Wednesday, November 27, 2013

നദി: ജീവിതവും സൗന്ദര്യവും കരുത്തുമാണ്- ഏഴാച്ചേരി

ഓതറ: ഒരു നദി നമ്മുടെ ജീവിതവും സൗന്ദര്യവും കരുത്തുമാണെന്ന് കവി ഏഴാച്ചേരി രാമചന്ദ്രന്‍ പറഞ്ഞു. അത് ആത്മവിശ്വാസവും തിളക്കവുമാണ്. ആ നദിയെ വീണ്ടെടുക്കുമെന്നും സംരക്ഷിക്കുമെന്നുമുള്ള ദൃഢപ്രതിജ്ഞയാണ് മനുഷ്യസമൂഹം ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. "വരട്ടാര്‍ പുനര്‍ജനി, പ്രതീക്ഷകളും ആശങ്കകളും" എന്ന വിഷയത്തില്‍ കര്‍ഷക സംഘം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി ഓതറ പുതുക്കുളങ്ങരയില്‍ സംഘടിപ്പിച്ച കര്‍ഷക സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഏഴാച്ചേരി.

മനുഷ്യത്വത്തിന്റെ രണ്ടാം പിറവിയാണ് ഒരു നദിയുടെ പുനര്‍ജനി. വയലാറിന്റെ മനോഹരമായ പ്രണയഗാനങ്ങള്‍ പിറന്ന പമ്പയുടെ അവിഭാജ്യ ഭാഗമാണ് നിലച്ചുപോയ നദി. അതിന്റെ വീണ്ടെടുപ്പ് ഒരു സംസ്കാരത്തിന്റെ വീണ്ടെടുപ്പുകൂടിയാണ്. ലോകത്ത് ആയുധങ്ങള്‍കൊണ്ട് മരുഭൂമികള്‍ തീര്‍ക്കുന്ന അമേരിക്ക അവരുടെ മരുഭൂമികള്‍ മലര്‍വാടികളാക്കും. അക്കാര്യത്തില്‍ അവരെ കണ്ടു പഠിക്കണം. ഇവിടെ എല്ലാ പച്ചപ്പിനെയും നമ്മള്‍ റബര്‍ കൊണ്ടു മൂടി. നമ്മുടെ ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തിയിരുന്നത് വയലുകളാണ്. അവ നികത്തിയതോടെ ഉതുവരെ കാണാത്ത രോഗങ്ങളാണ് ഫലമെന്നും ഏഴാച്ചേരി ഓര്‍മിപ്പിച്ചു.

വരട്ടാര്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കണം: ഓമല്ലൂര്‍ ശങ്കരന്‍

ഓതറ: വരട്ടാറിന്റെ സംരക്ഷണത്തിനും വീണ്ടെടുപ്പിനും വരട്ടാര്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കണമെന്ന് കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആവശ്യപ്പെട്ടു. കര്‍ഷക സൗഹൃദ സംഗമത്തില്‍ വരട്ടാര്‍ സംരക്ഷണവും കാര്‍ഷിക മേഖലയും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇതിനായി കൈകോര്‍ക്കണം. തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന പ്ലാന്‍ ജില്ലാതലത്തില്‍ ക്രോഡീകരിച്ച് കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്റുകളുടെ പരിഗണനയ്ക്ക് നല്‍കണം. നദിയുടെ വിണ്ടെടുപ്പ് തൊഴിലുറപ്പ് തൊഴിലാളികളുടെ അധ്വാനം കൊണ്ട് മാത്രം സാധ്യമാകുന്നതല്ല. സര്‍ക്കാരിന്റെ മിക്ക വകുപ്പുകളുടെയും സഹകരണം ഇതില്‍ ഉറപ്പാക്കേണ്ടതുണ്ട്. ഭൂമി തിട്ടപ്പെടുത്താന്‍ റവന്യു വകുപ്പ് മുന്നോട്ടുവരണം. മേജര്‍, മൈനര്‍ ഇറിഗേഷന്‍ വകുപ്പുകളുടെ ഇടപെടലും വേണം. ഇതൊക്കെ സാധ്യമാകാനാണ് ഗവണ്‍മെന്റ് ഇടപെടല്‍ വേണ്ടിവരുന്നത്. ശരിയായ പഠനം ഒഴിവാക്കാവുന്നകാര്യമല്ല. ഒഴുക്കിന്റെ ഗതി നിര്‍ണയിക്കുന്നതിലടക്കം ഇതാവശ്യമാണ്. ജനങ്ങളുടെ കര്‍മസേന രൂപീകരിക്കാനും എല്ലാ കാര്യങ്ങളിലും അവരുടെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കാനും കഴിയണം. നദി വീണ്ടെടുക്കാന്‍ കഴിഞ്ഞാലും മണലൂറ്റ് തടയാന്‍ ഇത്തരം കര്‍മ സമിതികള്‍ ജാഗ്രത പാലിക്കണം. മണിമലയാറില്‍ ചേരുന്ന നദിയെന്ന നിലയില്‍ പമ്പയുമായി ഒരു നദീസംയോജനത്തിന്റെ ഫലം കൂടി ഈ വീണ്ടെടുപ്പിലൂടെ ലഭ്യമാകും. സുപ്രധാനമായ കാര്യം ഇതെല്ലാം സാധ്യമാകുന്നതിലൂടെ വരട്ടാറിന്റെ ഫലഭൂയിഷ്ടമായ കരയില്‍ കൃഷിയുടെ എല്ലാ സാധ്യതകളെയും തിരിച്ചുകൊണ്ടുവരാനാകുമെന്നതാണ്. സംരംഭത്തിന് കര്‍ഷക സംഘത്തിന്റെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

പ്രകൃതി ഒരുക്കിയ നദീസംയോജനം: എന്‍ കെ സുകുമാരന്‍ നായര്‍

ഓതറ: പ്രകൃതി ഒരുക്കിയ നദീ ബന്ധിപ്പിക്കലാണ് വരട്ടാറെന്ന് പമ്പാ പരിരക്ഷണ സമിതി ജനറല്‍ സെക്രട്ടറി എന്‍ കെ സുകുമാരന്‍ നായര്‍ പറഞ്ഞു. കര്‍ഷക സൗഹൃദ സംഗമത്തില്‍ "വരട്ടാര്‍ സംരക്ഷണവും പരിസ്ഥിതിയും" എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

പമ്പയില്‍നിന്ന് തുടങ്ങുന്ന നദി എത്തുന്നത് മണിമലയാറ്റില്‍. വീണ്ടെടുക്കലിന് മുമ്പ് തടസ്സമായിരുന്നത് പണമാണ്. ഇപ്പോള്‍ അത്തരം പ്രശ്നങ്ങളില്ല. അത് വീണ്ടെടുക്കാനായാല്‍ കേരളത്തിനാകെയാണ് മാതൃകയാകുന്നത്. ഇതേപോലെ അച്ചന്‍കോവിലാറിനെയും പമ്പയെയും ബന്ധിപ്പിക്കുന്ന ചെറു നദിയായിരുന്നു കുട്ടമ്പേരൂര്‍ നദി. അതും മരണത്തിന്റെ വഴിയിലായിരുന്നു. ബുധനൂര്‍ പഞ്ചായത്ത് മുന്‍കൈയെടുത്ത് അതിന്റെ നീരൊഴുക്ക് പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇങ്ങനെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്താല്‍ ഒട്ടേറെ ജലസ്രോതസ്സുകളെ സംരക്ഷിക്കാനാകും. അതു ചെയ്യുന്നില്ലെങ്കില്‍ നദീതീരത്തെ കിണറുകളില്‍ ചുവപ്പും കറുപ്പും നിറമുള്ള വെള്ളമാകും ലഭ്യമാകുക. പരിസ്ഥിതിക്ക് ആധാരം വെള്ളമാണ്. ജൈവ വൈവിധ്യങ്ങളുടെയും ജീവജാലങ്ങളുടെയും നിലനില്‍പ്പും വെള്ളത്തെ ആശ്രയിച്ചാണ്. അതില്ലാതായാല്‍ തകരുന്നത് മനുഷ്യ സമൂഹത്തിന്റെയും ജീവജാലങ്ങളുടെയും നിലനില്‍പ്പാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

മുന്‍ ദിവസത്തെ വാര്‍ത്തകള്‍

വരട്ടാറിനെ വീണ്ടെടുക്കാന്‍ നാടുണരുന്നു

ഓതറ: വിസ്മൃതിയിലാണ്ട പുഴയെ വീണ്ടെടുക്കാനുള്ള ഒരു നാടൊന്നാകെ ഉണര്‍ന്നെണീക്കുന്നു. കര്‍ഷകരും തൊഴിലാളികളും യുവാക്കളും വിദ്യാര്‍ഥികളുമെല്ലാം ഇപ്പോള്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം അതേക്കുറിച്ചു തന്നെ. പഞ്ചായത്ത് അധികൃതരും പള്ളിയോട സേവാസംഘവും പമ്പാ പരിരക്ഷണ സമിതിയുമെല്ലാം പിന്തുണയുമായി കൂടെയുണ്ട്. കോയിപ്രം, ഇരവിപേരൂര്‍, കുറ്റൂര്‍ പഞ്ചായത്തുകളിലൂടെയാണ് നദി കടന്നുപോകുന്നത്.

2011-12ലെ ഇരവിപേരൂര്‍ പഞ്ചായത്ത് പദ്ധതി രേഖയിലാണ് വരട്ടാര്‍ വീണ്ടെടുക്കലുമായി ബന്ധപ്പെട്ട് ആദ്യ പ്രോജക്ട് ഉണ്ടായത്. ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോയിപ്രം 2.40 കോടിയും ആറ് കിലോമീറ്ററുള്ള ഇരവിപേരൂര്‍ 7.75 കോടിയും അഞ്ച് കിലോമീറ്ററുള്ള കുറ്റൂര്‍ പഞ്ചായത്ത് 12.5 കോടിയുമാണ് പദ്ധതിയില്‍ വകയിരുത്തിയിരിക്കുന്നത്. 30 മീറ്റെറെങ്കിലും വീതിയില്‍ നദിയെ പുനര്‍ നിര്‍മിക്കാനാണ് ആലോചന. നദിയുടെ വീണ്ടെടുക്കലുമായി ബന്ധപ്പെട്ട് കര്‍ഷക സംഘം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പകല്‍ 2.30ന് കര്‍ഷക സൗഹൃദ സംഗമം നടക്കും. വരട്ടാര്‍ പുനര്‍ജനി പ്രതിക്ഷകളും ആശങ്കകളും എന്ന വിഷയത്തെ അധികാരിച്ച് നടക്കുന്ന സംഗമം കവി ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പുതുക്കുളങ്ങര ക്ഷേത്രത്തിന് സമീപം നടക്കുന്ന സംഗമത്തില്‍ വി കെ ശ്രീകുമാര്‍ അധ്യക്ഷനാകും. പമ്പാ പരിരക്ഷണ സമിതി ജനറല്‍ സെക്രട്ടറി എന്‍ കെ സുകുമാരന്‍ നായര്‍ "വരട്ടാറും പരിസ്ഥിതി സംരക്ഷണവും" എന്ന വിഷയവും കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ വരട്ടാര്‍ സംരക്ഷണവും കാര്‍ഷിക മേഖലയും എന്ന വിഷയവും അവതരിപ്പിക്കും.

വരട്ടാര്‍: പേരുപോലെതന്നെ വരണ്ടുപോയി

ഓതറ: ആറാട്ടുപുഴ പാലത്തിന് താഴെ വഞ്ചിപ്പോട്ടില്‍ കടവില്‍ നിന്നാണ് തുടക്കം. യഥാര്‍ഥ പമ്പ ഇതെന്ന് നാട്ടുകാര്‍. ഇത് ഒഴുകി പുത്തന്‍കാവില്‍ വീണ്ടും പമ്പയില്‍ ചേരുന്നു. പൂര്‍വ പമ്പ എന്നറിയുന്ന ഭാഗത്തിന് ദൂരം നാല് കിലോമീറ്റര്‍. പമ്പയില്‍ എത്തുന്നതിന് മുമ്പ് പുതുക്കുളങ്ങര ക്ഷേത്രത്തിന് പിന്നില്‍നിന്ന് വരട്ടാര്‍ ഉല്‍ഭവിക്കുന്നു. പൂര്‍വ പമ്പയുടെ നദീമുഖത്തിന് തന്നെ 150ഓളം മീറ്റര്‍ വീതിയുണ്ട്. 12 അടിയോളം ഉയരത്തില്‍ എക്കലടിഞ്ഞ് ഉയര്‍ന്ന നദീമുഖം. ഇതുമൂലം നദീമുഖം അടഞ്ഞുതന്നെ കിടക്കുന്നു. വലിയവെള്ളപ്പൊക്കം ഉണ്ടാകുമ്പോഴേ ഇവിടേക്ക് കാര്യമായ ഒഴുക്ക് ഉണ്ടാവുകയുള്ളു. ഈ നദീമുഖത്തിന് അല്‍പം താഴെ കോയിപ്രം പഞ്ചായത്തിനെയും ഇടനാടിനെയും ബന്ധിപ്പിക്കുന്ന ചപ്പാത്ത് നദിയുടെ പ്രധാന തടസ്സമായി നിലകൊള്ളുന്നു. വലിയ പമ്പയുടെയും പൂര്‍വ പമ്പയുടെയും ഇടയില്‍ ദ്വീപ് പോലെയുള്ള പ്രദേശമാണ് ഇടനാട്. ഇത് ചെങ്ങന്നൂര്‍ നഗരസഭയുടെ ഭാഗമാണ്. മുമ്പ് ഈ ദ്വീപിലേക്ക് പുത്തന്‍കാവിലെ ചെറിയ തൂക്കുപാലമായിരുന്നു ഏക ഗതഗാത മാര്‍ഗം. പുത്തന്‍കാവില്‍ തന്നെ പുതിയ വലിയ പാലം വന്നതോടെ ചപ്പാത്തിന്റെ ഉപയോഗം കുറഞ്ഞിട്ടുണ്ട്. ഈ ചപ്പാത്ത് പൊളിച്ചുമാറ്റി നദിയുടെ ഒഴുക്ക് സുഗമമാക്കുകയും ചപ്പാത്തിന്റെ സ്ഥാനത്ത് ചെറിയ പാലം പണിത് ഗതാഗത സൗകര്യം ഒരുക്കുകയും ചെയ്യേണ്ടതുണ്ട്.

മണല്‍ വാരല്‍ മൂലം നദിയുടെ അടിത്തട്ട് ഏഴടിയോളം താഴ്ന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വലിയ പമ്പയുടെ അടിത്തട്ടും ഭീകരമായി താഴ്ന്നതിനാല്‍ നാട്ടുകാര്‍ക്കിപ്പോള്‍ വെള്ളപ്പൊക്കത്തെ ഒട്ടും പേടിയില്ല. പൂര്‍വ പമ്പയില്‍നിന്നാരംഭിക്കുന്ന വരട്ടാറിന്റെ നദീമുഖം ചെളികോരി അടച്ചിരിക്കുകയാണ് മണല്‍ മാഫിയ. ഈ നദിയില്‍ ഇപ്പോഴുള്ളത് മണലൂറ്റിയ വന്‍ ഗര്‍ത്തങ്ങളും കാടും മാത്രം. കുറ്റൂര്‍, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളിലൂടെ 10 കിലോമീറ്റര്‍ ഒഴുകി മണിമലയാറ്റിലെത്തിയിരുന്ന നദിയാണിത്. ഫലഭൂയിഷ്ടമായ മണ്ണില്‍ വിളഞ്ഞ കാര്‍ഷിക വിളകള്‍ക്ക് കണക്കില്ല. പുളിക്കീഴ് പമ്പാ റിവര്‍ ഫാക്ടറിക്കാവശ്യമായ കരിമ്പു വിളഞ്ഞിരുന്നതും ഈ നദീതീരങ്ങളില്‍. കാര്‍ഷിക സമൃദ്ധിയുടെയും ജല ഗതാഗതത്തിന്റെയും സമ്പന്നമായ ഒരു ഭൂതകാലവും ഈ നദിക്കുണ്ട്. പക്ഷേ പേരുപോലെ "വരട്ടാര്‍" വരണ്ട ആറായിപ്പോയി.

deshabhimani

No comments:

Post a Comment