കെപിസിസി വക്താവ് എം എം ഹസന്‍ ചെയര്‍മാനായാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ജനശ്രീ രൂപീകരിച്ചത്. സര്‍ക്കാര്‍ സംവിധാനമായ കുടുംബശ്രീയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ ജനശ്രീ, സബ്സിഡിയോടെ പലിശരഹിത വായ്പയടക്കമുള്ള വാഗ്ദാനങ്ങള്‍ നിരത്തിയാണ് സ്ത്രീകളടക്കമുള്ളവരെ ആകര്‍ഷിപ്പിച്ചത്. ഇത്തരത്തിലൊന്നാണ് കര്‍ഷകര്‍ക്ക് പശുക്കളെ നല്‍കുന്ന പദ്ധതി. രണ്ട് പശുക്കളെ വാങ്ങാന്‍ 75,000 രൂപയും ഒന്നിനാണെങ്കില്‍ 40,000 രൂപയും വായ്പ വാഗ്ദാനം ചെയ്താണ് കര്‍ഷകരെ വലയിലാക്കിയത്. വായ്പത്തുകയുടെ പകുതി സബ്സിഡിയാണെന്നും വിശ്വസിപ്പിച്ചു. മുണ്ടക്കയം പഞ്ചായത്തില്‍ മൊത്തം 80 പശുക്കളെ വാങ്ങാന്‍ കര്‍ഷകര്‍ മുന്നോട്ടുവന്നു. ഒരു പൊതുമേഖലാബാങ്കാണ് വായ്പ അനുവദിച്ചത്. വായ്പ കര്‍ഷകരുടെ പേരിലാണെങ്കിലും ബാങ്ക് തുക നല്‍കിയത് ജനശ്രീയുടെ പേരിലായിരുന്നു. തമിഴ്നാട്ടിലെ മധുരക്കടുത്തുള്ള ഒട്ടംഛത്രം എന്ന സ്ഥലത്ത് പശുക്കളെ ഏര്‍പ്പാടാക്കിയെന്നായിരുന്നു ജനശ്രീ ഭാരവാഹികള്‍ അറിയിച്ചത്. ഇതനുസരിച്ച് ജനശ്രീ നിയോഗിച്ച ഏജന്റുമായി അവിടെ ചെന്ന് പശുക്കളെ വാങ്ങിവന്നവര്‍ കെണിയിലായി. 15 ലിറ്റര്‍ പാല്‍ കിട്ടുമെന്ന് പറഞ്ഞ പശുക്കള്‍ക്ക് രണ്ടോ മൂന്നോ ലിറ്റര്‍ പാല്‍ മാത്രം. ചിലര്‍ക്ക് കിട്ടിയത് മച്ചി പശുക്കളും. മറ്റ് ചിലരുടെ പശുക്കള്‍ പ്രസവിച്ചയുടന്‍ ചത്തുവീണതായും പറയപ്പെടുന്നു. 80 പശുക്കളെ കൊണ്ടുവന്നതില്‍ അമ്പതും മോശമായിരുന്നെന്ന് ഒരു കര്‍ഷകന്‍ പറഞ്ഞു.
പരാതിപ്പെട്ടാല്‍ ജനശ്രീക്കാര്‍ സബ്സിഡി നല്‍കാതിരിക്കുമെന്ന ഭയമാണ് കര്‍ഷകര്‍ക്ക്. അതിനാല്‍ ആരും പരാതിപ്പെടാനും തയ്യാറായിട്ടില്ല. ബാങ്കുകാരുടെ ജപ്തി ഭീഷണി വന്നതോടെ വായ്പത്തുക മുഴുവന്‍ തിരിച്ചടയ്ക്കാനും കര്‍ഷകര്‍ നിര്‍ബന്ധിതരായി. തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവന്ന പശുക്കള്‍ക്ക് കേരളത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനും ജനശ്രീ അധികൃതര്‍ ശ്രമം നടത്തിയിരുന്നു. രോഗം വന്ന പശുക്കളെ പരിശോധിക്കാതെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനാകില്ലെന്ന് ക്ഷീരവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതോടെ ഇവയ്ക്ക് തമിഴ്നാട്ടില്‍നിന്ന് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയതായാണ് സൂചന. ജില്ലയില്‍ അടുത്തിടെ പശുക്കളില്‍ കുളമ്പുരോഗം വ്യാപകമായി കണ്ടെത്തിയിരുന്നു. ജനശ്രീ മുഖേന തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവന്ന പശുക്കളിലൂടെയാണ് രോഗം പടര്‍ന്നതെന്നാണ് സൂചന.
deshabhimani
No comments:
Post a Comment