ഇ എം എസ് നഗര്‍: വിപ്ലവ ബഹുജനപ്രസ്ഥാനത്തിന്റെ തുടര്‍മുന്നേറ്റത്തിന് പുതിയ ദിശാബോധവും അവകാശപ്പോരാട്ടങ്ങള്‍ക്കുള്ള കുതിപ്പിന് വേഗവും പകരുന്ന സിപിഐ എം സംസ്ഥാന പ്ലീനത്തിന് പാലക്കാടിന്റെ ചുവന്നമണ്ണില്‍ പ്രോജ്വല തുടക്കം. നാടിന്റെ സവിശേഷസാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ജനകീയപ്രശ്നങ്ങളില്‍ ഇടപെട്ടും പ്രക്ഷോഭങ്ങള്‍ നയിച്ചും സംഘടനയെ കൂടുതല്‍ കരുത്തോടെ, കെട്ടുറപ്പോടെ നയിക്കുമെന്നുള്ള നിശ്ചയദാര്‍ഢ്യത്തോടെയാണ് മൂന്നുനാള്‍ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന് തുടക്കമായത്.
രണാങ്കണത്തില്‍ പൊരുതിവീണ ധീരരക്തസാക്ഷികളുടെ തുടിക്കുന്ന സ്മരണകളിരമ്പവെ തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ വി എസ് അച്യുതാനന്ദന്‍ രക്തപതാക ഉയര്‍ത്തി. പ്ലീനം ലക്ഷ്യമിടുന്ന സംഘടനാമുന്നേറ്റത്തിന് ഇനിയുള്ള നാളുകളില്‍ കര്‍മനിരതരാകുമെന്ന പ്രതിനിധികളുടെ പ്രഖ്യാപനംകൂടിയായി പതാക ഉയര്‍ത്തല്‍ ചടങ്ങ്. തുടര്‍ന്ന് സമ്മേളനനഗരിയില്‍ പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷിമണ്ഡപത്തില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി.
പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്ലീനം ഉദ്ഘാടനംചെയ്തു. വി എസ്് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തല്‍ പ്രസംഗം നടത്തി. കോടിയേരി ബാലകൃഷ്ണന്‍ അനുശോചനപ്രമേയവും രക്തസാക്ഷിപ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എ കെ ബാലന്‍ സ്വാഗതം പറഞ്ഞു. ഉദ്ഘാടനസമ്മേളനത്തിനു ശേഷം ആരംഭിച്ച പ്ലീനത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സംഘടനാരേഖ അവതരിപ്പിച്ചു.
തുടര്‍ന്ന് രേഖയെ അടിസ്ഥാനപ്പെടുത്തിയുള്ള ചര്‍ച്ച ആരംഭിച്ചു. കഴിഞ്ഞകാലങ്ങളില്‍ പാര്‍ടി നടത്തിയ ഇടപെടലുകളും അത് കേരളീയസമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളും അതിലൂടെ ജനങ്ങള്‍ക്കുണ്ടായ നേട്ടങ്ങളും രേഖയുടെ ആമുഖത്തില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞകാല നേട്ടങ്ങള്‍ അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന കുത്സിതനീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കാനും രേഖ ആഹ്വാനം ചെയ്തു. കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഓരോ പാര്‍ടി അംഗവും പ്രതിജ്ഞാബദ്ധമാണ്. അന്യവര്‍ഗചിന്തകളില്‍നിന്നും മോചനം നേടണം. മൂല്യങ്ങളില്‍നിന്നുള്ള വ്യതിയാനം വച്ചുപൊറുപ്പിക്കില്ല.
മഹാഭൂരിപക്ഷവും അങ്ങനെയല്ലെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ചുകാണിക്കുന്നു. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളും ആവര്‍ത്തിക്കരുത്. മദ്യപാനം, റിയല്‍ എസ്റ്റേറ്റ് ബന്ധം, വരവില്‍ക്കവിഞ്ഞ സ്വത്തുസമ്പാദിക്കല്‍, ആരാധനാലയങ്ങളുടെ ഭാരവാഹിത്വം വഹിക്കല്‍, ജാതി-മതസംഘടനകളുമായുള്ള ബന്ധം തുടങ്ങിയവയില്‍നിന്നെല്ലാം പിന്മാറണം. അവരെ മാറ്റിയെടുക്കാന്‍ പാര്‍ടി ശ്രമിച്ചിട്ടും മാറുന്നില്ലെങ്കില്‍ അവരെ അംഗത്വത്തില്‍ നിന്നു മാറ്റണം. വര്‍ഗീയ തീവ്രവാദിസംഘടനകളെ ആരാധനാലയങ്ങളില്‍നിന്ന് മോചിപ്പിക്കാനുള്ള ഇടപെടലുകള്‍ നടത്തണം. പാര്‍ടി പ്രവര്‍ത്തകര്‍ ജനകീയപ്രശ്നങ്ങളില്‍ ഇടപെടണം.
ബഹുജനങ്ങളോട് വിനയാന്വിതരാകണം. അവരുടെ പരാതികളും ആവലാതികളും കേള്‍ക്കണം. ജനാധിപത്യകേന്ദ്രീകരണത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണെങ്കിലും ഈ കേന്ദ്രീകരണം ബഹുജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. അതത് സമയങ്ങളിലെ രാഷ്ട്രീയസംഭവവികാസങ്ങള്‍ അവലോകനം ചെയ്യാന്‍ ഓരോ ഘടകവും സ്വയംപ്രാപ്തരാകണം. അതിനുള്ള രാഷ്ട്രീയവിദ്യാഭ്യാസം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.
(എം രഘുനാഥ്)
ഇടത് ബദല്‍ അനിവാര്യം: കാരാട്ട്
ഇ എം എസ് നഗര്‍ (പാലക്കാട് ടൗണ്‍ ഹാള്‍): യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും ബിജെപിയുടെ വര്‍ഗീയതക്കുമെതിരെ വിശ്വാസ്യതയുള്ള സമരം നടത്താന്‍ സിപിഐ എമ്മിനും ഇടതുജനാധിപത്യ പാര്‍ടികള്‍ക്കും മാത്രമേ പ്രാപ്തിയുള്ളൂവെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കോണ്‍ഗ്രസ് നയങ്ങള്‍ക്കെതിരെ ബിജെപി മുന്നോട്ടുവയ്ക്കുന്നത് വന്‍കിട ബൂര്‍ഷ്വാസിയുടെ താല്‍പ്പര്യങ്ങളുടെയും വര്‍ഗീയതയുടെയും മിശ്രിതമാണ്.
ഈ രണ്ടു പാര്‍ടികളുടെയും നയങ്ങള്‍ക്കെതിരെയുള്ള ബദലാണ് ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നത്. ജനകീയ പ്രശ്നങ്ങളുയര്‍ത്തി സിപിഐ എമ്മും ഇടതുപക്ഷവും നടത്തുന്ന സമരങ്ങള്‍ ഈ ബദല്‍ മുന്‍നിര്‍ത്തിയുള്ളതാണ്- സിപിഐ എം സംസ്ഥാന പ്ലീനം പാലക്കാട്ട് ഉദ്ഘാടനം ചെയ്ത് കാരാട്ട് പറഞ്ഞു. വിലക്കയറ്റവും അഴിമതിയും തൊഴിലില്ലായ്മയും സൃഷ്ടിച്ച് ദുര്‍ഭരണം കാഴ്ചവയ്ക്കുന്ന കോണ്‍ഗ്രസില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസും യുപിഎയും അനുദിനം ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുകയാണ്. അതുകൊണ്ടുതന്നെ ബിജെപിയുടെ വര്‍ഗീയ അജന്‍ഡ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനുള്ള ആത്മവിശ്വാസവും അവര്‍ക്കില്ല.
ഒക്ടോബര്‍ 30ന് വിവിധ മതനിരപേക്ഷ ജനാധിപത്യ പാര്‍ടികളെ അണിനിരത്തി ഇടതുപക്ഷം ഡല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാര്‍ വര്‍ഗീയതക്കെതിരെ ഒരു മനസ്സായി പൊരുതണമെന്ന സന്ദേശമാണ് നല്‍കിയത്. ഈ വേദിയില്‍ രൂപപ്പെട്ട ഐക്യം നവലിബറല്‍ നയങ്ങള്‍ പിന്തുടരുന്ന കോണ്‍ഗ്രസിനും ബിജെപിക്കും എതിരെയുള്ള നിലപാടിലും തുടരുമെന്ന പ്രതീക്ഷ നല്‍കുന്നു. സാമ്രാജ്യത്വത്തിനും വര്‍ഗീയതയ്ക്കുമെതിരെ സന്ധിയില്ലാത്ത സമരവും പ്രചാരണവും നടത്തുന്നത് സിപിഐ എമ്മും ഇടതുപക്ഷവുമാണ്. ഭൂമിക്കും കൂലിക്കും വേണ്ടിയും സാര്‍വത്രിക പൊതുവിതരണം, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, ആദിവാസികളുടെ വനാവകാശം എന്നിവയ്ക്കുവേണ്ടിയും സ്ത്രീകള്‍ക്കെതിരെ തുടരുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും വര്‍ഷങ്ങളായി നിരന്തരസമരം തുടരുകയാണ്.
അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങിയുള്ള ഇന്ത്യയുടെ വിദേശനയത്തിനെതിരെയുള്ള സമരവും ഇതിനൊപ്പമുണ്ട്. 2005ല്‍ അമേരിക്കയുമായി ഇന്ത്യ തന്ത്രപര സഖ്യത്തില്‍ ഏര്‍പ്പെട്ടതിനെതിരെയും ചേരിചേരാനയത്തിനു വിരുദ്ധമായി ഇറാനെതിരെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ ഇന്ത്യ വോട്ടുചെയ്തതിനെതിരെയും ഇടതുപക്ഷം ശക്തമായ നിലപാടെടുത്തു. രാജ്യത്തിന്റെ വിഭവങ്ങള്‍ വന്‍കിട ബൂര്‍ഷ്വാസിക്ക് കൈമാറുന്ന യുപിഎ സര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങള്‍ തന്നെയാണ് ബിജെപിയും പിന്തുടരുന്നത്. ഈ നയങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം പണപ്പെരുപ്പം സൃഷ്ടിച്ചു.
കാര്‍ഷിക മേഖലയിലെ ഭൂരഹിതരുടെ എണ്ണത്തില്‍ 2001നെ അപേക്ഷിച്ച് 2011ല്‍ 35ശതമാനം വര്‍ധനയാണുണ്ടായത്. പോഷകാഹാരക്കുറവുള്ള അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികള്‍ ഏറ്റവും കൂടുതലുള്ള രാജ്യമായി ഇന്ത്യ മാറി. യുപിഎയുടെ ഒമ്പതര വര്‍ഷത്തെ ഭരണത്തില്‍ വന്‍ അഴിമതികള്‍ വെളിപ്പെട്ടു. ഇത്തരം നയങ്ങളെ പിന്തുണയ്ക്കുന്ന ബിജെപി, പെന്‍ഷന്‍ ഫണ്ട് കോര്‍പറേറ്റുകള്‍ക്ക് കൈമാറാനുള്ള നിയമനിര്‍മാണത്തെ സഹായിച്ചു. റിലയന്‍സിനെ സഹായിക്കാന്‍ വാതകവില രണ്ടിരട്ടിയിലധികം വര്‍ധിപ്പിച്ചതിനെതിരെ ചെറുവിരലനക്കാന്‍ ബിജെപി തയ്യാറായില്ല.
കോര്‍പറേറ്റുകളെ സഹായിക്കാന്‍ കോണ്‍ഗ്രസിനെക്കാള്‍ നല്ലത് തങ്ങളാണെന്നാണ് ബിജെപി പ്രഖ്യാപിക്കുന്നത്. വര്‍ഗീയധ്രുവീകരണമുണ്ടാക്കി അധികാരത്തില്‍ലേറാനാണ് അവര്‍ ശ്രമിക്കുന്നത്. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി അവതരിപ്പിച്ചത് ഇതിനാണ്. രാജസ്ഥാനില്‍ രണ്ടുവര്‍ഷത്തിനിടെ 44 വര്‍ഗീയ സംഘര്‍ഷങ്ങളാണുണ്ടായത്. ബിഹാറിലും യുപിയിലെ മുസഫര്‍നഗറിലും വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായി. വര്‍ഗീയതയെയും കോര്‍പറേറ്റ് താല്‍പ്പര്യങ്ങളെയും ഒരുപോലെ ഉപയോഗപ്പെടുത്താനാണ് നരേന്ദ്രമോഡിയെ ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്- കാരാട്ട് പറഞ്ഞു.
(എന്‍ എസ് സജിത്)
deshabhimani
No comments:
Post a Comment