Friday, November 22, 2013

സിപിഐ എമ്മിന്റെ വളര്‍ച്ചയില്‍ വിറളിപൂണ്ട് ലീഗ് ആസൂത്രണം ചെയ്ത കൊലപാതകം

മണ്ണാര്‍ക്കാട്: മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും സ്വാധീനം വര്‍ധിച്ചുവരുന്നതില്‍ വിറളി പൂണ്ടാണ് സഹോദരങ്ങളായ ഹംസയേയും നൂറുദ്ദീനേയും ലീഗ് ക്രിമിനല്‍സംഘം കൊലപ്പെടുത്തിയത്. കല്ലാംകുഴിയില്‍ മുസ്ലിംലീഗിനെ രാഷ്ട്രീയമായി എതിര്‍ക്കുന്നവര്‍ സംഘടിതമായി ഡിവൈഎഫ്ഐ, സിപിഐ എം എന്നീ സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനു നേതൃത്വം നല്‍കിയത് പള്ളത്ത്വീട്ടില്‍ മുഹമ്മദ് ഹാജിയുടെ മക്കളായ ഹംസയും നൂറുദ്ദീനുമാണ്. പ്രദേശത്തെ ചെറുപ്പക്കാരെ ചെങ്കൊടിക്കു കീഴില്‍ അണിനിരത്താന്‍ ഇവര്‍ക്കു കഴിഞ്ഞു.

ഈ മാസം 13ന് കല്ലാംകുഴിയില്‍ സംഘടിപ്പിച്ച ഡിവൈഎഫ്ഐയുടെ പൊതുയോഗത്തില്‍ നിരവധി ചെറുപ്പക്കാര്‍ പങ്കെടുത്തിരുന്നു. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം പി എ മുഹമ്മദ് റിയാസാണ് പൊതുയോഗം ഉദ്ഘാടനം ചെയ്തത്. മുസ്ലിംലീഗിന്റെ രാഷ്ട്രീയ പാപ്പരത്തം തുറന്നുകാട്ടുന്ന പൊതുയോഗം കല്ലാംകുഴിയില്‍ ആദ്യത്തേതാണ്. തങ്ങളുടെ ശക്തികേന്ദ്രത്തില്‍ പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുകയും സിപിഐ എമ്മിനും ഡിവൈഎഫ്ഐക്കും സ്വാധീനം വര്‍ധിക്കുകയും ചെയ്തതോടെ അക്രമത്തിലൂടെ നേരിടാന്‍ ലീഗ്നേതൃത്വം തീരുമാനിക്കുകയായിരുന്നു. 17ന് യൂത്ത്ലീഗ് പൊതുയോഗം സംഘടിപ്പിച്ചു. പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അവരുടെ വീട്ടില്‍ കയറ്റില്ലെന്ന് പരസ്യമായി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. അന്നു രാത്രി ഡിവൈഎഫ്ഐ യൂണിറ്റ്സെക്രട്ടറി അന്‍സാരി ഉള്‍പ്പെടെയുള്ള രണ്ടുപേരെ ലീഗുകാര്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അന്‍സാരിയെ ബുധനാഴ്ച രാത്രി വീട്ടില്‍കൊണ്ടുവിട്ട് കാറില്‍ മടങ്ങുമ്പോഴാണ് ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന ലീഗ്ക്രിമിനലുകള്‍ ഹംസയേയും നൂറുദ്ദീനേയും ആക്രമിച്ചത്. കാര്‍ തടഞ്ഞുനിര്‍ത്തി ഇരുവരേയും വെട്ടിവീഴ്ത്തുകയായിരുന്നു. അക്രമംകണ്ട് തടയാനെത്തിയ ഇവരുടെ സഹോദരന്‍ കുഞ്ഞാനെയും ലീഗ്സംഘം മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. നൂറുദ്ദീനെ വെട്ടിനുറുക്കിയ ശേഷം റോഡിലൂടെ വലിച്ചിഴച്ച് ചപ്പും ചവറും ദേഹത്തിട്ട് മൂടുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയവരെ വാള്‍ വീശി ഓടിച്ചു.

മണ്ണാര്‍ക്കാട് മേഖലയില്‍ തുടര്‍ച്ചയായി ലീഗുകാര്‍ അക്രമം നടത്തി സമാധാന അന്തരീക്ഷം തകര്‍ക്കുന്നതായി സിപിഐ എം നേതാക്കള്‍ ജില്ലാ പൊലീസ് മേധാവിയോട് പരാതിപ്പെട്ടിരുന്നു. തങ്ങളെ എതിര്‍ക്കുന്നവരെ കായികമായി നേരിട്ട് ആധിപത്യം ഉറപ്പിക്കുകയെന്ന സമീപനമാണ് ലീഗ്നേതൃത്വത്തിന്റേത്. സിപിഐ എമ്മിന്റേയും ഡിവൈഎഫ്ഐയുടേയും കൊടിയോ മറ്റ് പ്രചാരണബോര്‍ഡുകളോ സ്ഥാപിക്കാന്‍പോലും അനുവദിക്കാത്ത അവസ്ഥയാണ്. കൊടി നാട്ടിയാല്‍ അടുത്തദിവസം പിഴുതെറിയും. ഈ വെല്ലുവിളി അതിജീവിച്ചാണ് ഹംസയും നൂറുദ്ദീനും പ്രദേശത്ത് സിപിഐ എമ്മിനുവേണ്ടി പ്രവര്‍ത്തിച്ചത്. ഇതുതന്നെയാണ് ഇരുവരേയും മൃഗീയമായി കൊന്നുതള്ളാന്‍ ലീഗ്നേതൃത്വത്തെ പ്രേരിപ്പിച്ചത്. 19ന് ലീഗിന്റെ രഹസ്യയോഗം ചേര്‍ന്നാണ് കൊലപാതകം ആസൂത്രണംചെയ്തതെന്നും ആക്ഷേപമുണ്ട്.

പ്രതിഷേധിക്കുക: ഡിവൈഎഫ്ഐ

പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ ഡിവൈഎഫ്ഐþസിപിഐ എം അനുഭാവികളായ സഹോദരങ്ങളെ കൊലപ്പെടുത്തിയ ലീഗുകാരുടെ കിരാത നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കല്ലാംകുഴി പള്ളത്ത്വീട്ടില്‍ നൂറുദ്ദീന്‍, സഹോദരന്‍ ഹംസ എന്നിവരെയാണ് കഴിഞ്ഞദിവസം രാത്രി ലീഗുകാര്‍ വെട്ടിക്കൊന്നത്. മറ്റൊരു സഹോദരന്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. കാഞ്ഞിരപ്പുഴയില്‍ സമാധാന അന്തരീക്ഷം തകര്‍ത്ത് ഭീകരാവസ്ഥ സൃഷ്ടിക്കാനുള്ള മുസ്ലിം ലീഗിന്റെ ഗൂഢാലോചനയാണ് സംഭവത്തിനു പിന്നില്‍. കൊലപാതകികളെ സഹായിക്കുന്ന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കേണ്ട പൊലീസ് ക്രിമിനലുകള്‍ക്ക് തണലേകുകയാണ്. ഇതാണ് കാഞ്ഞിരപ്പുഴയില്‍ കുഴപ്പത്തിനിടയാക്കിയത്. കൊലപാതകികളെ എത്രയുംവേഗം നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment