Monday, November 25, 2013

ചലച്ചിത്രമേള: ഒരുക്കം പാതിവഴിയില്‍

തലസ്ഥാനത്ത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മേളയുടെ ഒരുക്കങ്ങള്‍ അനിശ്ചിതത്വത്തില്‍. ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിതിരിവും മുന്‍മന്ത്രി കെ ബി ഗണേശ്കുമാര്‍ നിയമിച്ച അക്കാദമിയിലെ ജീവനക്കാര്‍ സഹകരിക്കാത്തതും മേളയുടെ സംഘാടനത്തെ ബാധിച്ചു. ചലച്ചിത്ര അക്കാദമിയുടെ വെബ്സൈറ്റിലുണ്ടായ തകരാറുകാരണം ആദ്യം രജിസ്റ്റര്‍ ചെയ്ത പലര്‍ക്കും ഇതുവരെ പണമടയ്ക്കാന്‍ കഴിഞ്ഞില്ല. ഇവര്‍ക്ക് പണമടയ്ക്കാന്‍ അവസരം നല്‍കുന്നതിനെക്കുറിച്ച് സംഘാടകര്‍ അറിയിപ്പും നല്‍കിയില്ല.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഈ മാസം എട്ടിന് തുടങ്ങിയിരുന്നു. എണ്ണായിരത്തിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും 3000 പേര്‍ക്ക് ഇതുവരെ രസീത് കിട്ടിയിട്ടില്ല. മുമ്പ് മേളയുടെ ഒരുക്കങ്ങള്‍ മാസങ്ങള്‍ക്കുമുമ്പേ പൂര്‍ത്തിയാക്കിയിരുന്നു. വിവിധ കമ്മിറ്റികള്‍ വിളിച്ചുചേര്‍ക്കുകയും നടത്തിപ്പിനാവശ്യമായ പ്രവര്‍ത്തനങ്ങര്‍ നടത്തുകയുംചെയ്തു. ഇത്തവണ ഇതുവരെ ഉദ്ഘാടനചിത്രം പോലും തീരുമാനിച്ചിട്ടില്ല. മേളയിലെത്തുന്ന ചലച്ചിത്ര പ്രതിഭകളെ ഉള്‍പ്പെടുത്തി നടത്തുന്ന "മുഖാമുഖം" പരിപാടിയിലേക്ക് വന്‍ പണവും വിമാനടിക്കറ്റും നല്‍കി മുംബൈയില്‍ നിന്നാണ് അഭിമുഖം നടത്തുന്നവരെ കൊണ്ടുവരുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലുമുള്ള ചലച്ചിത്രപ്രവര്‍ത്തകരും എഴുത്തുകാരും അധ്യാപകരും ഉള്‍പ്പെടെയുള്ളവരാണ് അഭിമുഖം നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം 12 തിയറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിച്ചിരുന്നതെങ്കില്‍ ഇത്തവണ 11 തിയറ്ററുകളിലായാണ് മേള. പ്രതിനിധികള്‍ വര്‍ധിച്ചിട്ടും തിയറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാത്തത് മേളയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കും. പല തിയറ്ററുകളിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടേയുള്ളൂ. നിലവില്‍ സിനിമയ്ക്ക് പ്രത്യേക മന്ത്രിയില്ലാത്തതും ചലച്ചിത്ര അക്കാദമി സെക്രട്ടറിയായിരുന്ന കെ മനോജ്കുമാറിന്റെ രാജിയെത്തുടര്‍ന്നും അക്കാദമിയിലെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്.

ഡല്‍ഹിയിലെ കേരള ഹൗസില്‍നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ എസ് രാജേന്ദ്രന്‍നായരാണ് നിലവില്‍ അക്കാദമി സെക്രട്ടറി. മേള നടത്തുന്നതിന് ചുമതലയുള്ള മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗം ഇതുവരെ അക്കാദമിയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ തിരക്കായതിനാല്‍ സംഘാടകസമിതി യോഗത്തില്‍പ്പോലും അദ്ദേഹം പങ്കെടുത്തില്ല. ചെയര്‍മാന്‍ പ്രിയദര്‍ശന്‍ യോഗങ്ങളില്‍ പങ്കെടുക്കാന്‍ മാത്രമാണ് അക്കാദമിയിലെത്തുന്നത്. സിനിമ തെരഞ്ഞെടുത്തവര്‍ക്കിടയിലുള്ള ചേരിതിരിവും ഇത്തവണത്തെ മേളയെ ബാധിക്കും.

ഡിസംബര്‍ ആറിന് ആരംഭിക്കുന്ന മേളയില്‍ ഇത്തവണ 56 രാജ്യങ്ങളില്‍നിന്ന് 16 വിഭാഗങ്ങളിലായി 209 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. രണ്ട് മലയാളചിത്രങ്ങള്‍ ഉള്‍പ്പെടെ മത്സരവിഭാഗത്തില്‍ 14ഉം "മലയാളം സിനിമ ഇന്ന്" വിഭാഗത്തില്‍ ഏഴ് ചിത്രവും പ്രദര്‍ശിപ്പിക്കും. മെക്സിക്കന്‍ സംവിധായകന്‍ ആര്‍തുറോ റിപ്സ്റ്റെയിനാണ് ജൂറി അധ്യക്ഷന്‍.

deshabhimani

No comments:

Post a Comment