Sunday, November 24, 2013

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കരുത്

കല്‍പ്പറ്റ: പശ്ചിമഘട്ട ജൈവമേഖല സംരക്ഷിക്കാനെന്ന പേരില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ആദിവാസി ക്ഷേമസമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയില്‍ 13 വില്ലേജുകളാണ് കസ്തൂരിരംഗന്‍ പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുത്തിയത്. ആദിവാസികള്‍ ഉള്‍പ്പെടെ തിങ്ങിപ്പാര്‍ക്കുന്ന ജനവാസമേഖലയിലെ സാധാരണ ജീവിതത്തെപ്പോലും തടസപ്പെടുത്തുന്ന നടപടിയാണിന്റേത്. പരിസ്ഥിതി സംരക്ഷിക്കേണ്ടത് ജീവജാലങ്ങളുടെ നിലനില്‍പ്പിന് അനിവാര്യമാണ്. എന്നാല്‍ പരിസ്ഥിസംരക്ഷിക്കാനെന്ന പേരില്‍ പരിസ്ഥിതിയുടെ അവിഭാജ്യഘടകമായ മനുഷ്യനെ നിരാകരിക്കുന്നത് നീതിയല്ല. ജനപിന്തുണയോടെയാണ് പരിസ്ഥിതി സംരക്ഷിക്കേണ്ടത്. മനുഷ്യന്‍ ഇല്ലാതെ പരിസ്ഥിതിയില്ലെന്ന ശാസ്ത്രീയ കാഴ്ചപ്പാട് മറന്നുകൊണ്ട് പരിസ്ഥിതി സംരക്ഷണം അടിച്ചേല്‍പ്പിക്കാനാണ് മാധവ്ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ സമിതികള്‍ ശുപാര്‍ശ ചെയ്യുന്നത്. ജനാധിപത്യ ഭരണസംവിധാനങ്ങള്‍, ഗ്രാമസഭ ഉള്‍പ്പെടെയുള്ള ജനാധിപത്യവേദികളിലൊന്നും ചര്‍ച്ച നടത്താതെയും കര്‍ഷകര്‍, ആദിവാസികള്‍, തൊഴിലാളികള്‍ എന്നിവരോട് അഭിപ്രായം ആരായുകയുംചെയ്യാതെ ചില ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും തയ്യാറാക്കിയ റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടപ്പാക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.

വനത്തിലും വനത്തോട് ചേര്‍ന്നും കഴിയുന്ന ആദിവാസികള്‍ എക്കാലത്തും കാടിന്റെയും പ്രകൃതിയുടേയും സംരക്ഷകരായിരുന്നു. മുതലാളിത്ത വളര്‍ച്ചക്കായി വന്‍തോതില്‍ വനം നശിപ്പിച്ചവരും പ്രകൃതിയെ വന്‍തോതില്‍ ചൂഷണം ചെയ്തവരുമാണ് പരിസ്ഥിതി സംരക്ഷകരായി പുനരവതരിക്കുന്നത്. നിരവധി പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ഇന്ത്യന്‍ പാര്‍ലമെന്റ് വനാവകാശനിയമം നടപ്പാക്കിയത്. ഈ നിയമത്തിന്റെ ഭാഗമായി ലഭിച്ച ഭൂമിയില്‍ കൃഷിചെയ്ത് വീട് വെച്ച് താമസിക്കുന്ന ആദിവാസികളെ ദുരിതപൂര്‍ണമായ സാഹചര്യത്തിലേക്ക് തള്ളിവിടുന്ന ജനവിരുദ്ധ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുമായി ചര്‍ച്ച നടത്തി പരിസ്ഥിതി സംരക്ഷിക്കാന്‍ പദ്ധതി തയ്യാറാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.കസ്തൂരിരംഗന്‍ സമിതി ശുപാര്‍ശകള്‍ക്കെതിരെ ജില്ലയില്‍ വിവിധ പ്രസ്ഥാനങ്ങള്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു.

പശ്ചിമഘട്ടം സംരക്ഷിക്കണം

കോഴിക്കോട്: ജനങ്ങളുടെ ആശങ്ക പരിഹരിച്ച് പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ സ്പെഷല്‍ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം വി ബേബി ഉദ്ഘാടനം ചെയ്തു.

കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇരുട്ടില്‍ തപ്പുകയാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും സാരാംശങ്ങള്‍ നടപ്പിലാക്കാന്‍ കഴിയണം. താമരശേരി റെയിഞ്ച് ഓഫീസ് ആക്രമണ കേസ് സിബിഐ അന്വേഷിക്കണം. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞന്‍ ഡോ. ടി വി സജീവ്, ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ അവലോകനം നടത്തി. അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ ജയകുമാര്‍ വിഷയം അവതരിപ്പിച്ചു. അസോസിയേഷന്‍ നേതാക്കളായ എം വി ബേബി, എന്‍ ശ്രീകുമാര്‍, എം എസ് ബിനുകുമാര്‍, എം പി ജേക്കബ്, പി ഒ അപ്പച്ചന്‍, ശശികുമാര്‍, എന്‍ വി സത്യന്‍, പി ബാബു എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ പ്രോത്സാഹന അവാര്‍ഡ് എന്‍ ശ്രീകുമാര്‍ വിതരണം ചെയ്തു. അസോസിയേഷന്‍ മുന്‍ നേതാക്കളെ യോഗത്തില്‍ ആദരിച്ചു. ജില്ലാ പ്രസിഡന്റ് പി പ്രഭാകരന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ഗിരീഷ് സ്വാഗതവും കെ പി അഭിലാഷ് നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment