Sunday, November 24, 2013

9 വര്‍ഷത്തിനിടെ 6 ലക്ഷം കുട്ടികളെ കാണാതായി

വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ ആറുലക്ഷത്തില്‍പരം കുട്ടികളെ കാണാതായതായി നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍. ഇതില്‍ പകുതിയിലധികവും പെണ്‍കുട്ടികളാണ്. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ചെയ്ത കേസുകള്‍ പ്രകാരം 3,82,913 പെണ്‍കുട്ടികളെയും 2,22,353 ആണ്‍കുട്ടികളെയുമാണ് കാണാതായത്. ഇതില്‍ കണ്ടെത്തിയത് 3,52,845 കുട്ടികളെ മാത്രം. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍നിന്നാണ് ഏറ്റവുധികം കുട്ടികളെ കാണാതായത്. ഇവിടെ 57,431 കുട്ടികളെ കാണാതായതില്‍ 13,728 പേരെ ഇനിയും കണ്ടെത്താനായില്ല. കേരളത്തില്‍നിന്ന് 8,579 കുട്ടികളെ കാണാതായതില്‍ 1,734 കുട്ടികളെ കണ്ടെത്തിയിട്ടില്ലെന്നും അഡ്വ. ഡി ബി ബിനുവിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

കണ്ടെത്താന്‍ കഴിയാത്ത കുട്ടികള്‍ കൊല്ലപ്പെടുകയോ ഭിക്ഷാടനത്തിന് നിയോഗിക്കപ്പെടുകയോ ലൈംഗികത്തൊഴിലാളികളായി മാറുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം. കുട്ടികളെ കാണാതായശേഷമുള്ള 24 മണിക്കൂറിനുള്ളില്‍ പരാതി നല്‍കാത്തതാണ് ഇവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും മുന്നിലുള്ള സംസ്ഥാനങ്ങളില്‍നിന്നു മാത്രമാണ് പരാതികള്‍ കൂടുതലായി രജിസ്റ്റര്‍ചെയ്തത്. പിന്നോക്കാവസ്ഥയിലുള്ള സംസ്ഥാനങ്ങളില്‍നിന്ന് പരാതി നല്‍കാന്‍പോലും തയ്യാറാവുന്നില്ല. പൊലീസ് സ്റ്റേഷനുകളില്‍നിന്നുള്ള മോശമായ പെരുമാറ്റമാണ് പരാതി നല്‍കുന്നതില്‍നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നത്. ഭിക്ഷാടനത്തിനും മറ്റുമായി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സ്ഥിരം സംഘങ്ങളെ കണ്ടുപിടിക്കുന്നതിലും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിലും പൊലീസുകാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ട്. കുട്ടികളെ കാണാതാവുന്ന സംഭവങ്ങള്‍ അന്വേഷിക്കാന്‍ പരിശീലനം ലഭിച്ച പ്രത്യേക സംഘത്തെ നിയമിക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം പാലിക്കപ്പെടാത്തതും ഇവരെ കണ്ടെത്തുന്നതിന് തിരിച്ചടിയാകുന്നു.

deshabhimani

No comments:

Post a Comment