Saturday, October 26, 2013

എയര്‍പോര്‍ട്ട് ജീവനക്കാരുടെ സമരത്തിന് സിഐടിയു പിന്തുണ

രാജ്യത്തെ 20 പ്രധാന വിമാനത്താവളം സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജീവനക്കാര്‍ നടത്തുന്ന സമരത്തിന് സിഐടിയു പിന്തുണ പ്രഖ്യാപിച്ചു. കോടികള്‍ വിലമതിക്കുന്ന പൊതുസ്വത്ത് പ്രതിഫലം വാങ്ങാതെ സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് സിഐടിയു കേന്ദ്ര സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ജീവനക്കാരുടെ സംയുക്തവേദിയാണ് പ്രക്ഷോഭം നടത്തുന്നത്. ചെന്നൈ, ലഖ്നൗ വിമാനത്താവളങ്ങള്‍ പരിശോധിക്കാനുള്ള സ്വകാര്യ സംരംഭകരുടെ നീക്കത്തെ ജീവനക്കാര്‍ തടഞ്ഞു. ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാരസമരവും നടക്കുന്നു. ചെന്നൈ, കൊല്‍ക്കത്ത, ലഖ്നൗ, ഗുവാഹത്തി, ജയ്പുര്‍, അഹമ്മദാബാദ്, ഭുവനേശ്വര്‍, കോയമ്പത്തൂര്‍, തിരുച്ചി, വാരാണസി, ഇന്‍ഡോര്‍, അമൃത്സര്‍, ഉദയ്പുര്‍, ഗയ, റായ്പുര്‍, ഭോപാല്‍, അഗര്‍ത്തല, ഇംഫാല്‍, മംഗലാപുരം, വഡോദര എന്നീ വിമാനത്താവളങ്ങളാണ് വരുമാനം പങ്കുവയ്ക്കല്‍ വ്യവസ്ഥയില്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ആലോചിക്കുന്നത്. സ്വകാര്യമേഖലയ്ക്ക് ഒരു മുതല്‍മുടക്കുമില്ലാതെ വന്‍തോതില്‍ വരുമാനം നേടിക്കൊടുക്കാനുള്ള നീക്കമാണിത്. ഈ കൊള്ളക്കെതിരെ രാജ്യത്തെ ജനങ്ങളാകെ അണിനിരക്കണമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരുടെ സമരത്തെ പിന്തുണയ്ക്കണമെന്നും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

deshabhimani

No comments:

Post a Comment