പതിനാലാം ധനകമീഷന്‍ ഡിസംബര്‍ 18, 19 തീയതികളില്‍ കേരളം സന്ദര്‍ശിക്കാനിരിക്കെ മുന്നൊരുക്കമില്ലാതെ കേരളം ഇരുട്ടില്‍. ഗൃഹപാഠംചെയ്ത് ആവശ്യങ്ങള്‍ കൃത്യമായി ബോധിപ്പിക്കുന്നതിലെ വീഴ്ച കേരളത്തിന് വന്‍ തിരിച്ചടിയാകും. കമീഷന് സമര്‍പ്പിക്കേണ്ട ആവശ്യങ്ങള്‍ക്ക് അന്തിമരൂപം നല്‍കാന്‍ സര്‍വകക്ഷിയോഗം വിളിക്കുക, തദ്ദേശസ്ഥാപനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുക, ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തുക എന്നീ നടപടിക്രമങ്ങള്‍ ഇനിയും ബാക്കി. ഇവ പൂര്‍ത്തിയായശേഷം മന്ത്രിസഭായോഗം നിവേദനത്തിന് അംഗീകാരം നല്‍കണം. സന്ദര്‍ശനത്തിന് രണ്ടാഴ്ചമുമ്പെങ്കിലും നിവേദനം ഡല്‍ഹിയില്‍ എത്തണം. മന്നൊരുക്കമില്ലാതെ നിവേദനം നല്‍കിയാല്‍ കേരളത്തിന്റെ മുന്‍ഗണനകള്‍ക്ക് അനുസരിച്ച് കേന്ദ്രഗ്രാന്റ് ലഭിക്കില്ല. കേരളത്തിന്റെ പ്രത്യേക സാഹചര്യം ധനകമീഷനെ ബോധ്യപ്പെടുത്തി ഇതിന് തടയിടാനുള്ള അവസരവും നഷ്ടപ്പെടും. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള വിഹിതം 13-ാം ധനകമീഷന്‍ വെട്ടിക്കുറച്ചിരുന്നു. ഏറെ ഗൃഹപാഠംചെയ്ത് നിവേദനം തയ്യാറാക്കിയാലേ ഇത് പുനഃസ്ഥാപിക്കാന്‍ കഴിയൂ. എന്നാല്‍, അതിനൊന്നും കേരളം തയ്യാറായിട്ടില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കേണ്ടി വന്നാല്‍ ആറു സംസ്ഥാനങ്ങള്‍ക്ക് ധനകമീഷന്‍വഴി നല്‍കേണ്ട ആനുകൂല്യങ്ങളില്‍ കേരളത്തിന്റെ വിഹിതം കണക്കുപറഞ്ഞ് വാങ്ങുന്നതിനും ധനവകുപ്പിന്റെ ഉറക്കം ഇടയാക്കും.
വൈ വി റെഡ്ഡി ചെയര്‍മാനായ 14-ാം ധനകമീഷന്‍ മറ്റു സംസ്ഥാനങ്ങളിലെല്ലാം ചര്‍ച്ച പൂര്‍ത്തിയാക്കി. സെപ്തംബര്‍ രണ്ടാം വാരം കേരളം സന്ദര്‍ശിക്കാമെന്ന് അറിയിച്ചെങ്കിലും ഓണാഘോഷത്തിന്റെ പേരില്‍ നിരുത്സാഹപ്പെടുത്തി. ധനകമീഷന്റെ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ജനുവരി ആദ്യം ഇറങ്ങിയതാണ്. ആദ്യം തയ്യാറാക്കിയ കരട് ഇതിനിടെ ഫയല്‍ മന്ത്രിഓഫീസില്‍നിന്ന് കാണാതാവുകയുംചെയ്തു. കരട് തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ടയാളെ മാറ്റി പ്രതിഷ്ഠിച്ചതോടെ എല്ലാ നടപടിക്രമങ്ങളും വീണ്ടും തുടങ്ങേണ്ടി വന്നു. കേന്ദ്ര നികുതിവരുമാനത്തിന്റെ 50 ശതമാനമെങ്കിലും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണമെന്നും ആരോഗ്യ- വിദ്യാഭ്യാസ രംഗത്ത് കേരളത്തെ മുന്നോട്ടു നയിക്കാന്‍ കൂടുതല്‍ സഹായം ലഭ്യമാക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ധനകമീഷനെ ബോധ്യപ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയാകും. സംസ്ഥാനങ്ങള്‍ക്കായി നീക്കിവയ്ക്കുന്ന നികുതിവരുമാനത്തില്‍ കേരളത്തിന്റെ ഓഹരി കുറഞ്ഞുവരുന്ന പ്രവണതയാണുള്ളത്. പത്താം ധനകമീഷന്‍ കേരളത്തിന് 3.88 ശതമാനം അനുവദിച്ചപ്പോള്‍ 11-ാം ധനകമീഷനില്‍ ഇത് 3.06 ശതമാനമായി കുറഞ്ഞു. 12-ാം ധനകമീഷന്‍ 2.67 ശതമാനവും 13-ാം ധനകമീഷന്‍ 2.34 ശതമാനവുമാക്കി കുറച്ചു. ഇത്തരം പ്രശ്നങ്ങള്‍ കമീഷനെ കാര്യകാരണ സഹിതം ബോധ്യപ്പെടുത്താനുള്ള അവസരവും കേരളം പാഴാക്കുമെന്നാണ് ആശങ്ക.
(ആര്‍ സാംബന്‍)
deshabhimani
No comments:
Post a Comment