വൈദ്യുതിബോര്‍ഡിനെയും പാരമ്പര്യേതര വൈദ്യുതി ഏജന്‍സിയായ അനെര്‍ട്ടിനെയും തഴഞ്ഞ് സ്വകാര്യ കമ്പനികള്‍ക്ക് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുന്നതാണ് കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ഈ നയത്തിന്റെ കരട് മെയ് അവസാനം ചേര്‍ന്ന മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്തിരുന്നു. തുടര്‍ന്ന് അന്തിമരൂപം നല്‍കുന്നതിനുള്ള അണിയറനീക്കം നടക്കവെയാണ് സരിതയും ബിജുവും അകത്താവുകയും പ്രതികളുടെ ഉന്നതബന്ധം പുറത്താവുകയും ചെയ്തത്. ഇതിനിടയില്‍ സരിതയും ബിജുവും മുഖ്യ പങ്കാളികളായുള്ള തട്ടിപ്പുസംഘം സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് തയ്യാറാക്കിയ നയം അംഗീകരിച്ചാലുണ്ടാകുന്ന വിവാദം ഭയന്ന് നയം മാറ്റിവയ്ക്കുകയായിരുന്നു.
രണ്ടായിരത്തി മുപ്പതോടെ 2500 മെഗാവാട്ട് സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കുമെന്ന് നയത്തില്‍ പറയുന്നു. ഒരു കിലോവാട്ട് സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിക്ക് 1.25 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. ഒരു മെഗവാട്ട് ആകുമ്പോള്‍ 12.5 കോടി രൂപ. 2500 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് ഇതനുസരിച്ച് നിലവിലുള്ള തുക കണക്കാക്കിയാല്‍പ്പോലും 30,000 കോടിയോളം വിനിയോഗിക്കേണ്ടി വരും. 30,000 കോടിയുടെ ഇടപാട് നടക്കുമ്പോള്‍ സബ്സിഡിയായിമാത്രം 10,000 കോടിയിലേറെ സ്വകാര്യകമ്പനികള്‍ക്ക് തട്ടിയെടുക്കാന്‍ കഴിയും. നിലവിലുള്ള സംവിധാനം ഉപയോഗിച്ച് കെഎസ്ഇബിക്കുതന്നെ സൗരോര്‍ജത്തിന്റെ ഉല്‍പ്പാദനവും വിതരണവും ഏറ്റെടുക്കാന്‍ കഴിയുമെങ്കിലും ബോര്‍ഡിനെ പൂര്‍ണമായും പുതിയ നയത്തില്‍ തഴഞ്ഞു.
വൈദ്യുതിവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പാരമ്പര്യേതര ഊര്‍ജ ഏജന്‍സിയായ അനെര്‍ട്ടിനെയും നോക്കുകുത്തിയാക്കി. കെഎസ്ഇബിയില്‍ നിലവില്‍ ആഭ്യന്തര പാരമ്പര്യേതര ഊര്‍ജസെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൗരോര്‍ജപാനലിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനും ഊര്‍ജവിതരണത്തിനുമെല്ലാം കെഎസ്ഇബിക്ക് നിര്‍ണായകമായ പങ്ക് വഹിക്കാനും കഴിയും. എന്നാല്‍, നയത്തില്‍ ഒരിടത്തുപോലും കെഎസ്ഇബിയെ പ്രതിപാദിച്ചില്ല. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച സര്‍ക്കാര്‍ ഏജന്‍സിയാണ് അനെര്‍ട്ട്. സബ്സിഡി ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിതരണസംവിധാനവും അനെര്‍ട്ടിനു കീഴിലാണ്. എന്നാല്‍, അനെര്‍ട്ടിനെ ശക്തിപ്പെടുത്തേണ്ടതുള്‍പ്പെടെയുള്ള ഒന്നും നയത്തില്‍ പറഞ്ഞിട്ടില്ല.
2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകളില്‍ സൗരോര്‍ജപാനല്‍ സ്ഥാപിക്കണമെന്നു പറയുന്നതല്ലാതെ നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു മുന്നൊരുക്കവും പറയുന്നുമില്ല. പൂര്‍ണമായും സ്വകാര്യ ഏജന്‍സികളെ ഉപയോഗിച്ച് സൗരോര്‍ജപാനല്‍ സ്ഥാപിക്കേണ്ടി വരുമെന്നാണ് നയം വ്യക്തമാക്കുന്നത്. നേരത്തെ സരിതയും ബിജുവും സംഘവും ഇരകളോട് പറഞ്ഞതും ഇതായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മറ്റു മന്ത്രിമാരുടെയും വീടുകളിലും സെക്രട്ടറിയറ്റിലുമെല്ലാം സ്വകാര്യ ഏജന്‍സികളാണ് പ്ലാന്റ് സ്ഥാപിച്ചതെന്നും പ്ലാന്റ് സ്ഥാപിക്കാനുള്ള ചുമതല പൂര്‍ണമായും തങ്ങള്‍ക്ക് കിട്ടുമെന്നുമായിരുന്നു സരിതയും ബിജുവും പ്രചരിപ്പിച്ചത്.
ഇതിനായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അവരുടെ ഓഫീസുകളെയും കേന്ദ്രമന്ത്രിമാരെവരെയും ഉപയോഗിച്ചു. ഗുജറാത്തില്‍ പ്രഖ്യാപിച്ച സൗരോര്‍ജനയത്തിന്റെ മറവില്‍ നടത്തിയ ശതകോടികളുടെ അഴിമതി പുറത്തുവന്നതിനെത്തുടര്‍ന്ന് നരേന്ദ്ര മോഡിയും സര്‍ക്കാരും പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. "വികസന"ത്തിന്റെ ഇതേ മാതൃകയാണ് സരിതയ്ക്കുവേണ്ടി ഉമ്മന്‍ചാണ്ടി സര്‍ക്കാരും നടപ്പാക്കാന്‍ ശ്രമിച്ചതും ഇപ്പോള്‍ നയമായി പുറത്തുവന്നതും.
deshabhimani
No comments:
Post a Comment