എഡിന്‍ബര്‍ഗ്: ബ്രിട്ടനില്‍നിന്ന് (യുണൈറ്റഡ് കിങ്ഡം) വേര്‍പെട്ട് സ്വതന്ത്രരാജ്യമാകാന്‍ ആഗ്രഹിക്കുന്ന സ്കോട്ട്ലന്‍ഡ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച രൂപരേഖ പുറത്തിറക്കി. സ്വതന്ത്രരാജ്യമാകണോയെന്ന ഹിതപരിശോധനയില്‍ 2014 സെപ്തംബര്‍ 18നാണ് സ്കോട്ട്ലന്‍ഡ് ജനത വിധിയെഴുതുക. ഇതിനു മുന്നോടിയായാണ് സ്വാതന്ത്ര്യരൂപരേഖ സ്കോട്ട്ലന്‍ഡ് സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയത്. കൂടുതല്‍ ജനാധിപത്യപരവും സമൃദ്ധവും മാന്യവുമായ രാജ്യമാകും സ്വാതന്ത്ര്യത്തിലൂടെ സാധ്യമാവുകയെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ "ധവളപത്ര"ത്തില്‍ പറയുന്നു. രാജ്യത്തിന്റെ നാണയം, നികുതി, വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ സ്വാതന്ത്ര്യം സൃഷ്ടിക്കുന്ന പ്രതിഫലനങ്ങളും രൂപരേഖയില്‍ വ്യക്തമായി പ്രതിപാദിക്കുന്നു. യുണൈറ്റഡ് കിങ്ഡത്തിന്റെ ഭാഗമായ സ്കോട്ട്ലന്‍ഡില്‍ 1999 മുതല്‍ സ്വന്തമായ പാര്‍ലമെന്റും നിയമസംവിധാനവുമുണ്ട്. ഭരണത്തിലുള്ള സ്കോട്ടിഷ് നാഷണല്‍ പാര്‍ടി സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു. എന്നാല്‍, പ്രതിപക്ഷ ലേബര്‍, കണ്‍സര്‍വേറ്റീവ് പാര്‍ടികള്‍ ഇതിന് എതിരാണ്.
ചാരവൃത്തിക്കെതിരെ യുഎന്‍ പ്രമേയം
ഐക്യരാഷ്ട്രകേന്ദ്രം: അമേരിക്കയുടെ ആഗോളചാരവൃത്തിക്കെതിരെ ലോകവ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭയുടെ അവകാശ സമിതി "സ്വകാര്യതാ അവകാശ" പ്രമേയം പാസാക്കി. നിരീക്ഷണത്തിന്റെയും വിവരശേഖരണത്തിന്റെയും പേരില്‍ സര്‍ക്കാരുകള്‍ നടത്തുന്ന പ്രവര്‍ത്തനം മനുഷ്യാവകാശങ്ങളെ ഹനിക്കുന്നതാണെന്ന് പറയുന്ന പ്രമേയം ഒരു രാജ്യത്തെയും പേരെടുത്തുപറഞ്ഞ് കുറ്റപ്പെടുത്തുന്നില്ല. സ്വന്തം പരിധിക്കപ്പുറമുള്ള ഇത്തരം നിരീക്ഷണപ്രവര്‍ത്തനങ്ങളുടെ മോശം പ്രത്യാഘാതത്തില്‍ അതീവ ആശങ്കയുണ്ടെന്നും യുഎന്‍ പൊതുസഭയുടെ അവകാശ സമിതി അഭിപ്രായപ്പെട്ടു. പ്രമേയം പിന്നീട് യുഎന്‍ പൊതുസഭയില്‍ വോട്ടിനിടും. അമേരിക്കയുടെ ചാരവൃത്തിക്കിരയായ ജര്‍മനിയുടെയും ബ്രസീലിന്റെയും നേതൃത്വത്തില്‍ കൊണ്ടുവന്ന പ്രമേയത്തെ അമേരിക്കയും കൂട്ടാളികളായ ബ്രിട്ടന്‍, ഓസ്ട്രേലിയ, ക്യാനഡ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളും സമവായത്തെതുടര്‍ന്ന് അനുകൂലിച്ചു. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റുസേഫ് എന്നിവരടക്കം 37 രാഷ്ട്രനേതാക്കളുടെ ഫോണ്‍ സംഭാഷണം അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ചോര്‍ത്തിയെന്നാണ് എഡ്വേഡ് സ്നോഡെന്‍ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നത്.
ബുദ്ധന്‍ ജീവിച്ചത് ബിസി ആറാംശതകത്തിലെന്ന് കണ്ടെത്തല്‍
കാട്മണ്ഡു: ഗൗതമബുദ്ധന്‍ ജീവിച്ചിരുന്നത് ബിസി ആറാം ശതകത്തിലെന്ന് കണ്ടെത്തല്‍. ബുദ്ധന്റെ ജന്മസ്ഥലമായ തെക്കന്‍ നേപ്പാളിലുള്ള ലുംബിനിയിലെ മായാദേവി ക്ഷേത്രത്തോടനുബന്ധിച്ചു നടത്തിയ ഉല്‍ഖനനത്തിലാണ് മരത്തില്‍ നിര്‍മിച്ച ക്ഷേത്രവും ശേഷിപ്പുകളും കണ്ടെത്തിയത്. കുഴിച്ചെടുത്ത പുരാവസ്തുക്കള്‍ ശാസ്ത്രീയ പരിശോധന നടത്തിയതില്‍ നിന്നാണ് ബുദ്ധന്റെ ജീവിതകാലം സംബന്ധിച്ച പുതിയ കണ്ടെത്തല്‍. ബിസി മൂന്നോ നാലോ നൂറ്റാണ്ടാണ് ബുദ്ധ ജീവിതകാലമെന്നായിരുന്നു ഇതുവരെയുള്ള ധാരണ. ബുദ്ധന്റെ ജനനം സംബന്ധിച്ച് കൃത്യമായ വിവരം നല്‍കുന്ന ആദ്യത്തെ ചരിത്രശേഷിപ്പാണ് കുഴിച്ചെടുത്തത്. ജന്മസ്ഥാനമായി കണക്കാക്കുന്ന യുനസ്കോ പൈതൃക പട്ടികയിലുള്ള ലുംബിനിയിലെ മായാദേവി ക്ഷേത്രത്തിനടിയിലാണ് ശേഷിപ്പ്. ശിലാക്ഷേത്രത്തിനടിയില്‍ തെളിഞ്ഞ മര ശേഷിപ്പുകള്‍ക്കിടയില്‍ വിശാലമായ ഒഴിഞ്ഞ ഭാഗമുണ്ട്. ബുദ്ധന്റെ ജനനവുമായി ബന്ധപ്പെട്ട കഥയുടെ കേന്ദ്രം ഇതാണെന്ന് കരുതുന്നു. ലുംബിനി തോട്ടത്തിലെ വൃക്ഷഛായയിലാണ് ബുദ്ധന്‍ പിറന്നതെന്നാണ് കഥ. ഇപ്പോള്‍ കണ്ടെത്തിയ സ്ഥലത്ത് അത്തരമൊരു വൃക്ഷം ഉണ്ടാകാനുള്ള സാധ്യത പുരാവസ്തുഗവേഷകര്‍ കാണുന്നു.
ബുദ്ധന്റെ ജീവിതകാലം സംബന്ധിച്ച് ചരിത്രവസ്തുതകളുടെ പിന്‍ബലമുള്ള ആദ്യ കണ്ടെത്തലാണിതെന്ന് ദര്‍ഹം സര്‍വകലാശാലയിലെ ആര്‍ക്കിയോളജി വിഭാഗം മേധാവി പ്രൊഫ. റോബിന്‍ കോണിങ്ഹാം പറഞ്ഞു. ലുംബിനിയില്‍ ഗവേഷണം നടത്തുന്ന അന്തരാഷ്ട്ര തലത്തിലുള്ള ഒരുസംഘം പുരാശാസ്ത്രജ്ഞരുടെ സംഘത്തിന്റെ കോ ഡയറക്ടറാണ് കോണിങ്ഹാം. ബിസി മൂന്നാംശതകത്തിലോ നാലാം ശതകത്തിലോ ആണ് ബുദ്ധന്‍ ജീവിച്ചിരുന്നതെന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. അതിനുംമുമ്പാണ് അദ്ദേഹത്തിന്റെ ജീവിതകാലമെന്ന് പുതിയ കണ്ടെത്തലുകള്‍ തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. റേഡിയോ കാര്‍ബണും പ്രകാശ സാങ്കേതികവിദ്യയും സംയോജിപ്പിച്ചുകൊണ്ടുള്ള ശാസ്ത്രീയപരിശോധനയിലൂടെയാണ് ശേഷിപ്പുകളുടെ പഴക്കം നിര്‍ണയിച്ചത്. നാഷണല്‍ ജോഗ്രാഫിക് സൊസൈറ്റി ജേണലിലാണ് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്.
ജനീവയില്‍ അധികാരം അടിയറവയ്ക്കില്ല: സിറിയ
ഡമാസ്കസ്: ജനുവരിയില്‍ ജനീവയില്‍ യുഎന്‍ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് സിറിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍, പാശ്ചാത്യചേരിയുടെ സമ്മര്‍ദത്തിനു വഴങ്ങി അധികാരം അടിയറവയ്ക്കുന്ന പ്രശ്നമില്ലെന്നും സിറിയന്‍ നേതൃത്വത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ "സനാ" റിപ്പോര്‍ട്ട്ചെയ്തു. "കൊളോണിയല്‍ യുഗം അവസാനിച്ചുകഴിഞ്ഞു. സിറിയയുടെ ഔദ്യോഗിക നേതൃത്വം ജനീവയിലേക്ക് പോകുന്നത് അവിടെ അധികാരം അടിയറവയ്ക്കാനല്ല. സിറിയന്‍ ജനതയുടെ അഭിലാഷം പ്രതിഫലിപ്പിക്കാനാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ ശ്രമിക്കുക. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ഭീകരതയെ ഉന്മൂലനംചെയ്യണമെന്നാണ് ആവശ്യപ്പെടുക"- സിറിയന്‍ വിദേശമന്ത്രാലയം വ്യക്തമാക്കി. പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജിവയ്ക്കണമെന്ന വിമതകലാപകാരികളുടെയും അവരെ പിന്തുണയ്ക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെയും മുന്നുപാധി അംഗീകരിക്കില്ലെന്നാണ് സിറിയയുടെ പ്രതികരണം വ്യക്തമാക്കുന്നത്. ചര്‍ച്ചയ്ക്ക് ഒരു മുന്നുപാധിയും പാടില്ലെന്ന് സിറിയന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഇറാനും നിര്‍ദേശിച്ചു.
deshabhimani
No comments:
Post a Comment