Monday, November 25, 2013

ജനസമ്പര്‍ക്കം: സിവില്‍ സപ്ലൈസ് വകുപ്പ് ലക്ഷങ്ങള്‍ പിരിച്ചു

മലപ്പുറം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്കുവേണ്ടി സിവില്‍ സപ്ലൈസ് വകുപ്പില്‍ വ്യാപക പണപ്പിരിവ്. പരിപാടി പൂര്‍ത്തിയായ ജില്ലകളില്‍ ലക്ഷങ്ങളാണ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പിരിച്ചത്. ഉന്നത ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയാണ് ജില്ലാ ഉദ്യോഗസ്ഥരെക്കൊണ്ട് പണപ്പിരിവ് നടത്തുന്നത്.

റേഷന്‍ വിതരണക്കാര്‍, മൊത്തവ്യാപാരികള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവരില്‍നിന്നാണ് ധനസമാഹരണം. ജനസമ്പര്‍ക്ക പരിപാടിയുടെ നടത്തിപ്പ് ചെലവിലേക്കാണ് ഓരോ ജില്ലയിലും ലക്ഷങ്ങളുടെ പിരിവ്. മലപ്പുറത്ത് ഈ മാസം നാലിന് നടന്ന പരിപാടിക്ക് ഏഴ് ലക്ഷത്തോളം രൂപ സിവില്‍സപ്ലെസ് വകുപ്പില്‍ നിന്ന് മാത്രം പിരിച്ചതായാണ് കണക്ക്. ജില്ലയിലെ 1225 റേഷന്‍ കടകളില്‍നിന്ന് 100 മുതല്‍ 350 രൂപവരെ പിരിച്ചിട്ടുണ്ട്.

സപ്ലെ ഓഫീസിലെ ജീവനക്കാരെ ഉപയോഗിച്ചാണ് പിരിവ്. 25 റേഷന്‍ മൊത്തവിതരണ ഗോഡൗണുകളില്‍നിന്ന് 2000 മുതല്‍ 5000 രൂപ വരെയും മണ്ണെണ്ണ വിതരണക്കാരില്‍നിന്ന് 4000 രൂപ വരെയും പിരിച്ചു. 32 ഗ്യാസ് ഏജന്‍സികളില്‍നിന്ന് 5000 മുതല്‍ 10,000 രൂപ വരെയാണ് പിരിവ്. താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് പ്രത്യേക ക്വോട്ട നിശ്ചയിച്ചാണ് തുക പിരിച്ചത്. പിരിവിന് തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥരെ ഭരണാനുകൂല സര്‍വീസ് സംഘടനാ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.

സ്ഥലംമാറ്റമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. ജനസമ്പര്‍ക്ക പരിപാടി നടന്ന എല്ലാ ജില്ലകളിലും പണപ്പിരിവ് തകൃതിയായി നടന്നിട്ടുണ്ട്. ഭക്ഷണമുള്‍പ്പെടെ പരിപാടിയുടെ അനുബന്ധ ചെലവുകള്‍ക്കായാണ് ഈ തുക ഉപയോഗിച്ചത്. കഴിഞ്ഞതവണത്തെ ജനസമ്പര്‍ക്ക പരിപാടിക്ക് ലക്ഷങ്ങള്‍ പൊടിച്ചത് വിവാദമായിരുന്നു. സര്‍ക്കാര്‍ ഫണ്ട് പരമാവധി കുറച്ച് ചീത്തപ്പേര് ഒഴിവാക്കുകയാണ് പണപ്പിരിവിലൂടെ ലക്ഷ്യമിടുന്നത്.

രസീതോ മറ്റ് രേഖകളോ നല്‍കാതെ പണം പിരിക്കുന്നതിനാല്‍ ഉദ്യോഗസ്ഥ തലത്തില്‍ വെട്ടിപ്പ് നടത്താനുള്ള സാധ്യതയും കൂടുതലാണ്. ജില്ലാ സപ്ലൈ ഓഫീസര്‍ നിശ്ചയിച്ച ക്വോട്ടയ്ക്കു മുകളിലും പലരും പണം പിരിച്ചിട്ടുണ്ട്. ഇതിന്റെയൊന്നും കൃത്യമായ കണക്ക് ആരുടെ പക്കലുമില്ല. സിവില്‍ സപ്ലൈസ് വകുപ്പില്‍ അഴിമതി കൊടികുത്തിവാഴുകയാണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് പണപ്പിരിവും പൊടിപൊടിക്കുന്നത്. മൊത്തവിതരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ തട്ടിപ്പ് നടത്തിയാലും ഉദ്യോഗസ്ഥര്‍ക്ക് പിടികൂടാനാവാത്ത സാഹചര്യമാണ് പണപ്പിരിവ് സൃഷ്ടിച്ചിരിക്കുന്നത്.

deshabhimani

No comments:

Post a Comment