Friday, November 22, 2013

ജനസമ്പര്‍ക്കം: വ്യാപാരികളില്‍നിന്ന് ലക്ഷങ്ങളുടെ നിര്‍ബന്ധ പിരിവ്

തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ പേരില്‍ ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് നേതാക്കളും പിരിച്ചത് ലക്ഷങ്ങള്‍. വ്യപാരികളില്‍നിന്നും സംഘടനകളില്‍നിന്നുമാണ് നിരക്ക് നിശ്ചയിച്ച് നിര്‍ബന്ധപ്പിരിവ് നടത്തിയത്. കലക്ടറേറ്റില്‍ ഒരു ഡെപ്യൂട്ടി കലക്ടറെ ഇതിനായി ചുമതലപ്പെടുത്തി. രണ്ടുതവണ യോഗം വിളിച്ച ശേഷമാണ് തുക നിശ്ചയിച്ചതെന്ന് 50,000 രൂപ നല്‍കിയ നഗരത്തിലെ ഒരു ബിസിനസുകാരന്‍ "ദേശാഭിമാനി"യോടു പറഞ്ഞു.

വ്യപാരമേഖലയില്‍ വിവിധ തലങ്ങളിലുള്ളവരുടെ യോഗം നവംബര്‍ 11നും 15നുമാണ് കലക്ടറേറ്റില്‍ ചേര്‍ന്നത്. നടത്തിപ്പിന് വന്‍തുക ചെലവാകുമെന്നും അതു മുഴുവന്‍ സര്‍ക്കാരിന് വഹിക്കാന്‍ സാധിക്കാത്തതിനാല്‍ വ്യപാരികളും സ്ഥാപന നടത്തിപ്പുകാരും സംഘടനാ ഭാരവാഹികളും സ്പോണ്‍സര്‍മാരാവണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഹോട്ടലുകള്‍, ബാറുകള്‍, ജ്വല്ലറികള്‍, കുറിക്കമ്പനികള്‍, വസ്ത്രവ്യാപാരികള്‍ തുടങ്ങി പച്ചക്കറി കച്ചവടക്കാര്‍ വരെയുള്ള അമ്പതോളം പേര്‍ ആദ്യ യോഗത്തില്‍ പങ്കെടുത്തു. വിളിച്ച മുഴുവന്‍ പേരും അന്ന് വരാത്തതിനാലും സംഖ്യ തീരുമാനിക്കാനുമാണ് 15ന് വീണ്ടും യോഗം വിളിച്ചത്. രണ്ടാമത്തെ യോഗത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തു. പങ്കെടുക്കാത്തവരുടെ ലിസ്റ്റ് തയ്യാറാക്കി. 25,000 മുതല്‍ രണ്ടു ലക്ഷം രൂപവരെയാണ് നിരക്ക്. ഇത് പിരിച്ചെടുക്കാനാണ് ഡെപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തിയത്. പൊലീസ്, സെയില്‍ ടാക്സ് ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തിയാണ് ബിസിനസുകാരെ കലക്ടറേറ്റിലേക്ക് വരുത്തിയത്. വ്യപാരികള്‍ പിന്നീട് കലക്ടറേറ്റില്‍ നേരിട്ട് സംഖ്യ എത്തിക്കുകയായിരുന്നു. ഇത്തരത്തില്‍ എത്ര ലക്ഷം പിരിച്ചെടുത്തുവെന്ന് വ്യക്തമല്ല. ഇതാദ്യമായാണ് സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിക്ക് ഇത്ര വിപുലമായ നിര്‍ബന്ധപ്പിരിവ്.

ഇതു കൂടാതെ ബ്രഡ്, ഓറഞ്ച്, കുപ്പിവെള്ളം തുടങ്ങിയവ ജനസമ്പര്‍ക്ക വേദിയില്‍ എത്തിക്കാനും സ്പോണ്‍സര്‍മാരെ ചുമതലപ്പെടുത്തി. വിഐപി പവലിയനില്‍ കരിക്കും വിതരണം ചെയ്യും. ഉദ്യോഗസ്ഥര്‍ക്ക് വിയ്യൂര്‍ ജയിലില്‍നിന്ന് ചപ്പാത്തിയും തക്കാളിക്കറിയും വരുത്തും. ഉദ്യോഗസ്ഥ പിരിവിനു പുറമെയാണ് വിവിധ മേഖലകളില്‍ കോണ്‍ഗ്രസ്നേതാക്കളുടെ പിരിവ്. കലക്ടറേറ്റില്‍ വിഹിതം നല്‍കിയവരില്‍നിന്നടക്കം ഡിസിസിയില്‍നിന്നും പ്രാദേശികമായും പിരിവ് നടത്തിയതായി വ്യപാരികള്‍ പറയുന്നു. ഇതിനൊന്നും രശീതിയില്ല. എ ഗ്രൂപ്പുകാരാണ് പിരിവിന് നേതൃത്വം നല്‍കിയതെന്ന് ഐ ഗ്രൂപ്പുകാര്‍ കുറ്റപ്പെടുത്തി. പ്രാദേശിക നേതാക്കള്‍ മുതല്‍ ജനപ്രതിനിധികള്‍ വരെ ജനസമ്പര്‍ക്കത്തിന്റെ പേരില്‍ പിരിവ്കൊള്ള നടത്തിയത് ഡിസിസിയില്‍ തര്‍ക്കമായിട്ടുണ്ട്. ഡിസിസി ആയിരം ബിരിയാണി പാക്കറ്റുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും പിരിവെടുത്തതിന്റെ ഒരുഭാഗം പോലുമാവുന്നില്ലെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. തേക്കിന്‍കാടു മൈതാനിയിലെ എക്സിബിഷന്‍ വേദിയില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ രാവിലെ തുടങ്ങുന്ന ജനസമ്പര്‍ക്കം രാത്രി വൈകിയും തുടരുമെന്നാണ് സൂചന.

വിസമ്മതിക്കുന്നവര്‍ക്ക് ഭീഷണി ജനസമ്പര്‍ക്കപരിപാടിയുടെ പേരില്‍ വന്‍ പണപ്പിരിവ്

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടിയുടെ പേരില്‍ ജില്ലയിലെ കരാറുകാരോട് വന്‍തോതില്‍ പണപ്പിരിവ്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയാണെന്ന് പരിചയപ്പെടുത്തുന്ന പുതുപ്പള്ളി സ്വദേശിയുടെ നേതൃത്വത്തിലാണ് വ്യാപകമായി പണംപിരിക്കുന്നത്. ചില കോണ്‍ഗ്രസ് നേതാക്കളും പണപ്പിരിവിനു പിന്നിലുണ്ട്.

25ന് നെഹ്രുസ്റ്റേഡിയത്തിലാണ് ജില്ലയിലെ ജനസമ്പര്‍ക്കപരിപാടി. പരിപാടിയുടെ വിജയത്തിന് കലക്ടര്‍ ഉള്‍പ്പെടെ ജില്ലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് നേതൃത്വം കൊടുക്കുന്നത്. പന്തല്‍, ഭക്ഷണം, മൈക്ക് ഉള്‍പ്പെടെ ഇതിനായി സര്‍ക്കാര്‍ തന്നെ പണം ചെലവഴിക്കുമ്പോഴാണ് അനധികൃതമായുള്ള പണസമാഹരണം. ഒരുലക്ഷം മുതല്‍ 50,000 രൂപ വരെയാണ് കരാറുകാരോട് വാങ്ങുന്നത്. ചോദിക്കുന്ന പണം കൊടുത്തില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കോട്ടയത്തും കരാര്‍വേലകളൊന്നും നല്‍കില്ലെന്നാണ് ഭീഷണിയെന്ന് ഒരു പൊതുമരാമത്ത് കരാറുകാരന്‍ പറഞ്ഞു. പണി കിട്ടേണ്ടതുകൊണ്ട് എത്ര ചോദിച്ചാലും കൊടുക്കേണ്ടി വരുമെന്നും പണം ചോദിക്കുന്ന ആള്‍ പറഞ്ഞ സ്ഥലത്തുചെന്ന് ഇതിനകം നിരവധി കരാറുകാര്‍ വന്‍തുക കൊടുത്തതായും ഇദ്ദേഹം വെളിപ്പെടുത്തി. ജില്ലയിലെ വന്‍കിട വ്യാപാരികളെ സമീപിച്ചും പണപ്പിരിവുണ്ട്. ജനസമ്പര്‍ക്കപരിപാടിയുടെ ക്രമീകരണത്തിന് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളാണ് പണം ചെലവാക്കുന്നതെന്ന് എഡിഎം ടി വി സുഭാഷ് പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാതെ അദ്ദേഹം ഒഴിഞ്ഞുമാറി. പതിനായിരം പേരെയാണ് പ്രതീക്ഷിക്കുന്നതെന്നും വരുന്നവര്‍ക്കെല്ലാം സൗജന്യമായി ഭക്ഷണവും വെള്ളവും വിതരണം ചെയ്യുമെന്നുമാണ് ഔദ്യോഗിക വിശദീകരണം.

deshabhimani

No comments:

Post a Comment