Sunday, November 24, 2013

ഫാക്ട് സംരക്ഷണ സംഗമം 26ന്

"ഫാക്ടിനെ രക്ഷിക്കൂ, നാടിനെ രക്ഷിക്കൂ" എന്ന മുദ്രാവാക്യമുയര്‍ത്തി സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാഷ്ട്രീയ-ട്രേഡ് യൂണിയന്‍ സമരസഹായ സമിതിയുടെ പിന്തുണയോടെ ഫാക്ട് സംരക്ഷണ സംഗമം സംഘടിപ്പിക്കും. 26ന് വൈകിട്ട് അഞ്ചിന് കളമശേരി ചാക്കോള ഗ്രൗണ്ടില്‍ നടക്കുന്ന സംഗമം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ ചന്ദ്രന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അധ്യക്ഷനാകും. മുന്നോടിയായി വൈകിട്ട് 4.45ന് കളമശേരി ടിവിഎസ് ജങ്ഷനില്‍നിന്ന് റാലി തുടങ്ങും.

രാജ്യത്ത് രാസവളം ഉല്‍പ്പാദിപ്പിക്കാന്‍ ആദ്യം തുടങ്ങിയ ഫാക്ട് കുറച്ചു വര്‍ഷമായി വലിയ പ്രതിസന്ധിയിലാണ്. ഇന്ധനമായ നാഫ്തയുടെ വില വര്‍ധിക്കുകയാണ്. മറ്റ് വളനിര്‍മാണശാലകള്‍ പ്രകൃതിവാതകത്തിലേക്കു മാറിയിട്ടും ഫാക്ടിന് മാറാന്‍കഴിഞ്ഞില്ല. ആറുമടങ്ങുവരെ വിലയേറിയ നാഫ്തയാണ് ഫാക്ട് ഉപയോഗിക്കുന്നത്. ഇതുമൂലം ഉല്‍പ്പാദനച്ചെലവ് ഏറുന്നു. വില്‍പ്പനയിലൂടെ അത് തിരികെ ലഭിക്കുന്നില്ല. നേരത്തെ വാഗ്ദാനംചെയ്ത സാമ്പത്തിക പാക്കേജ് ഉടന്‍ അനുവദിക്കണമെന്ന് ആക്ഷന്‍കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതിവിഹിതമായി 2013-14ലേക്ക് അനുവദിച്ച 211 കോടി രൂപ ഉടന്‍ നല്‍കണം. എല്‍എന്‍ജി ലഭ്യമാകുംവരെ ഫാക്ടിനുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിന് ഡിലോയ്റ്റ് എന്ന ഏജന്‍സി സമര്‍പ്പിച്ച ശുപാര്‍ശകള്‍ അഞ്ചുവര്‍ഷമായി നടപ്പാക്കാത്തതു കാരണം പലിശയിനത്തില്‍ ശരാശരി 110 കോടിയോളം രൂപ അധികബാധ്യത വന്നു.

ഫാക്ടിന് ദേശീയ ശരാശരി വിലയ്ക്ക് എല്‍എന്‍ജി നല്‍കാന്‍ നടപടി സ്വീകരിക്കുക, യൂറിയാ പദ്ധതിക്കും മറ്റു വികസന പദ്ധതികള്‍ക്കും അനുമതി നല്‍കുക, കാപ്രോലാക്ടം ഉല്‍പ്പാദനം പുനരാരംഭിക്കുക, കേരള സര്‍ക്കാര്‍ എല്‍എന്‍ജിയുടെ മൂല്യവര്‍ധിത നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി ഉന്നയിച്ചു. ഫാക്ട് സംരക്ഷണ സംഗമത്തില്‍ ജനപ്രതിനികളും വിവിധ രാഷ്ട്രീയ-ട്രേഡ് യൂണിയന്‍ നേതാക്കളും പങ്കെടുക്കുമെന്ന് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി അറിയിച്ചു. ഭാരവാഹികളായ ജോര്‍ജ് തോമസ്, കെ സി റാഫേല്‍, എന്‍ പി ശങ്കരന്‍കുട്ടി, പി എസ് സെന്‍, മധു പുറക്കാട്, എ വിശ്വനാഥന്‍, സൈമണ്‍ ജോസഫ്, പി എസ് മുരളി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment