Wednesday, November 27, 2013

രണഗാഥകളില്‍ പാലക്കാടന്‍ ചെങ്കോട്ട

ഭാവികേരളത്തിന് കരുത്താകും

പാലക്കാട്: കേരളീയ സമൂഹത്തിന്റെ സവിശേഷതകള്‍ക്കനുസരിച്ചുള്ള ഇടപെടലിനും സംഘടനയെ കെട്ടുറപ്പോടെ മുന്നോട്ട് നയിക്കാനുമുള്ള കര്‍മപരിപാടികള്‍ ആവിഷ്കരിക്കുന്നതിന് സിപിഐ എമ്മിന്റെ നാലാമത് പ്ലീനത്തിന് ബുധനാഴ്ച പാലക്കാട്ട് തുടക്കം കുറിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചരിത്രപ്രധാനമായ പ്ലീനത്തിന് ആതിഥേയത്വം വഹിക്കുന്ന പാലക്കാട് ഇനിയുള്ള മൂന്നുനാള്‍ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാവും. സംഘടനാപരമായ ഉള്‍പാര്‍ടി ചര്‍ച്ചകളും തീരുമാനങ്ങളുമാണ് ഉണ്ടാവുകയെങ്കിലും കേരളത്തിന്റെ ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ഏവരും പ്ലീനത്തെ ഉറ്റുനോക്കുന്നു. രാഷ്ട്രീയവും സംഘടനാപരവുമായ ഒരു ഭിന്നതയും പാര്‍ടിയില്‍ അവശേഷിക്കുന്നില്ല. അതേസമയം, സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യം കൈവരിക്കാനുള്ള തീരുമാനങ്ങള്‍ പ്ലീനത്തിലുണ്ടാകും.

1968ലും 1970ലും 1981ലും ചേര്‍ന്ന പ്ലീനങ്ങളില്‍നിന്നും തികച്ചും വേറിട്ട് നില്‍ക്കുന്നതാവും പാലക്കാട് പ്ലീനം. ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച അഞ്ച് സുപ്രധാന കടമകള്‍ ഏതളവ് വരെ യാഥാര്‍ഥ്യമാക്കി എന്ന് പ്ലീനം പരിശോധിക്കും. ഇതിനായി വിപുലമായ തയ്യാറെടുപ്പുകളാണ് പാര്‍ടിയുടെ അടിസ്ഥാന ഘടകമായ ബ്രാഞ്ച് തൊട്ട് സംസ്ഥാന കമ്മിറ്റിവരെ നടന്നത്. കടമകള്‍ നിര്‍വഹിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ ചോദ്യാവലിവച്ച് ഏരിയ കമ്മിറ്റികള്‍ റിപ്പോര്‍ട്ട് തയ്യാറാക്കി. 202 ഏരിയകമ്മിറ്റികളും ഈ റിപ്പോര്‍ടിനെ അടിസ്ഥാനപ്പെടുത്തി ചര്‍ച്ച നടത്തി. മുഴുവന്‍ ഏരിയകമ്മിറ്റിയിലും നിശ്ചയിക്കപ്പെട്ട സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു. ഏരിയ കമ്മിറ്റിയിലെ ചര്‍ച്ചയെ അടിസ്ഥാനപ്പെടുത്തി സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ 202 റിപ്പോര്‍ട്ടുകള്‍ വേറെയും തയ്യാറാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ട് വീണ്ടും ജില്ലാ കമ്മിറ്റികള്‍ ചര്‍ച്ച ചെയ്തു. തുടര്‍ന്ന് പാര്‍ടിയുടെ രണ്ടായിരത്തോളം ലോക്കല്‍ കമ്മിറ്റികളും മുപ്പതിനായിരത്തോളം ബ്രാഞ്ചുകളും നാല് ലക്ഷത്തിലേറെ വരുന്ന പാര്‍ടി അംഗങ്ങളും വിശദവും ഗൗരവുമായ ചര്‍ച്ചകള്‍ നടത്തി. ഇതിലൂടെ രൂപപ്പെട്ട ആശയങ്ങളുമായാണ് ഏരിയ സെക്രട്ടറിമാര്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങള്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, തെരഞ്ഞെടുക്കപ്പെട്ട വര്‍ഗ-ബഹുജന സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച സംഘടനാരേഖ അവതരിപ്പിക്കും. ഈ രേഖയെ അടിസ്ഥാനപ്പെടുത്തിയുളള ചര്‍ച്ചകള്‍ക്കും തുടര്‍ തീരുമാനങ്ങള്‍ക്കുമാണ് പ്ലീനം വേദിയാവുക.

കേരള സമൂഹത്തില്‍ നില്‍ക്കുന്ന വര്‍ഗഘടന പ്ലീനം വിശദമായി പരിശോധിക്കും. സമൂഹ വികാസത്തിന്റെ വിവിധഘട്ടങ്ങളും വിവിധ വിഭാഗങ്ങള്‍ എത്തിനില്‍ക്കുന്ന അവസ്ഥയും വിശകലനം ചെയ്ത് ഭാവി കേരളത്തെ നയിക്കാനുതകുന്ന സംഘടന രൂപപ്പെടുത്തുകയെന്ന ഉത്തരവാദിത്തവും നിറവേറ്റും. സംസ്ഥാന പാര്‍ടിയുടെ സംഘടനാ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാവുന്ന പ്ലീനമാണ് പാലക്കാട് നടക്കുന്നത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളിലാണ് പ്ലീനത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതെങ്കിലും ജില്ലയിലെ ജനങ്ങളാകെ ഇത് ഏറ്റെടുക്കുകയായിരുന്നു. പ്ലീനത്തിന്റെ സമാപനം കുറിച്ച് നടക്കുന്ന ബഹുജന സംഗമത്തില്‍ രണ്ട് ലക്ഷം പേരാണ് അണിനിരക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങിലും പതാക-കൊടിമര-ദീപശിഖാ ജാഥകളിലുമെല്ലാം അഭൂതപൂര്‍വമായ ജനമുന്നേറ്റമാണ് ദൃശ്യമായത്. ചൊവ്വാഴ്ച രാവിലെ എത്തിയ പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വികാര നിര്‍ഭരമായ വരല്‍വേല്‍പ്പാണ് പാലക്കാടിന്റെ ചുവന്ന മണ്ണ് നല്‍കിയത്.
(എം രഘുനാഥ്)

രണഗാഥകളില്‍ പാലക്കാടന്‍ ചെങ്കോട്ട

പാലക്കാട്: കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലായി മാറുന്ന സിപിഐ എം പ്ലീനത്തിന് ആതിഥ്യമരുളുമ്പോള്‍ എണ്ണമറ്റ പോരാട്ടങ്ങളുടെ ജ്വലിക്കുന്ന സ്മരണയിലാണ് കരിമ്പനകളുടെ നാട്. നാടാകെ ചെമ്പതാകകളാലും മഹാരഥന്മാരായ ജനനേതാക്കളുടെ ഛായാചിത്രങ്ങളാലും നിറഞ്ഞ് രണഗാഥകളില്‍ പാലക്കാടന്‍ ചെങ്കോട്ട. നാടുവാഴി-ജന്മിത്വത്തിനെതിരായ എണ്ണമറ്റ സമരങ്ങള്‍, വര്‍ഗീയതക്കെതിരായ സന്ധിയില്ലാ പോരാട്ടങ്ങള്‍, കൊടിയ മര്‍ദനങ്ങള്‍, രക്തസാക്ഷിത്വം വരിച്ച രണധീരന്മാര്‍- ഇവരുടെ അനശ്വരസ്മരണയിലാണ് പാര്‍ടി പ്ലീനത്തെ നെല്ലറ നെഞ്ചേറ്റുന്നത്. ഒഴിപ്പിക്കലിനെതിരെ ചെറുത്തുനിന്നതിന് ജന്മിയുടെ ഗുണ്ടകള്‍ പാടവരമ്പത്ത് കൊലപ്പെടുത്തിയ വിളയൂരിലെ സെയ്താലിക്കുട്ടിയും ചിറ്റൂര്‍ നല്ലേപ്പിള്ളിയിലെ അരണ്ടപ്പള്ളം ആറുവും ഇന്നും നീറുന്ന ഓര്‍മകള്‍.

1957-ല്‍ അധികാരത്തില്‍വന്ന ഇ എം എസ് സര്‍ക്കാര്‍ കുടിയൊഴിപ്പിക്കലിനെതിരെ നിയമം കൊണ്ടുവന്നപ്പോള്‍ ബഹുഭൂരിപക്ഷം ജനങ്ങളും മണ്ണിനുടമകളായി. ഭൂമിയുടെ അവകാശം കര്‍ഷകന് കിട്ടിയശേഷം, ജന്മിത്വത്തിനെതിരെ ഒന്നിച്ചണിനിരന്ന കര്‍ഷകത്തൊഴിലാളികളുടെ ജീവിത അഭിവൃദ്ധിയായിരുന്നു പാര്‍ടിയുടെ ലക്ഷ്യം. കൂലിയും പതമ്പും വര്‍ധിപ്പിച്ച് ജീവിതം മെച്ചപ്പെടുത്താന്‍ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തോടൊപ്പം കമ്യൂണിസ്റ്റ് പാര്‍ടിയും മുന്നിട്ടിറങ്ങി. ആ സമരത്തിന് നേതൃത്വം നല്‍കാന്‍ മണ്ണിന്റെ മക്കളുടെ നേതാവായ എ കെ ജി തന്നെ നേരിട്ടെത്തി. നെന്മേനി, ഓലശേരി തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത പോരാട്ടങ്ങളിലൂടെ മെച്ചപ്പെട്ട കൂലി ഉറപ്പാക്കാന്‍ സാധിച്ചു. കാലം മുന്നിലേക്ക് പോയപ്പോള്‍ കേരളത്തിലെ രണ്ടാമത്തെ വ്യാവസായികമേഖലയായി പാലക്കാട് കഞ്ചിക്കോട് വളര്‍ന്നു. സിഐടിയുവിനെ ഇല്ലാതാക്കി ഇതരട്രേഡ് യൂണിയനുകളെ വളര്‍ത്തിയെടുക്കാന്‍ മുതലാളിമാര്‍ ശ്രമിച്ചു. തുടര്‍ന്ന് സിഐടിയുവിനെയും സിപിഐഎമ്മിനെയും തകര്‍ക്കാന്‍ ഈ മേഖലയില്‍ കൊലപാതക പരമ്പര തന്നെ സൃഷ്ടിച്ചു.

ജില്ലയിലെ കോളേജ് ക്യാമ്പസുകള്‍ ഭരണവര്‍ഗവിദ്യാര്‍ഥി സംഘടനകളുടെ കുത്തകയായിരുന്നു. എണ്ണമറ്റ പോരാട്ടങ്ങളിലൂടെ വിദ്യാര്‍ഥികളുടെ ഹൃദയം എസ്എഫ്ഐ കീഴടക്കി. ഇന്ന് ജില്ലയിലെ ഏതാണ്ട് എല്ലാ ക്യാമ്പസുകളിലും എസ്എഫ്ഐയുടെ ആധിപത്യമാണ്. ഈ വളര്‍ച്ചക്കായി നിരവധി ജീവനുകള്‍ ബലി നല്‍കേണ്ടിവന്നു. പട്ടാമ്പി സംസ്കൃതകോളേജിലെ സെയ്താലി, മണ്ണാര്‍ക്കാട് എംഇഎസ് കോളേജിലെ മുഹമ്മദ് മുസ്തഫ, കൊടുവായൂര്‍ ഗവ. ഹൈസ്കൂളിലെ വേലായുധന്‍ തുടങ്ങിയ വിദ്യാര്‍ഥി സംഘടനാ നേതാക്കളെ കോണ്‍ഗ്രസ് വിദ്യാര്‍ഥി യൂണിയനും വര്‍ഗീയശക്തികളും ചേര്‍ന്ന് കൊലപ്പെടുത്തി. വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സ്വാധീനം യുവജനപ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലേക്കും നയിച്ചു. പാലക്കാട് യുവജനങ്ങളുടെ മഹാപ്രസ്ഥാനമായി ഡിവൈഎഫ്ഐ വളര്‍ന്നു. ഈ വളര്‍ച്ചയില്‍ വിറളിപൂണ്ട കോണ്‍ഗ്രസും ആര്‍എസ്എസും ഉശിരന്മാരായ നിരവധി യുവാക്കളുടെ ജീവനെടുത്തു. ഏറ്റവും അവസാനം അമ്പലപ്പാറയില്‍ ദീപു ഉള്‍പ്പെടെ അനേകം യുവജന കേഡര്‍മാരെയാണ് കൊലക്കത്തിക്കിരയാക്കിയത്.

പാലക്കാടിന്റെ ചരിത്രത്തില്‍ ചോരകൊണ്ട് എഴുതിയ അധ്യായമാണ് 1969 ഡിസംബര്‍ ഒന്ന്. ജനാധിപത്യസംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി, ജില്ലാ ഭരണകേന്ദ്രമായിരുന്ന കോട്ടയ്ക്ക് മുന്നില്‍ ഉപരോധത്തിന് നേരെ നടത്തിയ വെടിവയ്പ്പില്‍ ചെല്ലന്‍, മാണിക്യന്‍, രാജന്‍, സുകുമാരന്‍ എന്നീ നാല് ധീരരാണ് പിടഞ്ഞുവീണ് മരിച്ചത്. എല്ലാവിധ അടിച്ചമര്‍ത്തലുകളെയും നേരിട്ട് ജില്ലയിലെ ജനസാമാന്യം സിപിഐ എമ്മില്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്നതാണ് പിന്നീട് കണ്ടത്. സഹകരണമേഖല, തദ്ദേശഭരണസ്ഥാപനങ്ങള്‍, നിയമസഭ, പാര്‍ലമെന്റ് എന്നിവയിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ഇടതുപക്ഷത്തിന് കരുത്തുറ്റ വിജയമാണ് ജനങ്ങള്‍ നല്‍കിയത്.
(ഇ എസ് സുഭാഷ്)

deshabhimani

No comments:

Post a Comment