Saturday, November 23, 2013

മുഖ്യമന്ത്രിയെ ആക്രമിച്ച കേസ് അന്വേഷണത്തില്‍ ബാഹ്യ ഇടപെടല്‍: ഹൈക്കോടതി

കണ്ണൂരില്‍ മുഖ്യമന്ത്രിയെ ആക്രമിച്ച കേസിലെ അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുണ്ടെന്ന് ഹൈക്കോടതി. കേസില്‍ യഥാര്‍ഥ പ്രതികളാരെന്ന് കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കേസന്വേഷണം തൃപ്തികരമല്ലെന്നും ജസ്റ്റിസ് തോമസ് പി ജോസഫ് നിരീക്ഷിച്ചു. മുഖ്യമന്ത്രിയെ ആക്രമിച്ച കേസ് ഗൗരവത്തോടെ കാണണം. ഈ രീതിയിലല്ല അന്വേഷണം വേണ്ടത്. ഈ നിലയിലാണ് അന്വേഷണം തുടരുന്നതെങ്കില്‍ ഇടപെടേണ്ടിവരും. ഈ കേസ്തന്നെ റദ്ദാക്കേണ്ടിവരുമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.

മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ 3000 പേര്‍ ഗൂഢാലോചന നടത്തിയെന്ന വാദവും കോടതി തള്ളി. മൂവായിരം പേര്‍ ചേര്‍ന്ന് എങ്ങനെയാണ് ഗൂഢാലോചന നടത്തുന്നത്? ഗൂഢാലോചനക്കുറ്റം ഇവര്‍ക്കെതിരെ എങ്ങനെ തെളിയിക്കാനാകുമെന്ന് വിശദീകരിക്കാന്‍ കോടതി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി ആസഫലിയോട് ആവശ്യപ്പെട്ടു. പൊലീസിന് നിയമം അറിയാത്തതുകൊണ്ടാണോ അതോ അന്വേഷണ ഉദ്യോഗസ്ഥനെ മറ്റാരെങ്കിലും നിയന്ത്രിക്കുകയാണോ എന്നും കോടതി ചോദിച്ചു.

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞെന്നാരോപിച്ച് റിമാന്‍ഡ് ചെയ്ത നാല് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചാണ് കോടതി ഉത്തരവ്. പ്രതിപ്പട്ടിക വലുതാക്കാന്‍ പൊലീസ് സിപിഐ എം പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ചെന്നും വിദേശത്തുള്ളവരെപ്പോലും പ്രതികളാക്കിയെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. ജില്ലാ പഞ്ചായത്ത് അംഗവും ഡിവൈഎഫ്ഐ നേതാവുമായ എം പി രാജീവന്‍, രാഘവന്‍, അശോകന്‍, കെ പി വിജയന്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

ഹര്‍ജിക്കാര്‍ക്കുവേണ്ടി ഐ വി പ്രമോദ് ഹാജരായി. കോടതിയുടെ രൂക്ഷമായ പരാമര്‍ശം ഉണ്ടായതോടെ, കേസിലെ യഥാര്‍ഥ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതിയില്‍ അവകാശപ്പെട്ടു.
(പി പി താജുദ്ദീന്‍)

deshabhimani

No comments:

Post a Comment