Saturday, November 23, 2013

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കരടുവിജ്ഞാപനം ഒരാഴ്ചയ്ക്കകം

പശ്ചിമഘട്ടം സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ സമിതി നിര്‍ദേശങ്ങള്‍ സംബന്ധിച്ച കരടുവിജ്ഞാപനം കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ഒരാഴ്ചയ്ക്കുള്ളില്‍ പ്രസിദ്ധപ്പെടുത്തും. ഇതില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാന്‍ രണ്ടുമാസംമാത്രം സമയമാകും അനുവദിക്കുക. വിജ്ഞാപനം നിയമ മന്ത്രാലയത്തിന്റെ അനുമതിക്ക് അയച്ചിരിക്കയാണ്. നിയമ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടന്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് പരിസ്ഥിതിമന്ത്രാലയം അറിയിച്ചു.

കസ്തൂരിരംഗന്‍ നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പാകില്ലെന്നും അഭിപ്രായമറിയിക്കാന്‍ നാലുമാസം സമയം കിട്ടുമെന്നുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടിരുന്നത്. എന്നാല്‍, പരമാവധി രണ്ടുമാസം സമയമാണ് അനുവദിക്കുകയെന്ന് പരിസ്ഥിതി മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞു. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുമെന്നല്ലാതെ വീണ്ടും താഴെ തട്ടുവരെ പോയുള്ള തെളിവെടുപ്പും കൂടിയാലോചനകളും ഉണ്ടാകില്ല. കസ്തൂരിരംഗന്‍ സമിതി നിര്‍ദേശങ്ങള്‍ മന്ത്രാലയം തത്വത്തില്‍ അംഗീകരിച്ച് കഴിഞ്ഞതാണ്.

അഞ്ച് നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലാക്കുകയും ചെയ്തു. നിര്‍ദേശങ്ങള്‍ തത്വത്തില്‍ അംഗീകരിച്ചതായി അറിയിച്ച് ഓഫീസ് മെമ്മോറാണ്ടവും പുറപ്പെടുവിച്ചു. ഇനി ലഭിക്കുന്ന നിര്‍ദേശങ്ങളിലും പ്രതികരണങ്ങളിലും പ്രസക്തമായ എന്തെങ്കിലുമുണ്ടെന്ന് മന്ത്രാലയത്തിന് ബോധ്യപ്പെട്ടെങ്കില്‍ മാത്രമേ കരടുവിജ്ഞാപനത്തില്‍ മാറ്റമുണ്ടാകൂ. പരിസ്ഥിതി മൃദുല മേഖലയായി തരംതിരിച്ച പ്രദേശത്തില്‍ ഇനിയും മാറ്റത്തിന് സാധ്യതയില്ല. പശ്ചിമഘട്ടമേഖലയുടെ 37 ശതമാനം പ്രദേശമാണ് സമിതി പരിസ്ഥിതിമൃദുലമായി നിര്‍ദേശിക്കുന്നത്.

എന്നാല്‍, കേരളത്തില്‍ പരിസ്ഥിതിമൃദുല പ്രദേശം ആകെ പശ്ചിമഘട്ടമേഖലയുടെ 44.15 ശതമാനമാണ്. അതായത്, 12,477 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം. സംസ്ഥാനത്തെ 123 വില്ലേജുകള്‍ പരിസ്ഥിതി മൃദുലമാകും. പരിസ്ഥിതിമൃദുല പ്രദേശത്ത് നിലവില്‍ അഞ്ചുകാര്യമാണ് മന്ത്രാലയം വിലക്കിയത്. 1. ഖനനം, ക്വാറി, മണല്‍ഖനനം. 2. റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെട്ട വ്യവസായങ്ങള്‍. 3. താപവൈദ്യുതി നിലയങ്ങള്‍. 4. 20000 ചതുരശ്ര മീറ്ററില്‍ അധികം വരുന്ന കെട്ടിങ്ങള്‍. 5. അമ്പത് ഹെക്ടറില്‍ അധികം വരുന്ന ടൗണ്‍ഷിപ്പുകളും മേഖലാ വികസനപദ്ധതികളും. സ്ഥിരമായ ഒരു നിരോധന- നിയന്ത്രണ സംവിധാനം പരിസ്ഥിതിമൃദുല പ്രദേശത്ത് നടപ്പാക്കണമെന്ന് സമിതി നിര്‍ദേശിക്കുന്നുണ്ട്.

ഈ മേഖലയില്‍ ഏത് വികസന- നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും 2006ലെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനം ബാധകമായിരിക്കും. പരിസ്ഥിതി ആഘാത നിര്‍ണയ ഏജന്‍സിയുടെ സൂക്ഷ്മ പരിശോധനയ്ക്കുശേഷമേ ഏത് പ്രവൃത്തിക്കും അനുമതിയുണ്ടാകൂ. പരിസ്ഥിതിമൃദുല പ്രദേശത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലും ഇഐഎ വിജ്ഞാപനം ബാധകമാക്കണമെന്ന് സമിതി നിര്‍ദേശിക്കുന്നു. പരിസ്ഥിതിമൃദുല പ്രദേശമായി പ്രഖ്യാപിച്ച സ്ഥലങ്ങളിലെ ജനങ്ങളുമായി ചര്‍ച്ചചെയ്തശേഷം ആവശ്യമായ ഭേദഗതികളോടെ മാത്രമേ സമിതി റിപ്പോര്‍ട്ട് നടപ്പാക്കാവൂ എന്ന നിര്‍ദേശം സിപിഐ എം മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍, വിശദമായ കൂടിയാലോചനകളും ചര്‍ച്ചകളും ഇനി സാധ്യമല്ലെന്ന നിലപാടാണ് പരിസ്ഥിതി മന്ത്രാലയത്തിന്റേത്.
(എം പ്രശാന്ത്)

deshabhimani

No comments:

Post a Comment