Tuesday, October 1, 2013

"ഗോത്രസാരഥി" ഓട്ടം തുടങ്ങും മുമ്പേ നിലച്ചു

ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും കുട്ടികളെ സ്കൂളില്‍ എത്തിക്കുന്നതിനുമായുള്ള ഗോത്രസാരഥി പദ്ധതി തുടങ്ങുംമുമ്പേ നിലച്ചു. ഒന്നുമുതല്‍ 10വരെ ക്ലാസുകളിലുള്ള ആദിവാസി കുട്ടികള്‍ക്ക് സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കും വാഹനസൗകര്യം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാരില്‍നിന്നും പണം ലഭിക്കാത്തിനാല്‍ ചൊവ്വാഴ്ച മുതല്‍ വിദ്യാര്‍ഥികള്‍ക്ക് വാഹനം നല്‍കേണ്ടതില്ലെന്ന് മാനന്തവാടി ഉപജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. വാഹനം ഓടിയ പണത്തിനായി തിങ്കളാഴ്ച ട്രൈബല്‍ ഓഫീസില്‍ എത്തിയവര്‍ക്ക് നിരാശരായി മടങ്ങേണ്ടിവന്നു.

പട്ടികവര്‍ഗവകുപ്പിന്റെ കീഴില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്. കഴിഞ്ഞ ആഗസ്ത് മാസത്തോടെയാണ് ജില്ലയില്‍ പദ്ധതി തുടങ്ങിയത്. മാനന്തവാടി ഉപജില്ലയില്‍ ഇതിനകം 37 സ്കൂളില്‍ പദ്ധതി നടപ്പാക്കിയത്. മറ്റ് 30ഓളം സ്കൂളുകള്‍ നടപടികള്‍ പൂര്‍ത്തിയാക്കി പട്ടികവര്‍ഗവകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. ബത്തേരി, വൈത്തിരി ഉപജില്ലകളിലും പദ്ധതി തുടങ്ങിയിട്ടുണ്ട്. മുഴുവന്‍ സ്കൂള്‍ അധികൃതരും പദ്ധതി തുടങ്ങാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് തുടങ്ങിയ സ്കൂളുകളില്‍തന്നെ നിര്‍ത്താന്‍ പട്ടികവര്‍ഗവകുപ്പിന്റെ നിര്‍ദേശം. വകുപ്പ് മന്ത്രിയുടെ മണ്ഡലത്തില്‍ തന്നെയാണ് ആദ്യം പദ്ധതിയുടെ ചരമക്കുറിപ്പെഴുതിയത്. 15 ലക്ഷം രൂപയാണ് ഓരോ താലൂക്കിനും അനുവദിച്ചിരുന്നത്. ഈ തുക തീര്‍ന്നതാണ് പദ്ധതി നിലയ്ക്കാന്‍ കാരണം.

സ്കൂളുകളില്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ഇതിന്റെ മേല്‍നോട്ടത്തില്‍വേണം പദ്ധതി നടപ്പാക്കാന്‍. കമ്മിറ്റി കണ്‍വീനറുടെയും പ്രധാനാധ്യാപകന്റെയും പേരില്‍ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് എടുക്കണം. വാഹനത്തിനായി ടാക്സി ഉടമകളില്‍നിന്നും ക്വട്ടേഷന്‍ വിളിക്കണം. ഈ നടപടികള്‍ പൂര്‍ത്തിയാക്കി വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടുവന്നുതുടങ്ങിയ സ്കൂളുകളിലാണ് ആഴ്ചകള്‍ക്കകം പദ്ധതി നിലച്ചത്. കഴിഞ്ഞ അധ്യയനവര്‍ഷം ജില്ലയിലെ ചില സ്കൂളുകളില്‍ പദ്ധതി നടപ്പാക്കിയിരുന്നു. ഇതാണ് ഇത്തവണ കൊട്ടിഘോഷിച്ച് സംസ്ഥാനടിസ്ഥാനത്തിലേക്ക് വ്യാപിപ്പിച്ചത്. ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനവും നടത്തി. എന്നാല്‍ കുറഞ്ഞ തുക മാത്രമാണ് വകയിരുത്തിയത്. ഇതാണ് ആരംഭത്തില്‍തന്നെ പദ്ധതി നിലയ്ക്കാന്‍ ഇടയാക്കിയത്.

ചുമലില്‍ ജീവിത ഭാരം

കല്‍പ്പറ്റ:വാര്‍ധക്യത്തിലും ഒരു നേരത്തെ വിശപ്പടക്കാന്‍ വിയര്‍പ്പൊഴുക്കുന്ന ആദിവാസികള്‍ വയനാടന്‍ ഗ്രാമങ്ങളിലെ പതിവ് കാഴ്ചയാണ്. യൗവ്വനം മുഴുവനും പാടങ്ങളിലും പറമ്പുകളിലും വിയര്‍പ്പൊഴുക്കി ജീവിതാവസാനം എല്ലും തോലുമായി രോഗങ്ങളും പട്ടിണിയും വേട്ടയാടുന്ന ഇവരുടെ വേദനകള്‍ ആരും അറിയുന്നില്ല. പ്രായാധിക്യം മൂലം അവശരാകുന്ന ഇവര്‍ക്ക് വേണ്ടി സര്‍കാര്‍ ക്ഷേമ പദ്ധതികളൊന്നും ഇല്ല. പരിപാലിക്കാന്‍ ബാധ്യസ്ഥരായ യുവ തലമുറയില്‍ ഭൂരിഭാഗവും മദ്യത്തിന് അടിമകളുമാണ്. ചുരുക്കത്തില്‍ ഒരു നേരത്തെ അന്നത്തിന് വേണ്ടി ഇവര്‍ ഇപ്പോഴും ഭാരം ചുമക്കുന്നു. പോഷകാഹാരകുറവിനും പട്ടിണിക്കും പുറമേ കഠിനാധ്വാനവും ഇവരുടെ ജീവിതം ഇരുട്ടിലാക്കി.ജില്ലയിലെ വിവിധ കോളനികളില്‍ ഹതാശരായി അനാഥരായി കഴിയുന്ന വൃദ്ധര്‍ ഏറെയുണ്ട്. വൃദ്ധ ജന സംരക്ഷണ നിയമം നടപ്പാക്കുന്നതോടൊപ്പം ആദിവാസി വൃദ്ധര്‍ക്ക് വേണ്ടി പ്രത്യേക പാക്കേജ് അനിവാര്യമാണ്.

deshabhimani

No comments:

Post a Comment