ കഴിഞ്ഞ 15നു തരംതാഴ്ത്തി സ്ഥലംമാറ്റിയിരുന്നു. എംഡിയുടെ കാലാവധി കഴിയുന്ന തീയതിവച്ചാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. പകരം ചുമതലയേറ്റ ഉദ്യോഗസ്ഥ മരുന്നുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാതെ നീതി മെഡിക്കല്‍ സ്കീമിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
(സനല്‍ ഡി പ്രേം)
deshabhimani
No comments:
Post a Comment