ഡിസംബര്‍ 13ന് ബാലിയില്‍ ചേരുന്ന ഡബ്ല്യുടിഒ മന്ത്രിതലയോഗത്തിന് മുന്നോടിയായി ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ചെറുകിട കര്‍ഷകരുടെ ജീവനോപാധിയെയും ദരിദ്രരുടെ ഭക്ഷ്യ ഉപഭോഗത്തെയും പിന്തുണയ്ക്കാന്‍ നിലവിലുള്ള കൃഷിസംബന്ധ കരാറില്‍ ഭേദഗതി വരുത്തി ഒരു നിയന്ത്രണവുമില്ലാതെ പൊതു ഭക്ഷ്യപദ്ധതികള്‍ അനുവദിക്കണമെന്ന നിര്‍ദേശം ജി-33 കൂട്ടായ്മ ഡബ്ല്യുടിഒ മുമ്പാകെ വച്ചിരുന്നു. നിര്‍ദേശത്തിലെ സുപ്രധാന ഘടകങ്ങളെല്ലാം ജി-33 കൂട്ടായ്മ സെക്രട്ടറിയറ്റ് തള്ളിയിരിക്കുകയാണ്.
ജി-33 നിര്‍ദേശത്തിന്മേല്‍ ഒരു "സമാധാന ചട്ടം" (ആവശ്യമായ നിയന്ത്രണങ്ങള്‍ വരുത്തിയുള്ള ചട്ടം) മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഭക്ഷ്യസുരക്ഷ പ്രോത്സാഹിപ്പിക്കാന്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്ന വികസ്വരരാജ്യങ്ങളുടെ നടപടി നിയമവിരുദ്ധമായി കണക്കാക്കുന്നതാണ് സമാധാന ചട്ടം. നാലുവര്‍ഷത്തേക്ക് മാത്രമാകും സമാധാന ചട്ടത്തിന്റെ കാലാവധി. ഈ കാലയളവില്‍ ഒരു സ്ഥിരം പരിഹാരമെന്ന ഉറപ്പ് ചട്ടം നല്‍കുന്നുമില്ല. മാത്രമല്ല സമാധാന ചട്ട നിയന്ത്രണങ്ങള്‍ കടുത്തതുമാണ്. ഭൂരിഭാഗം വികസ്വരരാജ്യങ്ങള്‍ക്കും സമധാന ചട്ടം ഉപയോഗപ്പെടുത്താന്‍ കഴിയാത്തവിധം കര്‍ക്കശമാണ് നിയന്ത്രണങ്ങള്‍.
ജി-33 രാജ്യങ്ങള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ അംഗീകരിക്കാന്‍ ഡബ്ല്യുടിഒ തയ്യാറായില്ലെങ്കില്‍ കൃഷിസംബന്ധമായ കരാര്‍ അങ്ങേയറ്റം പക്ഷപാതപരമാകും. ആവശ്യത്തിന് ഭക്ഷ്യധാന്യം ലഭ്യമല്ലാത്തവരെയും കര്‍ഷകരെയും സഹായിക്കാന്‍ ഇന്ത്യ പോലുള്ള വികസ്വരരാജ്യങ്ങള്‍ക്ക് കഴിയാതാകും. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ദുര്‍ബല ഭക്ഷ്യസുരക്ഷാപദ്ധതി പോലും നടപ്പാക്കാനാകില്ല. എന്നാല്‍, അമേരിക്കയുടെ ഭക്ഷ്യകൂപ്പണ്‍, ശിശു പോഷക പദ്ധതി തുടങ്ങി വിവിധ പദ്ധതികളുടെ പേരിലും മറ്റും 385 കിലോ ഭക്ഷ്യധാന്യം ഒരാള്‍ക്ക് വിതരണംചെയ്യുന്ന പദ്ധതികള്‍ നിര്‍ബാധം തുടരാനാകും.
നിര്‍ദിഷ്ട സമാധാന ചട്ടം പ്രശ്നപരിഹാരത്തിന് ഉതകുന്നതല്ല. ഇന്ത്യ ഇത് തള്ളിക്കളയണം. ഡബ്ല്യുടിഒ സെക്രട്ടറിയറ്റിന്റെയും യൂറോപ്യന്‍ യൂണിയന്റെയും അമേരിക്കയുടെയും അന്യായമായ സമ്മര്‍ദതന്ത്രങ്ങള്‍ക്ക് വഴങ്ങരുത്. ഭക്ഷ്യസുരക്ഷാപദ്ധതികളെ നിയമവിരുദ്ധമായി കാണുന്നത് അവസാനിപ്പിക്കുംവിധം ഡബ്ല്യുടിഒ ചട്ടങ്ങളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ സമ്മര്‍ദം തുടരുകയും വേണം- പിബി പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment