Saturday, October 26, 2013

മുഖ്യമന്ത്രിയും സലിം രാജും സാക്ഷിപ്പട്ടികയിലുമില്ല

സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ഗണ്‍മാന്‍ സലിംരാജ് എന്നിവരെ സാക്ഷിപ്പട്ടികയിലും ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. സരിതാ നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ പ്രതികളായ 21 കേസില്‍ കുറ്റപത്രം നല്‍കി. 12 കേസില്‍ക്കൂടി ഉടനെ കുറ്റപ്പത്രം സമര്‍പ്പിക്കാനും എഡിജിപി എ ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തീരുമാനിച്ചു.

ശ്രീധരന്‍നായര്‍ വാദിയായുള്ള കേസില്‍ അന്വേഷണ ചുമതലയുള്ള ചെങ്ങന്നൂര്‍ ഡിവൈഎസ്പി പ്രസന്നന്‍നായര്‍ നേരിട്ടെത്തിയാണ് വെള്ളിയാഴ്ച വൈകിട്ട് പത്തനംതിട്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സരിത എസ് നായര്‍ ഒന്നാം പ്രതിയായ കുറ്റപത്രത്തില്‍ ബിജുരാധാകൃഷ്ണന്‍ രണ്ടാം പ്രതിയും ഉമ്മന്‍ചാണ്ടിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം ടെന്നി ജോപ്പന്‍ മൂന്നാം പ്രതിയുമാണ്. പാലക്കാട് കിന്‍ഫ്രപാര്‍ക്കില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചുനല്‍കാമെന്ന് പറഞ്ഞ് കോന്നി അട്ടച്ചാക്കല്‍ മല്ലേലില്‍ ക്രഷര്‍ ഉടമ ശ്രീധരന്‍ നായരുടെ കൈയില്‍നിന്ന് സരിതയും ബിജുവും ചേര്‍ന്ന് 40 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. മുഖ്യമന്ത്രിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് താന്‍ അവസാന ഗഡുവായ 15 ലക്ഷം രൂപ നല്‍കിയതെന്ന് ശ്രീധരന്‍ നായര്‍ പരാതിയില്‍ പറഞ്ഞതോടെയാണ് കേസ് വിവാദമായത്. മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹത്തെ സാക്ഷിയാക്കാന്‍പോലും തക്ക കാരണമില്ലെന്നാണ് പൊലീസ് നിലപാട്. സരിതയും ബിജുവും ചേര്‍ന്ന് നടത്തിയ തട്ടിപ്പിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണത്രെ ഉമ്മന്‍ചാണ്ടി നല്‍കിയ മൊഴി.

കേന്ദ്ര പാരമ്പര്യേതര ഊര്‍ജ മന്ത്രാലയത്തിലെ ഏതാനും ഉദ്യോഗസ്ഥരെ അന്വേഷണ സംഘം ചോദ്യംചെയ്തിരുന്നു. പ്രത്യേക സംഘത്തിലെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ എത്തിയാണ് ചോദ്യംചെയ്തത്. സരിതയും ബിജു രാധാകൃഷ്ണനും തട്ടിപ്പിന് ഉപയോഗിച്ച രേഖകള്‍ കൃത്രിമമായി ചമച്ചതില്‍ കേന്ദ്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. കത്തുകളും മറ്റും ബിജുരാധാകൃഷ്ണന്റെ നേതൃത്വത്തില്‍ വ്യാജമായി നിര്‍മിച്ചുവെന്നാണ് അന്വേഷണ സംഘം കുറ്റപത്രത്തില്‍ അവകാശപ്പെടുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം ജോപ്പനെ ഒരു കേസില്‍മാത്രമാണ് പ്രതിചേര്‍ത്തിട്ടുള്ളത്. എന്നാല്‍ സലിംരാജ്, ജിക്കുമോന്‍ എന്നിവരെ ഒരു കേസിലും പ്രതിയാക്കിയിട്ടില്ല. സരിതയുമായി ഇരുവരും അടുത്ത ബന്ധം പുലര്‍ത്തിയതായും നൂറിലേറെ തവണ ടെലിഫോണില്‍ ബന്ധപ്പെട്ടതായും കണ്ടെത്തിയെങ്കിലും പ്രതിയാക്കാന്‍ കഴിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും മറ്റും കിട്ടാനുള്ള കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിക്കാനുള്ളത്. റിപ്പോര്‍ട്ട് കിട്ടിയാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment