ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരഭ്രഷ്ടമാക്കാനും വര്‍ഗീയ വിപല്‍ശക്തിയായ ബിജെപിയെ ഒറ്റപ്പെടുത്താനും കേരളം ഇടതുപക്ഷ ജനാധിപത്യമുന്നണിക്കൊപ്പം അണിനിരക്കുമെന്ന ഉറച്ച രാഷ്ട്രീയ വിലയിരുത്തല്‍ സിപിഐ എം സംസ്ഥാന പ്ലീനം മുന്നോട്ടുവച്ചു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന അഴിമതിഭരണത്തിന് അവസാനം കുറിക്കാനും നരേന്ദ്രമോഡി നയിക്കുന്ന വര്‍ഗീയ വിപല്‍ശക്തിയെ ഒറ്റപ്പെടുത്താനും കേരളം മുന്നോട്ടുവരുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സൂചിപ്പിച്ചു. അംഗസംഖ്യയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഘടകമാണ് കേരളത്തിലെ സിപിഐ എം എന്നും കാരാട്ട് വ്യക്തമാക്കി. സംസ്ഥാനത്തെ പാര്‍ടി തകര്‍ച്ചയെ നേരിടുകയാണെന്നും അംഗസംഖ്യയില്‍ വലിയ ചോര്‍ച്ച ഉണ്ടായെന്നും ഇതിനുമധ്യേയാണ് പ്ലീനം ചേരുന്നതെന്നുമുള്ള ചില പംക്തിഎഴുത്തുകാരുടെ അസംബന്ധ വിലയിരുത്തലിനുള്ള പ്രഹരമായി കാരാട്ടിന്റെ വാക്കുകള്‍.
കോട്ടയം സംസ്ഥാന സമ്മേളന കാലത്ത് 3,36,644ആയിരുന്നു പാര്‍ടി അംഗസംഖ്യ. എന്നാല്‍, 2012 ഫെബ്രുവരിയില്‍ തിരുവനന്തപുരംസമ്മേളനമായപ്പോള്‍ അംഗസംഖ്യ 3,70,818. വര്‍ധനവ് 34,174. പ്ലീനമാകുമ്പോഴാകട്ടെ അംഗസംഖ്യ 4,01,704 എന്ന നിലയിലേക്ക് വളര്‍ന്നു. അംഗങ്ങളുടെ എണ്ണത്തിലെ വളര്‍ച്ചക്കപ്പുറം ഗുണപരമായ വളര്‍ച്ച ലക്ഷ്യമിട്ടാണ് പ്ലീനം നടക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച സംഘടനാറിപ്പോര്‍ട്ട് വ്യക്തമാക്കി. ജനങ്ങളോട് ക്ഷമാശീലത്തോടും വിനയത്തോടും മാതൃകാപരമായും പെരുമാറുന്ന കേഡര്‍മാരുടെ പ്രസ്ഥാനമാണ് സിപിഐ എം എന്ന സങ്കല്‍പ്പം കൂടുതല്‍ യാഥാര്‍ഥ്യമാക്കാനുള്ള കര്‍മപരിപാടികള്‍ക്കാണ് പ്ലീനം രൂപം നല്‍കുന്നത്. അടിയന്തരാവസ്ഥക്ക് ശേഷം പാര്‍ടിയിലെത്തിയവരാണ് അംഗസംഖ്യയില്‍ 96 ശതമാനമെങ്കിലും ഏറ്റവും പ്രതികൂലമായ ഇന്നത്തെ സാഹചര്യത്തെ മറികടക്കുന്നതിന് ധീരോദാത്തമായ നിലപാടുകളുമായി പ്രവര്‍ത്തകര്‍ മുന്നോട്ടുപോവുകയാണ്.
രണ്ട് ലക്ഷത്തോളം പാര്‍ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും എതിരെയാണ് യുഡിഎഫ് ഭരണത്തില്‍ പൊലീസ് കള്ളക്കേസ് എടുത്തിരിക്കുന്നത്. പ്രക്ഷോഭങ്ങളില്‍ ഉജ്വലമായ മാതൃക അവതരിപ്പിക്കാന്‍ സിപിഐ എമ്മിനും എല്‍ഡിഎഫിനും കഴിയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന പ്ലീനം, പാര്‍ടിയില്‍ വിഭാഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിഭാഗീയത പാര്‍ടിയില്‍ ഏറെക്കുറെ ഇല്ലാതായെന്നും അത് എല്ലാ തലങ്ങളിലും പൂര്‍ണതയിലെത്തിക്കണമെന്നതുമാണ് പ്ലീനം പരിഗണിച്ചതെന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍, പാര്‍ടിക്കുമേല്‍ വിഭാഗീയതയുടെ കരിനിഴല്‍ പരത്താനുള്ള മാധ്യമശ്രമങ്ങള്‍ തുടരുകയാണ്. അതിനുവേണ്ടി പാര്‍ടിയുടെ സമുന്നത നേതാവായ വി എസ് അച്യുതാനന്ദന്റെ പേര് ദുരുപയോഗപ്പെടുത്താനും ഇക്കൂട്ടര്‍ക്ക് ഇപ്പോഴും മടിയില്ല. അതിന്റെ ഭാഗമായാണ് "വിഎസ് പ്രഭാവം" മങ്ങിയെന്നും പ്ലീനത്തില്‍ കാര്യമായ സ്ഥാനമില്ലെന്നും വരുത്താനുള്ള ദുഷ്ടബുദ്ധിയോടെയുള്ള വാര്‍ത്തകള്‍ വന്നു. പ്ലീനം നഗറില്‍ ചെങ്കൊടി ഉയര്‍ത്തിയത് വിഎസാണ്. പ്രതിനിധി സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ വിഎസ് സംസാരിക്കുകയും ചെയ്തു. എന്നിട്ടും മാധ്യമങ്ങള്‍ കഥകള്‍ തുടരുന്നു-പ്ലീനത്തിലൂടെ പാര്‍ടി ആര്‍ജിക്കുന്ന പുത്തന്‍ കരുത്തിനെക്കുറിച്ചുള്ള വേവലാതിയോടെ.
(ആര്‍ എസ് ബാബു)
deshabhimani
No comments:
Post a Comment