Tuesday, November 26, 2013

സിപിഐ എം സംസ്ഥാന പ്ലീനത്തിന് പതാകയുയര്‍ന്നു

ബുധനാഴ്ച മുതല്‍ 29 വരെ പാലക്കാട് നടക്കുന്ന സിപിഐ എം സംസ്ഥാന പ്ലീനത്തിന് സമ്മേളന നഗറില്‍ പതാകയുയര്‍ന്നു. മുതിര്‍ന്ന സിപിഐ എം നേതാവ് ടി ശിവദാസമേനോന്‍ പതാകയുയര്‍ത്തി. രക്തസാക്ഷി കുടീരങ്ങളില്‍നിന്ന് നിരവധിപേരുടെ അകമ്പടിയോടെ കൊണ്ടുവന്ന പതാക, കൊടിമര, ദീപശിഖ ജാഥകള്‍ വൈകീട്ട് അഞ്ച് മണിയോടെ സമ്മേളന നഗരിയില്‍ സമ്മേളിച്ചു. തുടര്‍ന്നാണ് പതാകയുയര്‍ത്തിയത് .സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, പി കെ ഗുരുദാസന്‍, പി കരുണാകരന്‍ എം പി, എ കെ ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബുധനാഴ്ച രാവിലെ പത്തിന് ഇ എം എസ് നഗറില്‍ (പാലക്കാട് ടൗണ്‍ഹാള്‍) പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധിസമ്മേളനം ആരംഭിക്കും. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. ആറ് പി ബി അംഗങ്ങള്‍, 87 സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍, 202 ഏരിയ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 408 പ്രതിനിധികള്‍ പങ്കെടുക്കും
 
29ന് വൈകിട്ട് സ്റ്റേഡിയം ഗ്രൗണ്ടിലെ എ കെ ജി നഗറിലാണ് പൊതുസമ്മേളനം. രണ്ടു ലക്ഷംപേര്‍ റാലിയില്‍ അണിചേരും. 27ന് വൈകിട്ട് നാലിന് കോട്ടമൈതാനിയില്‍ &ഹറൂൗീ;മതനിരപേക്ഷതയും ഇന്ത്യന്‍ ജനാധിപത്യവും&ൃറൂൗീ; എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും. ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍, എം എന്‍ കാരശേരി, ഡോ. ഫസല്‍ ഗഫൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. 28ന് വൈകിട്ട് നാലിന് ഉദാരവല്‍ക്കരണവും ബദല്‍നയങ്ങളുംഎന്ന സെമിനാര്‍ പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ എം മാണി, കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക് എന്നിവര്‍ പ്രഭാഷണം നടത്തും.
 
27, 28 തീയതികളില്‍ കോട്ടമൈതാനിയിലെ പി ഗോവിന്ദപ്പിള്ള നഗറില്‍ സാംസ്കാരികപരിപാടികള്‍ അരങ്ങേറും. 29ന് വൈകിട്ട് നാലിന് പൊതുസമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എസ് രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ സംസാരിക്കും.

deshabhimani

No comments:

Post a Comment