Saturday, November 23, 2013

ആറന്മുള വിമാനത്താവള അനുമതി പണത്തിന്റെ സ്വാധീനത്താല്‍: പിണറായി

ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയതും വിഴിഞ്ഞം തുറമുഖത്തിന് നല്‍കാതിരിക്കുകയും ചെയ്യുന്നത് പണം നിയന്ത്രിക്കുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിയതിന് തെളിവാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വിമാനത്താവള പദ്ധതിയെ ജനങ്ങള്‍ എതിര്‍ക്കുമ്പോള്‍ ഏതെങ്കിലും ഒരു കൂട്ടരുടെ കച്ചവടതാല്‍പ്പര്യത്തിന് വഴങ്ങേണ്ടവരാണോ അധികൃതരെന്ന് അദ്ദേഹം ചോദിച്ചു.

പി ഗോവിന്ദപ്പിള്ളയുടെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് പുരോഗമന കലാസാഹിത്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ "പി ജി സാഹിത്യം, സംസ്കാരം, ദര്‍ശനം" എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആറന്മുളയില്‍ ചില വ്യക്തികളുടെ താല്‍പ്പര്യം സ്വാധീനം ചെലുത്തിയതായി കാണാം. നല്ല വിളവ് കിട്ടുന്ന വയലാണ് നശിപ്പിക്കുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ 123 വില്ലേജുകളില്‍ ഒരു നിര്‍മാണവും നടത്തരുതെന്ന് പ്രഖ്യാപിച്ചവര്‍ തന്നെയാണ് അതുപോലെ പ്രാധാന്യമേറിയ സ്ഥലത്ത് പരിസ്ഥിതി പ്രശ്നമില്ലെന്ന് പറയുന്നത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ സിപിഐ എം എതിര്‍ക്കുന്നത് രാഷ്ട്രീയമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെയാണ് ഇപ്പോള്‍ 123 വില്ലേജുകള്‍ ഇഎസ്എ പരിധിയില്‍പ്പെടുത്തിയതില്‍ അപാകതയുണ്ടെന്ന് പറഞ്ഞത്. ശാസ്ത്രജ്ഞര്‍ അടക്കമുള്ള വിദഗ്ധര്‍ പരിശോധിച്ച ശേഷമാകണം ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍. ജനങ്ങള്‍ ഒന്നുമല്ല എന്നുവരുന്നത് ശരിയല്ല. പരിസ്ഥിതി സംരക്ഷണമില്ലാതെ സമൂഹത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ല. എന്നാല്‍, പരിസ്ഥിതിയെ തകര്‍ക്കുക എന്നത് മുതലാളിത്തത്തിന്റെ താല്‍പ്പര്യമാണ്. സമൂഹത്തെ വലിയതോതില്‍ പിറകോട്ടടിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്നത്തെ സമൂഹത്തെ രൂപപ്പെടുത്തുന്നതിന് നേതൃത്വം വഹിച്ച വ്യക്തികളും പ്രസ്ഥാനങ്ങളുമെല്ലാം അന്ന് നിലനിന്ന എതിര്‍പ്പുകളെ അതിജീവിച്ചാണ് മുന്നോട്ടുപോയത്.

നവോത്ഥാന നായകര്‍ എന്തിനെയെല്ലാം എതിര്‍ത്തുവോ അതെല്ലാം തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. നവോത്ഥാന നായകര്‍ ജാതീയതയ്ക്കെതിരെ പോരാടിയെങ്കില്‍ അവരുടെ പിന്മുറക്കാരെന്ന് പറയുന്നവരില്‍ ചിലര്‍ ഇന്ന് ജാതീയതയെ അരക്കിട്ടുറപ്പിക്കുന്നു. ജാതി പറയുന്നത് മേന്മയാണ് എന്നുവരെ പരസ്യമായി പറയാന്‍ ചിലര്‍ തയ്യാറാകുമ്പോള്‍ അത് സമൂഹത്തിലുണ്ടാക്കുന്ന ആപത്ത് വലുതാണ്. സാംസ്കാരികമായി ഉന്നതിയില്‍ നില്‍ക്കുന്നവരാണെന്ന് മലയാളികള്‍ അഭിമാനിക്കുന്നു. എന്നാല്‍, പൊതുസംസ്കാരത്തിന് ചേരാത്ത കാര്യങ്ങള്‍ കേള്‍ക്കേണ്ടിവരുന്നു. എങ്ങനെയും പണം സമ്പാദിക്കണമെന്ന മാനസികാവസ്ഥയില്‍ എത്തിയിരിക്കുന്നു.

വിദ്യാഭ്യാസരംഗം പണം സമ്പാദിക്കുന്നതിനുള്ള മാര്‍ഗമായി അധഃപതിപ്പിച്ചു. പണത്തിന്റെ ബലത്തില്‍ പ്രവേശനം നേടുന്നവര്‍ക്ക് എന്ത് സാമൂഹിക പ്രതിബദ്ധതയാണ് ഉണ്ടാവുക. സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് വളരെ അധ്വാനിച്ച വ്യക്തിയാണ് പി ജി. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളോട് എത്രകണ്ട് നീതിചെയ്യാന്‍ കഴിയുമെന്നതാണ് മുഖ്യമെന്ന് പിണറായി പറഞ്ഞു.

കവയിത്രി സുഗതകുമാരി ആദ്യപ്രതി ഏറ്റുവാങ്ങി. പുരോഗമന കലാസാഹിത്യസംഘം ജില്ലാപ്രസിഡന്റ് നീലംപേരൂര്‍ മധുസൂദനന്‍നായര്‍ അധ്യക്ഷനായി. മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, പ്രൊഫ. വി എന്‍ മുരളി, സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, വിനോദ് വൈശാഖി, പാര്‍വതീദേവി തുടങ്ങിയവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment