Tuesday, October 1, 2013

ബിഹാറില്‍ രാഷ്ട്രീയ സമവാക്യം മാറും

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരിടാമെന്ന് പ്രതീക്ഷിച്ച ആര്‍ജെഡിക്ക് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിവിധി കനത്ത ആഘാതമായി. ലാലുപ്രസാദ് യാദവ് നടത്തിയതിന്റെ പതിന്മടങ്ങ് അഴിമതിയാണ് യുപിഎ സര്‍ക്കാര്‍ നടത്തിയിട്ടുള്ളതെങ്കിലും അഴിമതിക്ക് ശിക്ഷിക്കപ്പെട്ട നേതാവിന്റെ പാര്‍ടിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഇനി തയ്യാറാകില്ല. കോടതി ശിക്ഷ വിധിച്ചാല്‍ അയോഗ്യതയില്‍നിന്ന് രക്ഷപ്പെടാന്‍ ലാലുവിനെ സഹായിക്കാന്‍ ധൃതിപിടിച്ച് ഓര്‍ഡിനന്‍സ് തട്ടിക്കൂട്ടിയ കോണ്‍ഗ്രസിന്റെ നഷ്ടപ്പെട്ട പ്രതിഛായ തിരിച്ചുപിടിക്കാനാണ് രാഹുല്‍ പത്രസമ്മേളനത്തിനിടയില്‍ പ്രത്യക്ഷപ്പെട്ട് ഓര്‍ഡിനന്‍സിനെതിരെ പ്രതികരിച്ചത്. മുഖ്യമന്തി നിതീഷ്കുമാര്‍ രാഹുലിനെ അനുകൂലിച്ചതും ശക്തമായ രാഷ്ട്രീയ സൂചനയായി. എന്‍ഡിഎ സഖ്യം വിട്ട ജെഡിയുവിന് കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം രൂപപ്പെടുന്നത് ഭീഷണിയാകുമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ അതില്ല. ബിജെപിയെയും മോഡിയെയും പരസ്യമായി തള്ളിപ്പറഞ്ഞ നിതീഷുമായി സഖ്യമുണ്ടാക്കുന്നതാണ് തങ്ങള്‍ക്ക് ഗുണം ചെയ്യുകയെന്ന് കോണ്‍ഗ്രസും കരുതുന്നു.

ബിഹാറില്‍ ബിജെപിയുമായി പ്രധാന പാര്‍ടികളൊന്നും സഖ്യമുണ്ടാക്കാനിടയില്ല. കോടതിവിധിയെത്തുടര്‍ന്ന് ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കാനും പ്രധാന രാഷ്ട്രീയ പാര്‍ടികള്‍ തയ്യാറാകില്ല. ബിജെപിക്കെതിരായ പരസ്യ പ്രസ്താവനകളും ബിജെപിയുമായുള്ള സഖ്യംവിട്ട് പുറത്തുവന്നതും ജെഡിയുവിന് ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ സഹായകമാകും. 2009ലെ തെരഞ്ഞെടുപ്പില്‍ നാലു സീറ്റുമാത്രം വാഗ്ദാനംചെയ്ത് കോണ്‍ഗ്രസുമായുള്ള സഖ്യം ഇല്ലാതാക്കിയ ലാലുപ്രസാദ് യാദവിന്റെ നയമായിരിക്കില്ല ജെഡിയു സ്വീകരിക്കുക. തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കാനുള്ള ഏക പിടിവള്ളി കോണ്‍ഗ്രസുമായുള്ള സഖ്യമാണെന്നാണ് ജെഡിയുവും കരുതുന്നത്. അതിനാല്‍, ഉദാരമായ സമീപനമാവും ജെഡിയുവിന്റേത്. രഘുവംശപ്രസാദ് യാദവും പ്രഭുനാഥ് സിങ്ങുമടക്കമുള്ള ശക്തരായ നേതാക്കള്‍ ആര്‍ജെഡിക്കുണ്ടെങ്കിലും നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാന്‍ അതൊന്നും പര്യാപ്തമല്ല. 1990ല്‍ എല്‍ കെ അദ്വാനിയുടെ പ്രകോപനപരമായ അയോധ്യാ യാത്രയെ സമസ്തിപ്പുരില്‍ തടഞ്ഞ് അദ്വാനിയെ അറസ്റ്റുചെയ്ത ധീരനായ നേതാവിന്റെ പ്രതിഛായ ലാലുവിന് നഷ്ടപ്പെട്ടിരിക്കുന്നു. ബിഹാര്‍ രാഷ്ട്രീയത്തില്‍നിന്നും ദേശീയ രാഷ്ട്രീയത്തില്‍നിന്നുമുള്ള ഒറ്റപ്പെടലാണ് ലാലുവിനെ കാത്തിരിക്കുന്നത്.
(വി ജയിന്‍)

ലാലു പ്രസാദ് യാദവ് രാഷ്ട്രീയ വിലക്കിലേക്ക്

സിബിഐ കോടതി കുറ്റക്കാരനായി വിധിച്ചതോടെ നാല് ദശകത്തോളം ബിഹാര്‍ രാഷ്ട്രീയത്തിലും ദേശീയരാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തില്‍. മൂന്നുവര്‍ഷം തടവ് ഉറപ്പായതോടെ ലോക്സഭാംഗത്വം നഷ്ടമാകും. മത്സരിക്കുന്നതിന് ആറുവര്‍ഷത്തെ വിലക്കും വീഴും. സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രമന്ത്രിസഭ പാസാക്കിയ ഓര്‍ഡിനന്‍സ് രാഷ്ട്രീയ കുരുക്കിലാകുക കൂടി ചെയ്തതോടെ ലാലുവിന്റെ എല്ലാ സാധ്യതകളും അടയുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ തിരിച്ചുവരവിന് ഒരുങ്ങുമ്പോഴാണ് ലാലുവിന്റെ രാഷ്ട്രീയജീവിതത്തിന് തിരശ്ശീല വീഴുന്നത്.

വ്യാജരേഖ തയ്യാറാക്കി സര്‍ക്കാര്‍പണം വര്‍ഷങ്ങളായി കൊള്ളയടിച്ച മാഫിയക്ക് കൂട്ടുനിന്നതിന്റെ തിക്തഫലമാണ് ലാലു അനുഭവിക്കുന്നത്. എണ്‍പതുകളില്‍ ബിഹാര്‍ ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളും തുടര്‍ന്ന് അധികാരത്തിലെത്തിയ ലാലു സര്‍ക്കാരും മാഫിയക്ക് കുടപിടിച്ചു. രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട വന്‍ശൃംഖലയാണ് വ്യാജ ചെലവ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ച് സര്‍ക്കാര്‍ ഫണ്ടുകള്‍ അടിച്ചുമാറ്റിക്കൊണ്ടിരുന്നത്. ബിഹാര്‍ ട്രഷറിയും വകുപ്പുകളും പ്രതിമാസം സമര്‍പ്പിക്കേണ്ട അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്നതില്‍ പതിവായി വീഴ്ചവരുത്തുന്നത് 1985ല്‍ അന്നത്തെ സിഎജി ടി എന്‍ ചതുര്‍വേദി ശ്രദ്ധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. അന്നത്തെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചന്ദ്രശേഖര്‍ സിങ്ങിനെ സിഎജി വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് ബിഹാറിലെ പണമിടപാടുകള്‍ സിഎജി സൂക്ഷ്മമായി നിരീക്ഷിച്ചുതുടങ്ങി.

1992ല്‍ വിജിലന്‍സില്‍ പ്രവര്‍ത്തിച്ചിരുന്ന പൊലീസ് ഇന്‍സ്പെക്ടറായ ബിദു ഭൂഷണ്‍ ദ്വിവേദി കാലിത്തീറ്റ കുംഭകോണം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അധികം വൈകാതെ ദ്വിവേദി സസ്പെന്‍ഷനിലായി. പിന്നീട് അദ്ദേഹം കേസില്‍ നിര്‍ണായകസാക്ഷിയായി. 1992-93 കാലയളവ് മുതല്‍ 1995-96 കാലയളവ് വരെയുള്ള സിഎജി റിപ്പോര്‍ട്ടുകളില്‍ കാലിത്തീറ്റ കുംഭകോണം ഇടംപിടിച്ചു. 1995ല്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചതോടെയാണ് ഇത് രാഷ്ട്രീയവിവാദമായി. 1996 ജനുവരിയില്‍ വെസ്റ്റ് സിങ്ഭും ജില്ലയിലെ ഡെപ്യൂട്ടി കമീഷണര്‍ ഛായിബാസ പട്ടണത്തിലെ മൃഗസംരക്ഷണ വകുപ്പില്‍ റെയ്ഡ് നടത്തുകയും ഞെട്ടിപ്പിക്കുന്ന രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ട്രഷറിയില്‍നിന്ന് പണം പിന്‍വലിക്കുന്നതിനായി കാലിത്തീറ്റയും മറ്റ് ഉപകരണങ്ങളും സംഭരിച്ചെന്ന് അവകാശപ്പെട്ടുള്ള വ്യാജരേഖകളാണ് പിടിച്ചെടുത്തത്. കുംഭകോണം അന്വേഷിക്കാന്‍ ലാലു സമിതിയെ വച്ചെങ്കിലും ഇത് കേസ് അട്ടിമറിക്കാനാണെന്ന ആക്ഷേപം ശക്തമായി. തുടര്‍ന്ന് സുപ്രീംകോടതി കേസില്‍ ഇടപെട്ട് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു.

 ഛായിബാസ ട്രഷറിയില്‍നിന്ന് 1992-96 കാലയളവില്‍ 37.70 കോടി രൂപ വ്യാജരേഖ സമര്‍പ്പിച്ച് പിന്‍വലിച്ചതായും മുഖ്യമന്ത്രിയായ ലാലുവിനും ഇടപാടില്‍ പങ്കുണ്ടെന്നും സിബിഐ കണ്ടെത്തുകയായിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ലാലു 1997 ജൂണില്‍ ജയിലിലായി. മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ലാലു ഭാര്യ രാബ്റിയെ ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. കേസിന്റെ വിചാരണ കാലയളവില്‍ മൂന്ന് ഘട്ടങ്ങളിലായി 150 ദിവസം ലാലു ജയിലില്‍ കിടന്നു. വിചാരണവേളയിലെ പ്രതിസന്ധികളെ വിജയകരമായി അതിജീവിച്ച ലാലു അന്തിമവിധിയോടെ രാഷ്ട്രീയ അസ്തമയത്തിലേക്ക് നീങ്ങുകയാണ്.

deshabhimani

No comments:

Post a Comment