സാമ്പത്തിക തിരിച്ചുവരവിന്റെ അവകാശവാദങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ട് അമേരിക്ക സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനമാകെ സ്തംഭിക്കുന്നു. ഖജനാവ് പൂട്ടുന്നതിന് സമാനമായ സ്ഥിതി. പ്രസിഡന്റ് ബരാക്ക് ഒബാമയുടെ സ്വപ്‌നപദ്ധതിയായ 'ഒബാമകെയര്‍' എന്ന ആരോഗ്യരക്ഷാപദ്ധതിക്ക് അനുമതിനല്‍കാന്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ബജറ്റ് പാസാകാതെ വന്നതിന്റെ അനന്തരഫലമാണ് ഭരണചെലവിന് പണമില്ലാത്ത അവസ്ഥയിലേക്ക് അമേരിക്കന്‍ ഭരണം എത്തിയത്. പുതിയ ബജറ്റ് അംഗീകരിക്കുന്നതിലും നിലവിലുള്ളത് നീട്ടുന്നതിലും അമേരിക്കന്‍ കോണ്‍ഗ്രസ് പരാജയപ്പെടുന്നത് 17 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ്.
ഇതോടെ സര്‍ക്കാരിന്റെ മിക്കസര്‍വീസുകളും നിലച്ചു. രാജ്യത്തെ എട്ടുലക്ഷത്തോളം ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതെ വരും. തിങ്കളാഴ്ച രാത്രി കോണ്‍ഗ്രസ് ബജറ്റ് നിര്‍ദ്ദേശം തള്ളിയതോടെ പല സര്‍ക്കാര്‍ ഏജന്‍സികളും അവരുടെ ഓഫീസ് പൂട്ടി. ഖജനാവ് തുറക്കുംവരെ ജോലിയില്‍ നിന്ന് മാറിനില്‍ക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരാകും. ജീവനക്കാര്‍ തങ്ങളുടെ ഓഫീസുകളിലെത്തി മേശവൃത്തിയാക്കുകയാണ്.
അതിര്‍ത്തി പട്രോള്‍ ഓഫീസര്‍മാര്‍, ജയില്‍ ഗാര്‍ഡുകള്‍, ട്രാഫിക് പൊലീസ് തുടങ്ങിയ വിഭാഗങ്ങളോട് ജോലിയില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവര്‍ക്ക് ശമ്പളം ലഭിക്കില്ല.
പെന്‍ഷന്‍, ഇന്‍ഷുറന്‍സ് സേവനങ്ങളും അവതാളത്തിലായി. വിസ, പാസ്‌പോര്‍ട്ട് അപേക്ഷകള്‍ പാസാക്കുന്നതും തടസപ്പെടും. അവശ്യസര്‍വീസ് ഒഴികെയുള്ള മറ്റ് സര്‍ക്കാര്‍ സേവനങ്ങള്‍ തടസപ്പെടുന്നതോടെ രാജ്യം അക്ഷരാര്‍ത്ഥത്തില്‍ അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങും.
'ഒബാമാകെയര്‍' നടപ്പാക്കുന്നത് മാറ്റി വെക്കണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അഭിപ്രായപ്പെട്ടിരുന്നു. എങ്കില്‍ മാത്രമേ ബജറ്റിനെ പിന്തുണയ്ക്കൂ എന്ന് റിപ്പബ്ലിക്ക് പാര്‍ട്ടി വ്യക്തമാക്കി. ഭിന്നത പരിഹരിക്കാന്‍ കഴിയാതിരുന്നതോടെ ബജറ്റ് പാസാക്കാന്‍ കഴിയാതെവന്നു.
ഒബാമാകെയര്‍ നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് നീട്ടിവെക്കുകയോ പദ്ധതി തന്നെ റദ്ദാക്കുകയോ ചെയ്താല്‍ ബജറ്റിനെ പിന്തുണയ്ക്കാമെന്നായിരുന്നു റിപ്പബ്ലിക്കന്‍ പക്ഷത്തിന് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയുടെ നിലപാട്. എന്നാല്‍ പദ്ധതി വൈകിപ്പിക്കുന്ന ബില്ല് ഏതായാലും വീറ്റോ ചെയ്യുമെന്ന കടുത്ത നിലപാട് ഒബാമയും സ്വീകരിച്ചതോടെയാണ് അമേരിക്ക സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയത്.
കടമെടുക്കല്‍ പരിധി ഉയര്‍ത്തുന്ന ബില്ലിന്മേലും റിപ്പബ്ലിക്കന്‍പാര്‍ട്ടിയും സര്‍ക്കാരും കടുത്ത ഭിന്നതയിലാണ്. അതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ നടത്തിപ്പിന് കടമെടുക്കാനുള്ള ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് ഏറെ ബുദ്ധിമുട്ടേണ്ടി വരും. 16.7 ലക്ഷം കോടി ഡോളര്‍ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ യു എസ് സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയിലേക്ക് വീഴും.
തികച്ചും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി അമേരിക്കയെ റിപ്പബ്ലിക്കുകള്‍ 'തടവിലാക്കുന്നു' എന്നാണ് പദ്ധതി നടപ്പാക്കാന്‍ അനുവദിക്കാത്തതിനെ കുറിച്ച് ഒബാമ പറഞ്ഞത്. 1995 ഡിസംബര്‍ മുതല്‍ 1996 ജനുവരി വരെയാണ് ഇതിന് മുന്‍പ് അമേരിക്കയില്‍ ഇത്തരമൊരു പ്രതിസന്ധി ഉടലെടുത്തത്.
janayugom
No comments:
Post a Comment