പാപ്പാഉമാനാഥ് നഗര്‍(ബോധ്ഗയ): വര്‍ഗീയതയ്ക്കും സ്ത്രീകള്‍ള്‍ക്കുനേരെയുള്ള അതിക്രമത്തിനുമെതിരായ പോരാട്ടത്തില്‍ അണിനിരക്കാനുള്ള ആഹ്വാനത്തോടെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പത്താം അഖിലേന്ത്യാ സമ്മേളനത്തിന് ഉജ്വല തുടക്കം. ബിഹാറിലെ ചരിത്രപ്രസിദ്ധമായ ബോധ്ഗയ യില്‍ പാപ്പാഉമാനാഥ് നഗറില്‍ ത്രിപുര വ്യവസായമന്ത്രി ജിതേന്ദ്രചൗധരി സമ്മേളനം ഉദ്ഘാടനംചെയ്തു.
അഖിലേന്ത്യാ പ്രസിഡന്റ് ശ്യാമിലി ഗുപ്ത സമ്മേളനനഗരിയില്‍ പതാക ഉയര്‍ത്തി. സുഭാഷിണി അലി അനുശോചനപ്രമേയം അവതരിപ്പിച്ചു. മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സ്വാഗതസംഘം അധ്യക്ഷനുമായ ഗണേഷ്ശങ്കര്‍ വിദ്യാര്‍ഥി സ്വാഗതം പറഞ്ഞു. ലൈല പസ്സാ(വൈഡബ്ല്യുസിഎ), വിമല്‍ തരോട്ട്(അഖിലേന്ത്യാ ദളിത് അധികാരി മഞ്ച്), ഡോ. ഇന്ദു അഗ്നിഹോത്രി എന്നിവര്‍ സംസാരിച്ചു. 850 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ വിയോഗത്തില്‍ അനുശോചിച്ച് സമ്മേളനം പ്രത്യേക പ്രമേയം അംഗീകരിച്ചു.
ഭരണവര്‍ഗത്തിന്റെയും സാമൂഹ്യവിരുദ്ധരുടെയും വര്‍ഗീയവാദികളുടെയും അതിക്രമങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ്പ് നടത്തിയ സ്ത്രീകളെ ആദരിച്ചു. ക്രൂരതക്കെതിരെ നടത്തിയ പോരാട്ടങ്ങളും പുരോഗമനപ്രസ്ഥാനം നല്‍കിയ പിന്തുണയും ഇവര്‍ വിശദീകരിച്ചു. വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഗുജറാത്തിലെ ഇസ്രത്ത് ജഹാന്റെ സഹോദരി മുഷ്റത്ത്, ഉമ്മ ഷമിമ കൗസര്‍, തമിഴ്നാട് വാച്ചാത്തിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ബലാത്സംഗംചെയ്തതിനെ തുടര്‍ന്ന് രണ്ട് പതിറ്റാണ്ടോളം നിയമപോരാട്ടം നടത്തിയ പ്രന്ധായി, ഭൂമാഫിയയെ വെല്ലുവിളിച്ച് പോരാടുന്ന ബിഹാറിലെ സുശീലദേവി, തൃണമൂല്‍ ഗുണ്ടകളെ ചെറുത്ത് പൊതുപ്രവര്‍ത്തനം നടത്തുന്ന പശ്ചിമബംഗാളിലെ മന്‍വാര ബിബി, ബലാത്സംഗശ്രമം ചെറുക്കവെ കാല്‍ നഷ്ടപ്പെടുകയും പിന്നീട് എവറസ്റ്റ് കീഴടക്കുകയുംചെയ്ത ഉത്തര്‍പ്രദേശിലെ അരുണിമ സിന്‍ഹ, ഹരിയാനയിലെ ഹിസ്സാറില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത്പെണ്‍കുട്ടി എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു. ഇവര്‍ക്ക് ഐക്യദാര്‍ഢ്യമേകി അസോസിയേഷന്‍ രക്ഷാധികാരി വൃന്ദ കാരാട്ട് സംസാരിച്ചു.
ജനറല്‍ സെക്രട്ടറി സുധ സുന്ദരരാമന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരളത്തില്‍ നിന്ന് 130 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ശ്യാമലി ഗുപ്തയുടെ നേതൃത്വത്തിലുള്ള പ്രസീഡിയത്തില്‍ എം സി ജോസഫൈന്‍, ടി എന്‍ സീമ, പി കെ സൈനബ എന്നിവര്‍ അംഗങ്ങളാണ്. സുധ സുന്ദരരാമന്‍ അധ്യക്ഷയായ സ്റ്റിയറിങ് കമ്മിറ്റിയില്‍ കെ കെ ശൈലജ അംഗമാണ്. കേരളത്തില്‍നിന്നുള്ള ആര്‍ ബിന്ദു മിനിട്സ് കമ്മിറ്റിയിലും എന്‍ സുകന്യ പ്രമേയകമ്മിറ്റിയിലും പ്രവര്‍ത്തിക്കുന്നു. ജനറല്‍സെക്രട്ടറി അവതരിപ്പിച്ച ദേശീയ-സാര്‍വദേശീയ റിപ്പോര്‍ട്ടിലുള്ള ചര്‍ച്ചയില്‍ കേരളപ്രതിനിധി കെ പി സുമതി സംസാരിച്ചു.
deshabhimani
No comments:
Post a Comment