Saturday, October 26, 2013

ഫെഡറല്‍ ബാങ്കില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കരുത്: സ്റ്റാഫ് യൂണിയന്‍

കൊച്ചി: ഫെഡറല്‍ ബാങ്കില്‍ വിദേശ ഓഹരിപങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള മാനേജ്മെന്റ് തീരുമാനത്തില്‍നിന്ന് അധികാരികള്‍ പിന്മാറണമെന്ന് ഫെഡറല്‍ ബാങ്ക് സ്റ്റാഫ് യൂണിയന്‍ (ബെഫി) ആവശ്യപ്പെട്ടു.

70 വര്‍ഷമായി പൊതുമേഖലാ ബാങ്കുകളെപോലെ കാര്‍ഷിക, ചെറുകിട, വ്യവസായ മേഖലകളില്‍ വായ്പ നല്‍കുന്നതില്‍ ഫെഡറല്‍ ബാങ്ക് മുന്നിലാണ്. വിദ്യാഭ്യാസവായ്പ നല്‍കുന്നതിലും ബാങ്കിന്റെ പങ്കാളിത്തം ശ്രദ്ധേയമാണ്. എന്‍ആര്‍ഐ നിക്ഷേപത്തിന്റെ കാര്യത്തിലും മുന്നിലാണ്. ഈ ബാങ്കിനെ കൈയിലാക്കാന്‍ സ്വദേശത്തെയും വിദേശത്തെയും ശക്തികള്‍ ശ്രമിക്കുകയാണ്. 2004 മുതല്‍ ഐസിഐസിഐ ബാങ്ക് ഇതിനായി നടത്തിയ ശ്രമം പരാജയപ്പെടുത്തിയത് തൊഴിലാളി സംഘടനകളുടെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും ചെറുത്തുനില്‍പ്പുകൊണ്ടാണ്. 2004ല്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും സ്വകാര്യബാങ്കുകളിലെ വിദേശനിക്ഷേപപരിധി 74 ശതമാനമായി വര്‍ധിപ്പിച്ചു. തുടര്‍ന്ന് സ്വകാര്യബാങ്കുകളെ വിദേശശക്തികള്‍ അവരുടെ നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുകയാണ്. വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ക്ക് 49 ശതമാനവും എന്‍ആര്‍ഐ നിക്ഷേപകര്‍ക്ക് 24 ശതമാനവും എന്ന രീതിയില്‍ ബാങ്ക് ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ബോര്‍ഡില്‍നിന്ന് അനുമതി വാങ്ങിയതായാണ് സൂചന. ഫെഡറല്‍ ബാങ്ക് സംസ്ഥാനത്തിനു ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ക്ക് വിദേശപങ്കാളിത്തത്തോടെ പൂര്‍ണമായും വിരാമമിടും. നടപടി പ്രതിഷേധാര്‍ഹമാണ്. ഫെഡറല്‍ ബാങ്ക് സ്റ്റാഫ് യൂണിയനും ബെഫിയും ഇതിനെതിരെ നിരന്തരസമരത്തിലാണ്. തൊഴിലാളിസംഘടനകളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ ഫെഡറല്‍ ബാങ്ക് മാനേജ്മെന്റിന്റെ നടപടിക്കെതിരെ സ്റ്റാഫ് യൂണിയന്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷാജു ആന്റണി പറഞ്ഞു.

ഫെഡറല്‍ ബാങ്ക് 74 ശതമാനം വിദേശ ഓഹരിനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ആവശ്യപ്പെട്ടു.

വിദേശികള്‍ക്കു വില്‍ക്കരുത്: യൂണിയനുകള്‍

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ 74 ശതമാനം ഓഹരി വിദേശികള്‍ക്കു വില്‍ക്കാനുളള മാനേജുമെന്റ് നീക്കത്തിനെതിരെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഫെഡറല്‍ ബാങ്ക് മാനേജ്മെന്റ് വിദേളനിക്ഷേപപരിധി ഉയര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയനും ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി എറണാകുളം ഫെഡറല്‍ ടവേഴ്സിനു മുന്നിലും ആലുവയിലെ ഹെഡ് ഓഫീസിനു മുന്നിലും പ്രതിഷേധപ്രകടനം നടത്തി.

രാജ്യത്തെമ്പാടുമായി 1124 ശാഖയും ഒരുലക്ഷം കോടി രൂപയുടെ ഇടപാടും 838 കോടി രൂപയുടെ അറ്റാദായവുമുണ്ട്. 171 കോടി രൂപ മൂലധനമുള്ള ബാങ്കിന് 6193 കോടി രൂപയുടെ കരുതല്‍ധനവും ഉണ്ടെന്നിരിക്കെയാണ് ഓഹരികള്‍ വിദേശ കമ്പനികള്‍ക്കു വില്‍ക്കുന്നത്. സംസ്ഥാനത്തിന്റെ വ്യാപാരമേഖലയിലും കാര്‍ഷികമേഖലയിലും നിര്‍ണായക സ്വാധീനമുള്ള ബാങ്കിന്റെ നിയന്ത്രണം വിദേശികളുടെ കൈയിലെത്തിയാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തികരംഗത്തെയും ദോഷകരമായി ബാധിക്കും. പ്രതിഷേധപ്രകടനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിവിധ യൂണിയന്‍ ഭാരവാഹികളായ പി മാത്യു ജോര്‍ജ്, പോള്‍ മുണ്ടാടന്‍, പി അനിത, എം വി അബ്ദുള്‍ നാസര്‍, പി ആര്‍ സുരേഷ്, എ കെ വര്‍ഗീസ്, വി ഐ ബോസ് എന്നിവര്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment