മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ വനഭൂമി വനേതരാവശ്യങ്ങള്‍ക്കോ കൃഷിഭൂമി കാര്‍ഷികേതരാവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ അനുവദിക്കില്ല. കേന്ദ്ര സര്‍ക്കാര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചതോടെ ഭൂവിനിയോഗം സംബന്ധിച്ച ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ഈ വ്യവസ്ഥക്ക് നിയമസാധുത കൈവന്നിരിക്കുകയാണ്. ഈ വ്യവസ്ഥ നടപ്പാക്കപ്പെട്ടാല്‍ പരിസ്ഥിതി സംവേദക മേഖലകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിലും അവയുടെ 10 കി.മീ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലും പുതുതായി സ്കൂള്‍ , ആശുപത്രി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിര്‍മ്മിക്കാനാവില്ല. 20000 ച കി മി യില്‍ താഴെയുള്ള കെട്ടിടങ്ങളോ , റെഡ് കാറ്റഗറിയിലുള്ളതല്ലാത്ത വ്യവസായങ്ങളോ , റോഡ്-റെയില്‍വേ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനമോ വാണിജ്യ വ്യവസായ സ്ഥാപനങ്ങളോ - ഗ്രന്ഥശാലയോ,കാലിത്തൊഴുത്തോ പോലും നിര്‍മ്മിക്കാനാവില്ല. സ്വാഭാവികമായും പരിസ്ഥിതി സംവേദക മേഖലയില്‍ നിന്ന് സ്വയം കുടിയൊഴിഞ്ഞുപോകാന്‍ കര്‍ഷകരും ഇതര ജനവിഭാഗങ്ങളും നിര്‍ബന്ധിതരാവും. ഇതു സംബന്ധിച്ച് വിശദീകരിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തയ്യാറാണം. അല്ലാത്ത പക്ഷം പരിസ്ഥിതി സംവേദക മേഖലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കോടതി നടപടി ഉള്‍പ്പെടെയുള്ള തടസ്സങ്ങള്‍ ഉണ്ടാവുമെന്നത് വ്യക്തമാണ്. ഇത് പരിഗണിച്ച് ഭൂവിനിയോഗം സംബന്ധിച്ച ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പിന്‍വലിക്കുന്നതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിക്കണം.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പൊതുഭൂമി സ്വകാര്യഭൂമിയാക്കിമാറ്റാന്‍ അനുവദിക്കില്ല എന്ന് നിബന്ധന മൂലം മലയോര കര്‍ഷകര്‍ക്ക് പട്ടയം എന്നെന്നേക്കുമായി നിഷേധിക്കപ്പെടും. ഈ സാഹചര്യത്തില്‍ പൊതുഭൂമി സ്വകാര്യഭൂമിയാക്കി മാറ്റാന്‍ പാടില്ല എന്ന വ്യവസ്ഥ യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിനും ബാധകമാക്കില്ല എന്ന് പ്രഖ്യാപിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തയ്യാറാകണം. അതോടൊപ്പം പൊതു താല്‍പ്പര്യമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭൂമി ഉപയോഗിക്കാന്‍ വ്യവസ്ഥ ചെയ്യണം രാസവളം നിരോധിക്കണമെന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ വ്യവസ്ഥ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ഭേദഗതി ചെയ്തിട്ടില്ല. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനെ എതിര്‍ക്കേണ്ടതില്ല, എന്നാല്‍ രാസവളം നിയന്ത്രിക്കുന്നതിന് പകരം നിരോധിക്കണമെന്ന വ്യവസ്ഥ കര്‍ഷക വിരുദ്ധമാണ്. രാസവളങ്ങളും രാസകീടനാശിനികളും പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് ഉപയോഗിക്കാന്‍ വ്യവസ്ഥ ഉണ്ടാക്കണം.
വയനാട്ടിലെ ഇടത്തരം പട്ടണങ്ങളായ മേപ്പാടി, വൈത്തിരി, കാട്ടിക്കുളം ഉള്‍പ്പെടെയുള്ള ജനവാസ കേന്ദ്രങ്ങളാകെ പരിസ്ഥിതി സംവേദക മേഖലകളാക്കി നിര്‍ണ്ണയിച്ചത് അംഗീകരിക്കാനാവില്ല. ചതുരശ്ര കിലോമീറ്ററില്‍ 100 ല്‍ താഴെ ജനങ്ങളുള്ള പ്രദേശങ്ങളെയാണ് ഉള്‍പ്പെടുത്തേണ്ടത് എന്ന വ്യവസ്ഥ വയനാട്ടില്‍ ലംഘിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വയനാട്ടിലെ കുറുവ ദ്വീപുകള്‍ , എടക്കല്‍ പ്രദേശം എന്നിവ പോലും പരിസ്ഥിതി സംവേദക മേഖലകളാക്കി പരിഗണിച്ചിട്ടുമില്ല. കസ്തൂരി രംഗന്‍ സമിതിയുടെ അശാസ്ത്രീയമായ സമീപനത്തിന്റെ ഉദാഹരണങ്ങളാണിവ. ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി സംവേദക മേഖലകളാക്കി പ്രഖ്യാപിച്ച നടപടി പിന്‍വലിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തയ്യാറാകണം. ശാസ്ത്രീയമായി പരിസ്ഥിതി സംവേദക മേഖലാ നിര്‍ണ്ണയം നടത്താന്‍ നടപടി സ്വീകരിക്കണം. ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും കര്‍ഷകര്‍ക്ക് സബ്സീഡി നല്‍കാനും പണം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യാന്‍ പോലും കര്‍മ്മ പരിപാടിയില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് തയ്യാറായിട്ടില്ല എന്നത് കടുത്ത കര്‍ഷക ദ്രോഹമാണ്.
പശ്ചിമഘട്ടത്തിലെ കര്‍ഷകര്‍ക്ക് കൃഷി, മൃഗപരിപാലന മേഖലകളില്‍ ഉല്‍പ്പാദനത്തിനായി വന്‍ തോതില്‍ വായ്പയും സബ്സീഡിയും അനുവദിക്കാനും കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണ - സംസ്കരണ - വിപണന സംവിധാനങ്ങള്‍ സ്ഥാപിക്കാനും കേന്ദ്ര സര്‍ക്കാര്‍ ഒരു ലക്ഷം കോടി രൂപയുടെ കാര്‍ഷിക പാക്കേജ് അനുവദിക്കാന്‍ തയ്യാറാവണം. കാര്‍ഷിക പ്രതിസന്ധി നേരിടുന്ന എന്നാല്‍ കാര്‍ഷിക പ്രധാന ജില്ല എന്ന പരിഗണന നല്‍കി വയനാടിന് ആയിരം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം.
വന്യമൃഗങ്ങളില്‍ നിന്നും മനുഷ്യരെ സംരക്ഷിക്കാന്‍ യാതൊരു നിര്‍ദ്ദേശവും ഗാഡ്ഗില്‍ - കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളിലില്ല. കര്‍ഷകരുടെ ഏകവിളത്തോട്ടങ്ങള്‍ സ്വാഭാവിക വനമാക്കി മാറ്റാന്‍ നിശ്ചയിച്ച ഗാഡ്ഗില്‍ - കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ കാട്ടിലെ ഏകവിളത്തോട്ടങ്ങളായ തേക്കിനു പകരം സ്വാഭാവിക വനം ഉണ്ടാക്കണമെന്ന് നിര്‍ദ്ദേശിക്കാത്തത് പരിസ്ഥിതി സംരക്ഷണത്തില്‍ ഈ സമിതികളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ്.വയനാട്ടിലെ തേക്കിന്‍ തോട്ടങ്ങള്‍ മുറിച്ചുമാറ്റി സ്വാഭാവിക വനം വളര്‍ത്തിയെടുക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടപടിയെടുക്കണം.
നഞ്ചന്‍കോട് - വയനാട് റെയില്‍പ്പാത യാഥാര്‍ത്ഥ്യമാക്കാന്‍ ഭൂവിനിയോഗം സംബന്ധിച്ച ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ റദ്ദാക്കുമെന്ന് പ്രഖ്യാപിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തയ്യാറാവണം . പരിസ്ഥിതി സംരക്ഷണത്തോടൊപ്പം സാമൂഹിക സാമ്പത്തിക സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി ഇരു റിപ്പോര്‍ട്ടുകളും മൗലികമായി തിരുത്തിയെഴുതണം. ഇതിനായി ശാസ്ത്രജ്ഞരും ജന പ്രതിനിധികളും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന ഒരു വിദഗ്ദ സമിതി രൂപീകരിച്ച് പരിസ്ഥിതിയുടേയും മനുഷ്യരുടെ ജീവിതോപാധികളുടേയും സംരക്ഷണം ഉറപ്പു വരുത്തുന്ന സമഗ്രമായ കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും സിപിഐഎം നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഉന്നത സമിതി വിവരശേഖരണം തുടങ്ങി; പ്രതിഷേധവുമായി ജനം
മാനന്തവാടി: ജനങ്ങളുടെ കത്തിപടരുന്ന പ്രതിഷേധത്തിനിടെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ ഉന്നതല സമിതി വയനാട്ടില്‍ വിവരശേഖരണം തുടങ്ങി. റിപ്പോര്‍ട്ടിന്‍മേല്‍ അഭിപ്രായ സമന്വയത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച ഡോ. ഉമ്മന്‍ വി ഉമ്മന്റെ നേതൃത്വത്തിലുള്ള സമിതിയാണ് വിവരശേഖരണത്തിനായി എത്തിയിട്ടുള്ളത്്. ജനങ്ങളുടെ കടുത്ത പ്രതിഷേധമാണ് ഇവരെ എതിരേറ്റത്. മാനന്തവാടിയിലായിരുന്നു ആദ്യ വിവര ശേഖരണം. ബുധനാഴ്ച രാവിലെ 10ന് കല്‍പ്പറ്റ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും സമിതി അംഗങ്ങള്‍ വിവരശേഖരണം നടത്തും.
നിശ്ചയിച്ചതിലും ഏറെ വൈകി വൈകിട്ട് ആറോടെയാണ് സമിതി അംഗങ്ങള്‍ മാനന്തവാടിയില്‍ തെളിവെടുപ്പിന് എത്തിയത്. പകല്‍ 3.30ന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. മൂന്നുമുതല്‍ ആളുകള്‍ കാത്ത് നില്‍ക്കുന്നതായിരുന്നു. വൈകിയെത്തിയെതിനാല്‍ ഭൂരിഭാഗംപേര്‍ക്കും അഭിപ്രായം പറയാനായില്ല. വിവരശേഖരണവും പ്രഹസനമാക്കുന്നതായി തുടക്കത്തിലേ ആരോപണം ഉയര്‍ന്നു. റിപ്പോര്‍ട്ടിലെ പൊള്ളത്തരങ്ങള്‍ സംസാരിച്ചവര്‍ തുറന്നു കാണിച്ചു.
ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റിക്ക് വേണ്ടി പി വി സഹദേവന്‍ ആവശ്യപ്പെട്ടു. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ 13 വില്ലേജുകളും അതിന്റെ ബഫര്‍സോണും ഉള്‍പ്പെടുമ്പോള്‍ വയനാട് മുഴുവന്‍ പരിസ്ഥിതി ദുര്‍ബലമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ജനങ്ങളെകൂടി സഹകരിപ്പിച്ച് ശാസ്ത്രിയ അടിത്തറയുള്ള പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് സംസാരിച്ചവരും ഇതേ നിലപാടുകള്‍ ആവര്‍ത്തിച്ചു.
ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ അഴിമതിയുടെ കറപുരണ്ടതാണെന്ന് മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. രണ്ട് റിപ്പോര്‍ട്ടുകള്‍ക്കും നിയമ സാധുതയില്ല. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള സര്‍ക്കാര്‍ നിലപാടുകള്‍ വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അബ്ദുള്‍ അഷറഫ്, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് ഒ ആര്‍ കേളു, തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസ്, എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപ്, ടി സി ജോസ്, ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസ്, ബെന്നി ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു. റിപ്പോര്‍ട്ട് ഇതേപടി നടപ്പാക്കിയാല്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭഭങ്ങള്‍ക്ക് വയനാട് സാക്ഷ്യം വഹിക്കുമെന്ന മുന്നറിയിപ്പാണ് പൊതുജനങ്ങള്‍ നല്‍കിയത്. ജൈവവൈവിധ്യ സംരക്ഷണത്തില്‍ ജനങ്ങളെ കൂടി പരിഗണിക്കുമെന്ന് സമിതി അംഗം ഉമ്മന്‍ വി ഉമ്മനും ജനങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുമെന്ന് അംഗം ഡോ. സി പി സിറിയകും പറഞ്ഞു. പ്രൊഫ. രാജശേഖരന്‍പിള്ളയും വിവരശേഖരണ സംഘത്തിലുണ്ട്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: പരാതിക്കെട്ടഴിച്ച് മലയോര ജനത
ഇരിട്ടി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഉയര്‍ത്തുന്ന ജനകീയ ആശങ്കകള്‍ കേള്‍ക്കാനെത്തിയ സര്‍ക്കാര്‍ വിദഗ്ധസമിതി സിറ്റിങ്ങില്‍ പരാതിപ്രളയം. സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് ചെയര്‍മാന്‍ പ്രൊഫ. ഉമ്മന്‍ വി ഉമ്മന്‍, പി സി സിറിയക്, പ്രൊഫ. വി എന്‍ രാജശേഖരപിള്ള എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണ് ചൊവ്വാഴ്ച ആറളം, കൊട്ടിയൂര്‍, ചെറുവാഞ്ചേരി എന്നിവിടങ്ങളില്‍ സിറ്റിങ് നടത്തിയത്. സമിതിക്കുമുന്നില്‍ കര്‍ഷകരും ആദിവാസികളും വിവിധ സംഘടനാ നേതാക്കളും ജനപ്രതിനിധികളും ആശങ്കകളുടെ കെട്ടഴിച്ചു.
ആറളം വില്ലേജിനെ പരിസ്ഥിതി ലോല മേഖലയാക്കിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ അശാസ്ത്രീയ സമീപനത്തിനെതിരെയായിരുന്നു ആറളത്ത് ലഭിച്ച പരാതികളിലേറെയും. കൊട്ടിയൂരില്‍ സംഘം സണ്ണി ജോസഫ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, കര്‍ഷകര്‍, നാട്ടുകാര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. ഗ്രാമസഭകളുടെയും കര്‍ഷകരുടെയും രാഷ്ട്രീയ പാര്‍ടികളുടെയും സംഘടനകളുടെയും നിവേദനവും ഏറ്റുവാങ്ങി. ചെറുവാഞ്ചേരി മേഖലയിലെ സിറ്റിങ് പാട്യം പഞ്ചായത്ത് ഓഫീസിലായിരുന്നു. ചെറുവാഞ്ചേരി വില്ലേജിന്റെ ദൂരപരിധി റിപ്പോര്‍ട്ടില്‍ പെരുപ്പിച്ച് കാണിച്ചിരിക്കയാണെന്നായിരുന്നു ഇവിടത്തെ പ്രധാന ആക്ഷേപം. വില്ലേജിന്റെ അതിര്‍ത്തിയില്‍ വന്ന രൂപമാറ്റം വിശദീകരിച്ച് റവന്യൂമാപ്പും ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാക്കി. പരാതികള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ചെയര്‍മാന്‍ വിശദീകരിച്ചു. പാട്യം പഞ്ചായത്ത് പ്രസിഡന്റ് വി കെ ജലജ, സിപിഐ എം ചെറുവാഞ്ചേരി ലോക്കല്‍ സെക്രട്ടറി കുറ്റിച്ചി പ്രേമന്‍, എം സി രാഘവന്‍, വി കെ സുരേഷ്ബാബു തുടങ്ങിയ എല്‍ഡിഎഫ് നേതാക്കളും കാര്യങ്ങള്‍ വിശദീകരിച്ചു. ജനങ്ങളുടെ ആശങ്കകളും പ്രദേശത്തിന്റെ ആവശ്യകതയും കണക്കിലെടുത്ത് സര്‍ക്കാരില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് വിദഗ്ധസമിതി അംഗങ്ങള്‍ അറിയിച്ചു. കനത്ത പൊലീസ് കാവലിലായിരുന്നു സിറ്റിങ്.
deshabhimani
No comments:
Post a Comment