കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗം ജോളി ജേക്കബ്ബിന്റെ പരാതി സിന്‍ഡിക്കറ്റ് അംഗം ജ്യോതികുമാറിന്റെ കുരുട്ടുബുദ്ധിയില്‍ ഉദിച്ച കെട്ടുകഥയാണെന്ന് സെനറ്റ് അംഗം കൂടിയായ സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. സെനറ്റ് യോഗത്തില്‍ സുനില്‍കുമാര്‍ അവതരിപ്പിച്ച സബ്മിഷനെത്തുടര്‍ന്നുണ്ടായ ബഹളത്തിനിടെ യുഡിഎഫ് സിന്‍ഡിക്കറ്റ് അംഗം ജ്യോതികുമാര്‍ സെനറ്റ് അംഗം ഹരിലാല്‍ രാജനുനേരെ "നിന്നെ ഞാന്‍ എടുത്തുകൊള്ളാം, നിന്നെ ഞാന്‍ കാണിച്ചുതരാം" എന്ന് ആക്രോശിച്ചതാണ് സെനറ്റ് യോഗം അലങ്കോലപ്പെടാന്‍ കാരണം. ജ്യോതികുമാര്‍ ക്ഷമാപണം നടത്തി സഭ സുഗമമായി മുന്നോട്ടുപോകണമെന്ന അഭ്യര്‍ഥനയാണ് സെനറ്റ് അംഗമെന്ന നിലയില്‍ ഞാന്‍ വൈസ് ചാന്‍സലര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഒരു ഘട്ടത്തിലും സിന്‍ഡിക്കറ്റ് അംഗവും അധ്യാപികയുമായ ജോളി ജേക്കബ്ബിനോട് അപമര്യാദയായിയെന്നല്ല, ഒരു അക്ഷരവും പറയാന്‍ തയ്യാറായിട്ടില്ല.
സെനറ്റ് യോഗത്തില്‍ ഒറ്റപ്പെട്ടതിന്റെ ജാള്യം മറയ്ക്കാന്‍ വനിതാ സിന്‍ഡിക്കറ്റ് അംഗത്തെ ജ്യോതികുമാര്‍ കരുവാക്കിയതാണ്. അതിന്റെ ഭാഗമാണ് ജോളി ജേക്കബ്ബിനെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കെട്ടുകഥ. ജ്യോതികുമാറിന്റെ സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യത്തിന് ജോളി ജേക്കബ് കൂട്ടുനില്‍ക്കുന്നത് അപമാനമാണ്. 10.45ന് സെനറ്റ്യോഗം പിരിയുന്നതുവരെയും വൈകിട്ട് 4 വരെയും ഒരു ഘട്ടത്തിലും വനിതാ സിന്‍ഡിക്കറ്റ് അംഗം ആരോടും പറയാത്ത പരാതി ജ്യോതികുമാറിന്റെ കുബുദ്ധിയില്‍ പിന്നീട് പിറന്ന കഥയാണ്. ജ്യോതികുമാറിന്റെ ഐപാഡില്‍നിന്നാണ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയത്. രാഷ്ട്രീയനേട്ടങ്ങള്‍ക്കു വേണ്ടി ഹീനമാര്‍ഗങ്ങള്‍ അവലംബിക്കാന്‍ മടിയില്ലാത്തയാളാണ് ജ്യോതികുമാറെന്ന് ഈ പ്രചാരണം തെളിയിക്കുന്നു. തന്നെ നന്നായി അറിയുന്ന ജനം ഈ വാര്‍ത്ത തള്ളിക്കളയുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment