പുനലൂര്‍: ഒരുകാലത്ത് വയലേലകളോട് ചേര്‍ന്ന തെങ്ങുകള്‍ നിറയെ കൗതുകക്കാഴ്ചയായി ഉണ്ടായിരുന്ന തൂക്കണാംകുരുവിക്കൂടുകള്‍ അപൂര്‍വ കാഴ്ചയായി. അസാധാരണമായ നിര്‍മാണവൈദഗ്ധ്യത്തേടെ ഒരുക്കുന്ന തൂക്കണാംകുരുവിക്കൂടുകള്‍ നഷ്ടമാകുന്നതിനൊപ്പം ഇത്തിരിക്കുഞ്ഞന്മാരായ നെയ്ത്തുകാരന്‍ പക്ഷികളും നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. വ്യാപകമായ നെല്‍വയല്‍ നികത്തലും നെല്‍കൃഷിയുടെ കുറവും മൊബൈല്‍ ടവറുകളുടെ അതിപ്രസരവും തൂക്കണാംകുരുവികള്‍ക്കു ഭീഷണിയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ടവറുകളില്‍നിന്നുള്ള തരംഗങ്ങള്‍ അങ്ങാടിക്കുരുവികളുടെയും തൂക്കണാംകുരുവികളുടെയും നാശത്തിന് വഴിയൊരുക്കി.
കേരളത്തിന്റെ അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലെത്തിയാല്‍ നെല്‍വയലുകള്‍ക്കിരുവശത്തെയും തെങ്ങിന്‍തോപ്പുകളില്‍ തൂക്കണാംകുരുവിക്കൂടുകള്‍ ധാരാളം കാണാം. ഇവിടെ നെല്‍കൃഷി വര്‍ധിച്ചതോടെയാണ് കുരുവികള്‍ കൂട്ടത്തോടെ ഇവിടേക്കു ചേക്കേറിയത്. തെങ്ങ്, കമുക്, പന ഉള്‍പ്പെടെ വൃക്ഷത്തലപ്പുകളില്‍ കുരുവികള്‍ കൂടുകൂട്ടുന്നു. മുമ്പ് വയല്‍തീരത്തെ തെങ്ങില്‍ അമ്പതോളം കൂടുകള്‍ വരെ കാണാനാകുമായിരുന്നു. ഇന്ന് അവ അപൂര്‍വകാഴ്ചയായത് പാരിസ്ഥിതിക പ്രത്യാഘാതങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. നെല്ലിന്റെ കതിരും തെങ്ങോലകളും നേര്‍ത്ത നാരുകളാക്കിയെടുത്ത് സവിശേഷമാര്‍ന്ന രീതിയിലാണ് തൂക്കണാംകുരുവികള്‍ കൂടൊരുക്കിയിരുന്നത്. രണ്ട് അറകളുള്ള കൂടിന്റെ വാതില്‍ കുഴലുപോലെ നിര്‍മിക്കുന്നത് ശത്രുക്കളായ വലിയ പക്ഷികള്‍ കടക്കാതിരിക്കാനാണ്. കാറ്റിലും മഴയിലും തകരാത്ത കൂട്ടില്‍ മുട്ടകളും കുഞ്ഞുങ്ങളും ഭദ്രം. കാറ്റിന്റെ ഗതിനോക്കിയാണ് കൂടുനിര്‍മാണം. ഉള്ളില്‍ ചൂട് നിലനില്‍ക്കുംവിധമാണ് കൂട് നേര്‍ത്തനാരാല്‍ മെടഞ്ഞുണ്ടാക്കുന്നത്. നെല്ലിന്റെ ഓലയുടെ നാര് ഉണങ്ങി നശിക്കാന്‍ ഏറെനാള്‍ വേണ്ടിവരും. അതുവരെ കുരുവികള്‍ക്ക് ഇവിടെ താമസം സുരക്ഷിതമാണ്. തൂക്കണാംകുരുവികള്‍ എണ്ണത്തില്‍ വളരെ കുറയുന്നതില്‍ പക്ഷിനിരീക്ഷകരും പ്രകൃതിസ്നേഹികളും നിരാശരാണ്. തൂക്കണാംകുരുവിക്കൂടിന്റെ ലഭ്യത കുറഞ്ഞതോടെ കയറും പ്ലാസ്റ്റികും കൊണ്ട് നിര്‍മിച്ച അലങ്കാരക്കൂടുകള്‍ വിപണിയില്‍ ലഭിക്കുന്നുണ്ട്.
(അരുണ്‍ മണിയാര്‍)
deshabhimani
No comments:
Post a Comment