Sunday, November 24, 2013

ബാങ്ക് ലോണ്‍ തട്ടിപ്പ് ഇക്കൊല്ലം 6,212 കോടി

ഇന്ത്യയില്‍  ബാങ്ക് ലോണ്‍ തട്ടിപ്പുകാര്‍ ഇക്കൊല്ലം 6,212 കോടി രൂപാ തട്ടിച്ചതായി വെളിപ്പെടുത്തല്‍. ഒറ്റക്കോ കൂട്ടായോ ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത ശേഷം അത് തിരിച്ചടക്കാത്ത തട്ടിപ്പുകാരുടെ എണ്ണം  കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്   ഇരട്ടിയായെന്നുമുള്ള  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകകളിലാണ്  ബാങ്കിംഗ് മേഖലയെ അമ്പരപ്പിച്ചിക്കുന്ന പുതിയ  വെളിപ്പെടുത്തലുകള്‍  ഉള്ളത്. രാജ്യത്തെ പൊതു മേഖലാ ബാങ്കുകളാണ്  തട്ടിപ്പിന്റെ പ്രധാന ഇരകളെന്നും റിപ്പോര്‍ട്ടില്‍  വ്യക്തമാക്കിയിട്ടുണ്ട് .

2012 ല്‍  3,183 കോടി രൂപയുടെ  വായ്പാ തട്ടിപ്പാണ്  അരങ്ങേറിയതെങ്കില്‍ ഇക്കൊല്ലം അത്  6,212 കോടിയായി .തട്ടിപ്പുകാര്‍ക്കെതിരെ  273 കേസുകള്‍  ഇക്കൊല്ലം രജിസ്റ്റര്‍  ചെയ്തു.  ചെറുതും വലുതുമായ പ്രമോട്ടര്‍മാരും വായ്പാ തട്ടിപ്പിന്  കൂട്ടുനിന്നു .പൊതു മേഖലാ ബാങ്കുകളിലെ 68 ശതമാന വായ്പകളും  ഇത്തരത്തില്‍  വകമാറ്റി ചിലവഴിച്ചപ്പോള്‍ തട്ടിപ്പ് നടത്തുന്ന തുകയുടെ കാര്യത്തിലും കാര്യമായ വര്‍ധന  ഉണ്ടായതായി  ആര്‍  ബി ഐ ഡെപ്യൂട്ടി ഗവര്‍ണ്ണര്‍  കെ സി ചക്രവര്‍ത്തി  പറഞ്ഞു.

പൊതു മേഖലാ  ബാങ്കുകളില്‍  നിന്നും തട്ടിപ്പുകാര്‍ വകമാറ്റിയത്  6078 കോടിയാണെങ്കില്‍  സ്വകാര്യ ബാങ്കുകളുടെ  വായ്പാ നഷ്ടം വെറും 49  കോടിയാണ് .സ്വകാര്യ മേഖലയിലെ ന്യൂ ജനറേഷന്‍ ബാങ്കുകള്‍ക്ക്  ഇക്കാര്യത്തില്‍  67 കോടി രൂപായുടെ  വായ്പാ കുടിശ്ശികയാനുള്ളത്.

കാര്‍ഷികവിദ്യാഭ്യാസ വായ്പകള്‍ എഴുതിതള്ളാന്‍ മടിക്കുന്ന ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്കായി എഴുതിതള്ളിയത് ഒരു ലക്ഷം കോടിയുടെ വായ്പകളാണന്ന വാര്‍ത്തകള്‍ക്ക് പുറമേ വന്ന വായ്പാതട്ടിപ്പ്  ബാങ്കിംഗ് മേഖലയെ അമ്പരപ്പിച്ചിച്ചിരിക്കുകയാണ് .

2008ല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ കാര്‍ഷിക വായ്പാ ഇളവിനെക്കാള്‍ അധികം തുകയാണ് ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക്  ഇക്കൊല്ലം നല്‍കിയിരിക്കുന്നത്.

കര്‍ഷക സമാശ്വാസ പദ്ധതികളുടെ ഭാഗമായി  60,000 കോടി രൂപയുടെ കാര്‍ഷിക കടമാണ് 2008 ല്‍ കേന്ദ്രസര്‍ക്കാര്‍ എഴുതിതള്ളിയത്. വന്‍കിട കോര്‍പറേറ്റുകളുടെ കടങ്ങള്‍ ഇത്തരത്തില്‍ എഴുതി തള്ളുന്നതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ ബാങ്കുകള്‍ക്കുമേല്‍ നടത്തിയത്. ബാങ്കുകളുടെ  നിഷ്‌ക്രിയ ആസ്തിയുടെ 50 ശതമാനവും ഇത്തരത്തിലുള്ള വായ്പകള്‍ ആണ്. നിഷ്‌ക്രിയ ആസ്തി കുറച്ചു കാണിക്കുന്നതിനു വേണ്ടിയാണ് ബാങ്കുകള്‍ ഇത്തരത്തില്‍ വായ്പകള്‍ എഴുതി തള്ളുന്നത്. വായ്പാ തിരിച്ചടവ് മുടക്കുന്നവര്‍ക്ക് കൂടുതല്‍ വായ്പകള്‍ അനുവദിക്കുന്നതും തിരിച്ചടവിന് കൂടുതല്‍ സമയം അനുവദിക്കുന്നതും തെറ്റായ പ്രവണതയാണെന്നും  നേരത്തെ ചക്രവര്‍ത്തി ചൂണ്ടികാട്ടിയിരുന്നു.

ബാങ്കുകളുടെ കിട്ടാകടം വര്‍ധിക്കുന്നതിനെതിരെ ധനമന്ത്രി പി ചിദംബരവും രംഗത്തെത്തിയിരുന്നു. നിഷ്‌ക്രിയ ആസ്തി വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും ഓരോ ബാങ്കുകളുടെയും പ്രധാനപ്പെട്ട 30 നിഷ്‌ക്രിയ ആസ്തി അക്കൗണ്ടുകള്‍ നിരീക്ഷിക്കുമെന്നും പൊതു മേഖലാ ബാങ്കുകളുടെ മേധാവികളുമായി നടത്തിയ കൂടികാഴ്ചക്കു ശേഷം ചിദംബരം പറഞ്ഞിരുന്നു.

janayugom

No comments:

Post a Comment