Tuesday, November 26, 2013

എടിഎം സുരക്ഷ: ആര്‍ബിഐയും ഐബിഎയും മുന്‍കൈയെടുക്കണം- ബെഫി

കൊച്ചി: കാവല്‍ക്കാരില്ലാത്തതിന്റെ പേരില്‍ എടിഎം ശാഖകള്‍ അടച്ചുപൂട്ടുന്നത് ശരിയായ നടപടിയല്ലെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) വ്യക്തമാക്കി. സുരക്ഷയ്ക്ക് ശരിയായ ആസൂത്രണമാണ് വേണ്ടത്. റിസര്‍വ് ബാങ്കും ഇന്ത്യന്‍ബാങ്ക്സ് അസോസിയേഷനും ഇതിന് മുന്‍കൈയെടുക്കണമെന്നും ബെഫി (കേരള) ജനറല്‍ സെക്രട്ടറി സി ജെ നന്ദകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കാവല്‍ക്കാരെ വിന്യസിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ കര്‍ണാടകത്തില്‍ ആയിരത്തിലധികം എടിഎമ്മുകള്‍ അടച്ചുപൂട്ടിയെന്ന വാര്‍ത്ത ആശ്ചര്യജനകമാണ്. ബംഗളൂരുവില്‍ എടിഎം കൗണ്ടറിനകത്ത് യുവതി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്നാണിത്. ഈ ഉത്തരവ് ഇതര സംസ്ഥാന സര്‍ക്കാരുകളും തുടര്‍ന്നാല്‍ എടിഎമ്മുകളില്‍ ഭൂരിഭാഗവും അടച്ചുപൂട്ടേണ്ടിവരും. ഇതോടെ "ശാഖാരഹിത ബാങ്കിങ്", "ബദല്‍ സേവനതുറകള്‍" എന്നീ പരിഷ്കാരങ്ങളാണ് അട്ടിമറിക്കപ്പെടുക. മതിയായ ആലോചനയോ ശരിയായ ആസൂത്രണമോ ഇല്ലാതെ കിടമത്സരത്തിന്റെ പേരില്‍ ബാങ്കുകള്‍ നടപ്പാക്കുന്ന പരിഷ്കാരാഭാസങ്ങളാണ് പ്രശ്നത്തിന്റെ ഉറവിടം. ശാഖകളുടെ എണ്ണത്തിന്റെ ഇരട്ടിയിലധികം എടിഎമ്മുകളാണ് ഓരോ ബാങ്കും ആരംഭിക്കുന്നത്. ഇവയുടെ ഭാവിപ്രവര്‍ത്തനങ്ങളെയോ സുരക്ഷയെയോ സംബന്ധിച്ച് മാര്‍ഗരേഖയില്ല. എടിഎമ്മില്‍ പണംനിറയ്ക്കല്‍, പരിപാലനം, സുരക്ഷ എന്നിവയില്‍ വിവിധ ബാങ്കുകള്‍ വ്യത്യസ്ത നയങ്ങളാണ് നടപ്പാക്കുന്നത്. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ഇടപെട്ട് ഏകീകൃതനയം നടപ്പാക്കണം. അതിനുപകരം "വൈറ്റ് ലേബല്‍ എടിഎമ്മുകള്‍" പ്രവര്‍ത്തിപ്പിക്കുന്നതിനാണ് ശ്രമം. ഇവിടെയും കാവല്‍ക്കാരെ സംബന്ധിച്ച വ്യവസ്ഥയില്ല. ഈ സാഹചര്യത്തില്‍ "വെറ്റ് ലേബല്‍ എടിഎമ്മുകള്‍" ആരംഭിക്കാനുള്ള നടപടികളില്‍നിന്ന് റിസര്‍വ് ബാങ്ക് പിന്മാറണം. എടിഎം നയം ആവിഷ്കരിക്കാന്‍ ഐബിഎ തയ്യാറാവണമെന്നും നന്ദകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment