Wednesday, October 2, 2013

സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി

സംസ്ഥാനം ഗുരുതര സാമ്പത്തികപ്രതിസന്ധിയിലാണെന്നും ഇത് മറികടക്കാന്‍ കടുത്തനടപടികളിലേക്ക് നീങ്ങണമെന്നും ധനവകുപ്പ്. ചൊവ്വാഴ്ച നടന്ന മന്ത്രിസഭായോഗത്തിലാണ് ധനവകുപ്പ്ഇക്കാര്യം അറിയിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ നിയമനനിരോധമടക്കമുള്ള കടുത്ത സാമ്പത്തികനടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എക്സ്പന്‍ഡിച്ചര്‍ സെക്രട്ടറി എന്നിവരാണ് യോഗത്തില്‍ സ്ഥിതിഗതികള്‍ വിശദീകരിച്ചത്. ഇരുവരെയും മന്ത്രിസഭായോഗത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ചെലവുചുരുക്കല്‍ നടപടികളെപ്പറ്റി വകുപ്പധ്യക്ഷന്മാരടക്കമുള്ളവരുമായി ചര്‍ച്ച നടത്തി 10ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭ ചുമതലപ്പെടുത്തി.

നികുതി- നികുതിയിതര വരുമാനം കുത്തനെ കുറഞ്ഞതായാണ് യോഗത്തില്‍ ധനവകുപ്പ് വച്ച കണക്കില്‍ പറയുന്നത്. അഞ്ചുശതമാനത്തിലേറെ കുറഞ്ഞു. ഇത് പരിഹരിച്ചില്ലെങ്കില്‍ സ്ഥിതി അതീവ ഗുരുതരമാകും. ഇത്രയും ഗുരുതരമായ അവസ്ഥ മുമ്പുണ്ടായിട്ടില്ല. വരുമാനചോര്‍ച്ചയുമുണ്ട്. വിഭവസമാഹരണത്തിന് വകുപ്പുകളുടെ ഏകോപനമില്ലെന്നും ധനവകുപ്പ് കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്തിന്റെ മോശം സാമ്പത്തികസ്ഥിതി കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭായോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിസന്ധിയില്ല, എന്നാല്‍ ബുദ്ധിമുട്ട് കാണാതിരുന്നുകൂടാ. കര്‍ശനമായ ചെലവുചുരുക്കല്‍ നടപടി സ്വീകരിക്കേണ്ടിവരും. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന്റെ സാമ്പത്തികബാധ്യത താങ്ങാനാകില്ല. അതിനാല്‍ വിലക്ക് ഏര്‍പ്പെടുത്തും. ഇപ്പോള്‍ ഈ ഇനത്തില്‍ 460 കോടിയുടെ അധികബാധ്യതയുണ്ട്. നിയമനങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന് നിയന്ത്രണമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

വരുമാനം വലിയതോതില്‍ കുറഞ്ഞു. കൂടുതല്‍ വരുമാനം ലഭിക്കുന്ന മേഖലകളിലെല്ലാം ഇടിവുവന്നു. ഇത്തവണ മദ്യ ഉപഭോഗത്തില്‍ കുറവുവന്നത് വരുമാനം കുറച്ചു. വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അതിനിടെ നിയമനനിരോധവും തസ്തിക വെട്ടിക്കുറയ്ക്കലുമടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍നീക്കം. പിഎസ്സി റാങ്ക്ലിസ്റ്റുകളുടെ കാലാവധി തുടര്‍ച്ചയായി നീട്ടുന്ന നടപടിയും സെക്രട്ടറിയറ്റില്‍ ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പിലെ 10 സെക്ഷന്‍ ഇല്ലാതാക്കാന്‍ തീരുമാനിച്ചതും ഇതിന്റെ ഭാഗമായാണ്. സംസ്ഥാന സര്‍വീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും തസ്തിക വെട്ടിക്കുറയ്ക്കുന്നതിനായി രൂപീകരിച്ച ചീഫ് സെക്രട്ടറി ചെയര്‍മാനായുള്ള ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ കൈവശമുണ്ട്.

deshabhimani

No comments:

Post a Comment