Saturday, November 23, 2013

സ്വര്‍ണക്കടത്ത് അന്വേഷണവും മരവിപ്പിക്കുന്നു

കരിപ്പുര്‍ സ്വര്‍ണക്കടത്ത്: ഷഹ്ബാസിന് ലീഗ് ബന്ധം

കൊച്ചി: കരിപ്പുര്‍ സ്വര്‍ണക്കടത്തു കേസിലെ മുഖ്യ ആസൂത്രകനെന്നു കരുതുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശി ഷഹ്ബാസിന് ഭരണകക്ഷിയിലെ പ്രമുഖ നേതാവുമായി അടുത്ത ബന്ധം. നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി ഫയാസുമായും ഇയാള്‍ക്ക് ബന്ധമുള്ളതായി സൂചനയുണ്ട്. മുസ്ലിം ലീഗിലെ വടക്കന്‍ ജില്ലയില്‍നിന്നുള്ള നേതാവുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ഷഹ്ബാസ് വ്യക്തമാക്കിയതായാണ് വിവരം. എന്നാല്‍ പേരു വെളിപ്പെടുത്തിയിട്ടില്ല.

നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി ഫയാസിനെയും അറിയാമെന്ന് ഷഹ്ബാസ് ഡിആര്‍ഐയോട് വെളിപ്പെടുത്തി. എന്നാല്‍, കരിപ്പുര്‍ സ്വര്‍ണക്കടത്തില്‍ ഇയാള്‍ക്ക് ബന്ധമുള്ളതായി ഷഹ്ബാസ് സമ്മതിച്ചിട്ടില്ലെങ്കിലും ഇതിനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. സിനിമാബന്ധങ്ങളും സ്വര്‍ണക്കടത്തിന് ഉപയോഗപ്പെടുത്തിയതായി സാമ്പത്തിക കുറ്റാന്വേഷണവിഭാഗം കരുതുന്നു. കൊച്ചിയില്‍ ഫ്ളാറ്റ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തിയതായുള്ള വിവരം ശരിവയ്ക്കുന്ന സൂചനകളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ മൂന്നു തവണയായി 39 കിലോ സ്വര്‍ണം കടത്തിയതായി ഷഹ്ബാസ് സമ്മതിച്ചതായും ഡിആര്‍ഐ വൃത്തങ്ങള്‍ പറഞ്ഞു. വ്യാഴാഴ്ച ബംഗളൂരുവില്‍നിന്ന് അറസ്റ്റ്ചെയ്ത ഷഹ്ബാസിനെ വെള്ളിയാഴ്ച കൊച്ചി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള എസിജെഎം കോടതിയില്‍ ഹാജരാക്കി. ഡിസംബര്‍ ആറുവരെ റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റു പ്രതികളായ തലശേരി സ്വദേശി നബീല്‍, അബ്ദുള്‍ ലെയ്സ് എന്നിവര്‍ക്കുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും ഡിആര്‍ഐ വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് അന്വേഷണവും മരവിപ്പിക്കുന്നു

കരിപ്പൂര്‍: കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്തില്‍ ഉന്നതരുടെ പങ്ക് പുറത്താകുമെന്ന് ഉറപ്പായതോടെ അന്വേഷണം മരവിപ്പിക്കാന്‍ നീക്കം. ഇപ്പോള്‍ പിടിയിലായവരില്‍ മാത്രം അന്വേഷണം ഒതുക്കി കേസ് മരവിപ്പിക്കാന്‍ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദമേറുന്നു. കേസ് അന്വേഷിക്കുന്ന ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണക്കടത്ത് സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ഷഹബാസിനെ ചോദ്യംചെയ്തപ്പോഴും ഭരണതലത്തില്‍ സ്വാധീനമുള്ള ഉന്നതര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഒരു കേന്ദ്ര സഹമന്ത്രിയിലേക്ക് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം നീണ്ടേക്കുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് കേസൊതുക്കാന്‍ ഡിആര്‍ഐ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദമേറുന്നത്.

കള്ളക്കടത്ത് കേസിലെ മുഖ്യ സൂത്രധാരനില്‍ ഒരാളായ ഫയാസ് കേന്ദ്ര സഹമന്ത്രിയുടെ ബന്ധുവാണെന്ന് നേരത്തെതന്നെ ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞദിവസം ബംഗളൂരുവില്‍ ഷഹബാസ് പിടിയിലായതോടെയാണ് സംസ്ഥാന ഭരണത്തില്‍ സ്വാധീനമുള്ളവര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുള്ളതായി വ്യക്തമായത്. ഒരുവര്‍ഷത്തോളമായി കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്ത് വ്യാപകമായിട്ട്. എന്നാല്‍ വല്ലപ്പോഴും സ്വര്‍ണം പിടിക്കപ്പെട്ടാല്‍ വാഹകരെ മാത്രം പ്രതികളാക്കി കേസെടുക്കാറാണ് പതിവ്. തുടരന്വേഷണം നടത്താറില്ല. കഴിഞ്ഞ നവംബര്‍ എട്ടിന് ആറ് കിലോ സ്വര്‍ണവുമായി കരിപ്പൂരില്‍ എയര്‍ഹോസ്റ്റസും കൂട്ടുകാരിയും അറസ്റ്റിലതോടെയാണ് സ്വര്‍ണക്കടത്തിന്റെ ചുരുളഴിഞ്ഞത്. ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ പഴുതുകളടച്ച വലയില്‍ മുഖ്യ കരിയര്‍മാര്‍ വന്നുവീണതും തുടരന്വേഷണത്തിന്റെ വാതില്‍ തുറന്നു. ഒരാഴ്ചക്കകംതന്നെ സ്വര്‍ണക്കടത്തിന്റെ മുഖ്യ സൂത്രധാരനില്‍ ഒരാളായ ഫയാസ് ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ വലയിലായി. ഇപ്പോള്‍ ഷഹബാസും. തുടരന്വേഷണം ഉന്നതരിലേക്ക് നീങ്ങിയേക്കുമെന്ന സൂചന ലഭിച്ചതോടെയാണ് അന്വേഷണം മരവിപ്പിക്കാന്‍ നീക്കം നടക്കുന്നത്.

എന്നാല്‍ കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് സംബന്ധിച്ച സുപ്രധാന വിവരങ്ങളും വന്‍ സ്രാവുകളെ സംബന്ധിച്ചുള്ള വ്യക്തമായ വിവരവും ലഭിച്ചതായി ഒരു ഡിആര്‍ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ അന്വേഷണം നേരായ ദിശയില്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്വര്‍ണക്കടത്തിലെ മുഖ്യ സൂത്രധാരന്‍ ഫയാസ് പിടിയിലായശേഷവും കേരളത്തിലേക്ക് സ്വര്‍ണം ഒഴുകുകയാണ്. 15 ദിവസത്തിനിടെ കരിപ്പൂരില്‍ മാത്രം 12 കിലോ സ്വര്‍ണം പിടികൂടി. നെടുമ്പാശേരിയില്‍ ആറും തിരുവനന്തപുരത്ത് മൂന്ന് കിലോ സ്വര്‍ണവും പിടികൂടി. എന്നാല്‍ ഇതിന്റെ പത്തിരട്ടി സ്വര്‍ണം കേരളത്തിലേക്ക് ഒളിച്ചുകടത്തിയതായാണ് വിവരം. വിമാനത്താവളങ്ങളിലെ കസ്റ്റംസ്, എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെയും ഭരണതലത്തിലെ ഉന്നതരുടെയും പങ്കാണ് സ്വര്‍ണം ഒഴുക്കിലൂടെ വ്യക്തമാകുന്നത്. സിനിമാ നിര്‍മാണത്തിനും മറ്റ് ബിസിനസുകള്‍ക്കും സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ചതായി ഷഹബാസ് മൊഴിനല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്തിന്റെ ലാഭവിഹിതത്തിന്റെ 60 ശതമാനം പങ്കുപറ്റുന്നത് സംസ്ഥാന ഭരണത്തില്‍ സ്വാധീനമുള്ള ഉന്നതനാണെന്നും മൊഴിയുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മൂന്ന് സൂത്രധാരന്മാര്‍കൂടി അണിയറയിലുണ്ട്. ഇവരെക്കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകും.
(ബഷീര്‍ അമ്പാട്ട്)

deshabhimani

No comments:

Post a Comment