Saturday, November 30, 2013

ധനുവച്ചപുരത്ത് സംഘപരിവാര്‍ ആക്രമണം അധ്യാപികക്കും വിദ്യാര്‍ഥികള്‍ക്കും പരിക്ക്

ധനുവച്ചപുരത്ത് ഐഎച്ച്്്ആര്‍ഡി കോളേജിലും എന്‍കെഎംഎച്ച്എസ്എസിലും സംഘപരിവാര്‍ ക്രിമിനലുകളുടെ ഭീകരാക്രമണം. നിരവധി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഐഎച്ച്ആര്‍ഡി വിദ്യാര്‍ഥിനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരു അധ്യാപികയും പത്തോളം വിദ്യാര്‍ഥികളും പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് നൂറുകണക്കിന് ആര്‍എസ്എസ്-എബിവിപി അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മാരകായുധങ്ങളും പാറക്കല്ലുകളും മറ്റുമായി എന്‍കെഎംഎച്ച്എസ്എസ് ഗേറ്റ് തകര്‍ത്ത് അകത്തുകടന്ന സംഘം കണ്ണില്‍ക്കണ്ടതെല്ലാം തകര്‍ത്തു. കല്ലേറും നടത്തി. സ്കൂളിന്റെ ഓടുകള്‍ കല്ലേറില്‍ തകര്‍ന്നു. സ്കൂളിനു മുന്നില്‍ സ്ഥാപിച്ച സ്കൂള്‍ സ്ഥാപകനായ നീലകണ്ഠരുടെ പ്രതിമ തകര്‍ത്തു. തുടര്‍ന്ന് സ്കൂളിനടുത്തുള്ള ഐഎച്ച്ആര്‍ഡി കോളേജിന്റെ ജനല്‍ച്ചില്ലുകളും എറിഞ്ഞു തകര്‍ത്തു. ക്ലാസ്മുറികളും കംപ്യൂട്ടര്‍ലാബുകളും തകര്‍ന്നിട്ടുണ്ട്.

കല്ലേറില്‍ തകര്‍ന്ന ചില്ലുകള്‍ വീണാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റത്. ഐഎച്ച്ആര്‍ഡി കോളേജിലെ ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ഥിനി സവിതയെ ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അധ്യാപിക മീര, വിദ്യാര്‍ഥികളായ അഞ്ജു, ലക്ഷ്മി, നന്ദു, വിഘ്നേഷ്, ദീപ, സൗരവ്, അരുണ്‍ തുടങ്ങിയവരാണ് പാറശാല ആശുപത്രിയില്‍ ഉള്ളത്. അധ്യാപകരെയും വിദ്യാര്‍ഥികളെയും ആക്രമിക്കാന്‍ സംഘം തുനിഞ്ഞെങ്കിലും വന്‍ പൊലീസ് സംഘം എത്തിയതിനാല്‍ ഭൂരിപക്ഷം പേരും ഓടി രക്ഷപ്പെട്ടു. രക്ഷപ്പെടാന്‍ ശ്രമിച്ച ഏഴ് സംഘപരിവാര്‍ അക്രമികളെ പൊലീസ് പിടികൂടി. ധനുവച്ചപുരം ഐഎച്ച്ആര്‍ഡി കോളേജില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും എസ്എഫ്ഐ പ്രവര്‍ത്തകരെ ഭീകരമായി മര്‍ദിക്കുകയുംചെയ്ത സംഭവത്തില്‍ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഷിജൂഖാനും സെക്രട്ടറി ടി പി ബിനീഷും പ്രതിഷേധിച്ചു.

എസ്എഫ്ഐനേതാവിനെ പൊലീസ് തല്ലിച്ചതച്ചു

തിരു: എസ്എഫ്ഐ നേതാവിന് പൊലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനം. സജിന്‍ ഷാഹുല്‍ വധക്കേസിലെ സാക്ഷിയും എസ്എഫ്ഐ പാറശാല ഏരിയ കമ്മിറ്റി അഗവുമായ സുഭാഷിനെ(22)യാണ് പാറശാല എസ്ഐ കള്ളക്കേസ് ചുമത്തി കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ സുഭാഷിനെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ്തന്നെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആര്‍എസ്എസ് ബോംബേറില്‍ പരിക്കേറ്റ സുഭാഷ് അടുത്തിടെയാണ് ആശുപത്രി വിട്ടത്. രക്തസാക്ഷി സജിനൊപ്പമായിരുന്നു സുഭാഷിനും പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ധനുവച്ചപുരം ഐഎച്ച്ആര്‍ഡി കോളേജിലും എന്‍കെഎം ഹയര്‍സെക്കന്‍ഡറി സ്കൂളിലും വീണ്ടും ആര്‍എസ്എസ് ആക്രമണം നടത്തിയിരുന്നു. വിവരമറിഞ്ഞ് സംഭവം അന്വേഷിക്കാനെത്തിയപ്പോഴാണ് സുഭാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയത്. തുടര്‍ന്നായിരുന്നു എസ്ഐയുടെ നേതൃത്വത്തില്‍ നിഷ്ഠുര മര്‍ദനം. ബോംബേറില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്നെന്നും പരിക്ക് പൂര്‍ണമായും ഭേദപ്പെട്ടിട്ടില്ലെന്ന് പറഞ്ഞിട്ടും എസ്ഐ മര്‍ദനം തുടര്‍ന്നു. അവശനായ സുഭാഷിനെ കള്ളക്കേസ് ചുമത്തി കോടതിയില്‍ ഹാജരാക്കി ജയിലിലടയ്ക്കുകയായിരുന്നു എസ്ഐയുടെ ലക്ഷ്യം.

സജിന്‍ ഷാഹുലിനൊപ്പം പരിക്കേറ്റ എസ്എഫ്ഐ പ്രവര്‍ത്തകനെ പൊലീസ് പിടിച്ചുകൊണ്ടുപോയതായി വിവരം അറിഞ്ഞതോടെ ജനങ്ങള്‍ പൊലീസ് സ്റ്റേഷനു മുന്നിലെത്തി. രാഷ്ട്രീയ എതിരാളികള്‍പോലും സ്വീകരിക്കാത്ത രാഷ്ട്രീയ വൈരത്തോടെയാണ് പാറശാല എസ്ഐ പെരുമാറിയത്. പ്രതിഷേധം ശക്തമായപ്പോഴാണ് സുഭാഷിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എസ്ഐ തയ്യാറായത്. നെയ്യാറ്റിന്‍കര ആശുപത്രിയിലും പൊലീസ് കാവലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രി വിടുമ്പോള്‍ വീണ്ടും കസ്റ്റഡിയിലെടുക്കാനാണ് നീക്കം. സജിന്‍ ഷാഹുല്‍ വധക്കേസിലെ പ്രതികളെ പിടികൂടാന്‍ തയ്യാറാകാത്ത പൊലീസ് കേസിലെ പ്രധാന സാക്ഷിയെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പൊലീസ് വേട്ടയാടലിനെ സിപിഐ എം പാറശാല ഏരിയ സെക്രട്ടറി കടകുളം ശശിയും എസ്എഫ്ഐ ജില്ലാ സെക്രട്ടറി എ എന്‍ അന്‍സാരിയും അപലപിച്ചു.

deshabhimani

No comments:

Post a Comment