Friday, November 22, 2013

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: ആര്‍ത്തലച്ച് ആറളത്തിന്റെ പ്രതിഷേധം

കണ്ണൂര്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ആറളം ജനകീയ സംരക്ഷണസമിതി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിരുത്തരവാദസമീപനത്തിനെതിരെയുള്ള പ്രക്ഷോഭം മലയോരജനതയുടെ പടയണിയായി. ജില്ലയില്‍ കൊട്ടിയൂര്‍, ആറളം, ചെറുവാഞ്ചേരി പ്രദേശങ്ങളാണ് പരിസ്ഥിതിലോല വില്ലേജുകളുടെ പട്ടികയിലുള്ളത്. ശാസ്ത്രീയപഠനം നടത്താതെയാണ് ഈ പ്രദേശങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ജനകീയ സംരക്ഷണസമിതി ചൂണ്ടിക്കാണിക്കുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പായാല്‍ അത് നിരവധി കുടുംബങ്ങളെ ബാധിക്കും. കാട്ടുമൃഗങ്ങളുടെ ശല്യവും മലമ്പനി അടക്കമുള്ള രോഗങ്ങളെയും പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ചാണ് ആറളത്തെ ജനത കഴിയുന്നത്. കഴിഞ്ഞ 13ന് റിപ്പോര്‍ട്ട് അടിയന്തരമായി നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതോടെ മലയോര ജനത ആശങ്കയുടെ മുള്‍മുനയിലാണ്. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും മറ്റും നടത്തുന്ന പ്രസ്താവനകള്‍ കണ്ണില്‍പൊടിയിടാനാണെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണപരാജയമായി. കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ അന്തിമപോരാട്ടം ആവശ്യമാണെന്ന ഘട്ടത്തിലാണ് ജാതിമത, രാഷ്ട്രീയദേഭമെന്യേ ആറളത്തിന്റെ മക്കള്‍ മലയിറങ്ങിയത്. പ്രതിഷേധമുദ്രാവാക്യങ്ങളാല്‍ നഗരവീഥികള്‍ പ്രകമ്പനംകൊണ്ടു.

സെന്റ്മൈക്കിള്‍ സ്കൂള്‍ മൈതാനിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളടക്കം ആയിരങ്ങള്‍ അണിചേര്‍ന്നു. കര്‍ഷകപാരമ്പര്യത്തിന്റെ പ്രതീകമായി പാളത്തൊപ്പിയും അണിഞ്ഞാണ് പലരും എത്തിയത്. ഉദ്ഘാടനച്ചടങ്ങ് അവസാനിക്കും വരെ ഇവര്‍ പൊരിവെയിലില്‍ കുത്തിയിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ആറളത്ത് ഹര്‍ത്താല്‍ ആചരിച്ചു. കൊട്ടിയൂരിലെ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശനസുരക്ഷയാണ് കണ്ണൂരില്‍ ഏര്‍പ്പെടുത്തിയത്. ആറളത്തുനിന്നും പുറപ്പെട്ട വാഹനങ്ങളെയും ആളുകളെയും പൊലീസ് വീഡിയോയില്‍ പകര്‍ത്തി. കണ്ണൂരിലും ഇത് ആവര്‍ത്തിച്ചു. നിശ്ചിത നിറത്തിലുള്ള ബാഡ്ജ് പ്രതിഷേധക്കാര്‍ ധരിച്ചിരുന്നു. വാര്‍ഡ് അടിസ്ഥാനത്തിലാണ് ഇവര്‍ അണിനിരന്നത്. ഡിവൈഎസ്പി എം പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ വന്‍സന്നാഹങ്ങളും ഒരുക്കി.

ആകാശത്തിലിരുന്ന് വീക്ഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ ഭൂമിയിലിറങ്ങണമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത തലശേരി അതിരൂപത ആര്‍ച്ച് ബിഷപ് ജോര്‍ജ് വലിയമറ്റം പറഞ്ഞു. മന്ത്രിമാരുടെയും മറ്റും ഉറപ്പല്ല ആവശ്യം. റിപ്പോര്‍ട്ടില്‍ ന്യായമായ തിരുത്തലുകളാണ്. കര്‍ഷകര്‍ പരിസ്ഥിതിസംരക്ഷകരാണെന്നും കാര്യങ്ങള്‍ പഠിക്കാത്തവരാണ് പരിസ്ഥിതി വിരുദ്ധരെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടിന്റെ എല്ലാ വശങ്ങളും പഠിക്കാന്‍ കര്‍ഷകര്‍ തയ്യാറാവണമെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു. കര്‍ഷകര്‍ക്ക് കുടിയിറങ്ങേണ്ട അവസ്ഥയുണ്ടായാല്‍ താനും സണ്ണിജോസഫ് എംഎല്‍എയും രാജിവയ്ക്കുമെന്നും സുധാകരന്‍ പറഞ്ഞു. സണ്ണിജോസഫ് എംഎല്‍എ അധ്യക്ഷനായി. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, ജയിംസ് മാത്യു എംഎല്‍എ, സിപിഐ എം സംസ്ഥാനകമ്മറ്റി അംഗം എം വി ജയരാജന്‍, കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, ഫാ. ആന്‍ഡ്രൂസ് തെക്കേല്‍, പി ടി ജോസ്, എ പ്രദീപന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി ടി തോമസ് സ്വാഗതം പറഞ്ഞു.

റിപ്പോര്‍ട്ട് പ്രാബല്യത്തിലാക്കണമെന്ന കേന്ദ്ര ഉത്തരവ് പിന്‍വലിക്കണം: പി ജയരാജന്‍

കണ്ണൂര്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അടിയന്തരമായി പ്രാബല്യത്തിലാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആവശ്യപ്പെട്ടു. ഇത് താല്‍ക്കാലിക നിര്‍ദേശമാണെന്നും കരട് റിപ്പോര്‍ട്ടാണെന്നുമുള്ള പ്രചാരണം ജനങ്ങളുടെ ആശങ്ക അകറ്റില്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിക്കൂട്ടിലാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ആറളം ജനകീയ വികസനസമിതി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആറു സംസ്ഥാനങ്ങളെ തൊട്ടുകിടക്കുന്ന പശ്ചിമഘട്ടത്തിന്റെ സംരക്ഷണം പ്രധാനമാണ്. ഇതില്‍ അധിവസിക്കുന്ന ജന്തുജാലങ്ങള്‍, സസ്യവൈവിധ്യം എന്നിവയും പ്രകൃതിയുടെ ഭാഗമാണ്. എന്നാല്‍ മനുഷ്യനെ മറന്നുള്ള പ്രവര്‍ത്തനങ്ങളല്ല വേണ്ടത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും മറ്റും നല്‍കുന്ന വാഗ്ദാനങ്ങള്‍ ഉടന്‍ പാലിക്കുകയാണ് ആവശ്യം. കഴിഞ്ഞ 13ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവാണ് ഈ പ്രദേശങ്ങളിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തിയത്. സംശയങ്ങള്‍ പരിഹിക്കാന്‍ വിദഗ്ധ പഠനവും മറ്റും നടത്തണം. പ്രസ്താവനകളും വാഗ്ദാനങ്ങളുംകൊണ്ട് കാര്യമില്ല. കസ്തൂരിരംഗന്‍ വിഷയത്തില്‍ ഇടതുപക്ഷം മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നുവെന്നാണ് ചില കേന്ദ്രങ്ങള്‍ ആരോപിക്കുന്നത്. ഇത് വസ്തുതാവിരുദ്ധമാണ്. മണ്ണിന്റെയും മനുഷ്യന്റെയുമെല്ലാം കാര്യത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് കൃത്യമായ നിലപാടുണ്ട്. പ്രതികൂല കാലാവസ്ഥയോടും ദുര്‍ഘടസാഹചര്യങ്ങളോടും പടവെട്ടി പൊന്നുവിളയിച്ച മണ്ണിന്റെ മക്കളുടെ പ്രശ്നങ്ങള്‍ സിപിഐ എം ഏറ്റെടുക്കും. 1930കള്‍ മുതലാരംഭിച്ച കുടിയേറ്റം ഈ നാടിന്റെ മുഖച്ഛായ മാറ്റിയിട്ടുണ്ട്. എ കെ ജി അടക്കമുള്ള മഹാന്മാരായ നേതാക്കള്‍ കുടിയിറക്കിനെതിരെ ഉജ്വലമായ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. അധ്വാനിക്കുന്ന മനുഷ്യരുടെ പക്ഷത്തുനിന്ന് അനിവാര്യമായ പോരാട്ടത്തിന് നേതൃത്വം നല്‍കുമെന്നും പി ജയരാജന്‍ പറഞ്ഞു.

ബിഷപ്പിന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നല്‍കി സുധാകരന്‍ പരിഹാസ്യനായി

കണ്ണൂര്‍: തലശേരി അതിരൂപത ആര്‍ച്ച് ബിഷപ് ജോര്‍ജ് വലിയമറ്റത്തിന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കി കെ സുധാകരന്‍ എംപി പരിഹാസ്യനായി. 2012ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടാണ് ഇത്. അപ്പോള്‍തന്നെ എംപിമാര്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചിരുന്നു. "ഇത് നന്നായി വായിച്ചുനോക്കണം. എന്നാലേ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ കാര്യങ്ങളെക്കുറിച്ച് ഗ്രാഹ്യമുണ്ടാകൂ" എന്നാണ് സുധാകരന്‍ ബിഷപ്പിനെ ഉപദേശിച്ചത്. പലതവണകളിലായി സമരം നടത്തിയ ജനകീയ സംരക്ഷണസമിതിയുടെ നേതാക്കളെയും ബിഷപ്പിനെയും പരിഹസിക്കുന്നതിന് തുല്യമായി സുധാകരന്റെ പ്രവൃത്തി. 2013 നവംബര്‍ 13നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അടിയന്തരമായി നടപ്പാക്കണമെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയത്. തന്റെ മണ്ഡലത്തിലെ വലിയ ഭൂപ്രദേശത്തിന്റെയും ആയിരക്കണക്കിന് ആളുകളുടെയും പ്രശ്നം കൈകാര്യം ചെയ്യാന്‍ ജനപ്രതിനിധിയെന്ന നിലയില്‍ സുധാകരന് സാധിച്ചില്ല. തന്റെ കഴിവുകേട് മറയ്ക്കാന്‍ കലക്ടറേറ്റ് മാര്‍ച്ചിന്റെ വേദിയില്‍ പതിവ് മൈതാനപ്രസംഗത്തിന് അദ്ദേഹം മുതിരുകയും ചെയ്തു. താനും സണ്ണിജോസഫുമൊക്കെ ജനപ്രതിനിധി സ്ഥാനം രാജിവയ്ക്കുമെന്നാണ് സുധാകരന്‍ വീമ്പടിച്ചത്. എന്നാല്‍ സുധാകരന്റെ കാപട്യം തിരിച്ചറിഞ്ഞ ജനങ്ങള്‍ മുറുമുറുക്കുന്നുണ്ടായിരുന്നു. സുധാകരന്റെ പ്രസംഗം കേട്ടപ്പോള്‍ സമരംനിര്‍ത്തി പോകണമെന്നാണ് തോന്നിയതെന്ന് ബിഷപ് പ്രതികരിച്ചു. ഇത്തരം വാക്കുകള്‍ കുറേ കേട്ടതാണ്. എന്നാല്‍, ഉദ്ദേശിച്ച കാര്യം നേടാതെ മന്ത്രിമാരുടെയും മറ്റുള്ളവരുടെയും ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം നിര്‍ത്തില്ലെന്നും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി.

deshabhimani

No comments:

Post a Comment