Tuesday, October 1, 2013

ബാങ്ക് ലൈസന്‍സ്: പാര്‍ല. സമിതി റിപ്പോര്‍ട്ട് ബെഫി സ്വാഗതംചെയ്തു

26 കോര്‍പറേറ്റുകള്‍ക്ക് പുതിയ ബാങ്ക് ലൈസന്‍സ് അനുവദിക്കാനുള്ള നീക്കത്തെ എതിര്‍ത്ത പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടിനെ ബിഇഎഫ്ഐ സ്വാഗതംചെയ്തു. യശ്വന്ത് സിന്‍ഹ ചെയര്‍മാനായ കമ്മിറ്റി ഐകകണ്ഠ്യേനയാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്. രാഹുല്‍ഗാന്ധി ഉള്‍പ്പെടെ ഏഴ് കോണ്‍ഗ്രസ് എംപിമാരും കോര്‍പറേറ്റുകള്‍ക്ക് ബാങ്ക് ലൈസന്‍സ് നല്‍കുന്നതിനോട് വിയോജിച്ചു.

ലോകത്തൊരിടത്തും വ്യവസായികള്‍ക്ക് ബാങ്ക് തുടങ്ങാന്‍ അനുവാദം നല്‍കിയിട്ടില്ലെന്ന് കമ്മിറ്റി വിലയിരുത്തി. 1993ലും 2001ലും പ്രവര്‍ത്തനം ആരംഭിച്ച നവ സ്വകാര്യബാങ്കുകളുടെ ഇതുവരെയുള്ള പ്രവര്‍ത്തനം തൃപ്തികരമല്ല. ധനപരമായ ഉള്‍ച്ചേര്‍ക്കല്‍ ഏറ്റെടുക്കാനുള്ള പ്രാപ്തി നവ സ്വകാര്യബാങ്കുകള്‍ തെളിയിച്ചിട്ടില്ലെന്നും ഗ്രാമങ്ങളില്‍ അവര്‍ തുറന്നത് 17 ശതമാനം ശാഖകള്‍ മാത്രമാണെന്നും പാര്‍ലമെന്ററി കമ്മിറ്റി കണ്ടെത്തി. പുതിയ ലൈസന്‍സിങ് നയത്തെ തുടക്കംമുതലേ ബിഇഎഫ്ഐ എതിര്‍ത്തിരുന്നു. പൊതുമേഖലാ ബാങ്കുകള്‍ക്ക് 2013 ജൂണ്‍വരെ 2.06 ലക്ഷം കോടി രൂപയാണ് വന്‍കിട വ്യവസായികളില്‍നിന്ന് വായ്പാ കുടിശ്ശികയായി പിരിഞ്ഞുകിട്ടാനുള്ളത്. അവര്‍ക്ക് സ്വന്തമായി ബാങ്ക് തുടങ്ങാന്‍ ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് ബിഇഎഫ്ഐ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.

DESHABHIMANI

No comments:

Post a Comment