ബംഗളൂരുവില്‍ ആര്‍ക്കിടെക്ടായ യുവതിയെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി രഹസ്യനിരീക്ഷണത്തില്‍ നിര്‍ത്തിയത് സുരക്ഷ ഒരുക്കാനാണെന്ന വാദം ശരിയല്ലെന്നതിന് സിബിഐയുടെ പക്കലുള്ള ഫോണ്‍ രേഖ തെളിവ്. മോഡിയുടെ നിര്‍ദേശപ്രകാരം യുവതിയെ നിരീക്ഷിക്കുന്നതിന് അന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായ അമിത് ഷാ ഐപിഎസ് ഉദ്യോഗസ്ഥനായ ജി എല്‍ സിംഗാളിനെയാണ് ചുമതലപ്പെടുത്തിയത്. വല്ലാത്ത പരിഭ്രമത്തോടെയുള്ള നിരീക്ഷണമാണെന്ന് അമിത് ഷാ ഫോണിലൂടെ സിംഗാളിന് നല്‍കിയ നിര്‍ദേശങ്ങളില്‍ വ്യക്തം.
2009 ആഗസ്ത്- ഒക്ടോബര്‍ കാലയളവിലാണ് ബംഗളൂരു യുവതിയെ രഹസ്യമായി നിരീക്ഷിച്ചതും ഫോണ്‍ ചോര്‍ത്തിയതും. ഇതിന് നേതൃത്വം നല്‍കിയ ജി എസ് സിംഗാള്‍ ആഭ്യന്തര സഹമന്ത്രി അമിത് ഷാ ഫോണില്‍ നല്‍കുന്ന നിര്‍ദേശങ്ങളെല്ലാം റെക്കോഡ് ചെയ്തു. ഇസ്രത് ജഹാന്‍- പ്രാണേഷ് കുമാര്‍ വ്യാജഏറ്റുമുട്ടല്‍ കേസില്‍ പിന്നീട് സിബിഐ പ്രതിചേര്‍ത്ത സിംഗാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. സിബിഐ കസ്റ്റഡിയിലിരിക്കെയാണ് അമിത് ഷായുമായുള്ള ഫോണ്‍ സംഭാഷണംസിംഗാള്‍ കൈമാറിയത്. 267 ഓഡിയോ ടേപ്പാണ് സിബിഐയുടെ പക്കലുള്ളത്. നിരീക്ഷണകാലത്ത്ഭീകരവിരുദ്ധ സ്ക്വാഡില്‍ എസ്പിയായിരുന്നു സിംഗാള്‍.
ഓഡിയോ ടേപ്പിലെ പ്രസക്ത ഭാഗം:
സിംഗാള്‍: സര്‍ സിംഗാളാണ്.
അമിത് ഷാ: പറയൂ.
സിംഗാള്‍: കമ്പനിയില്‍നിന്ന് വിവരം കിട്ടി. അവരുടെ ലൊക്കേഷന്‍ ഇപ്പോഴും അവിടെത്തന്നെയാണ്.
അമിത് ഷാ: അവരു പോയിട്ടുണ്ടാകും. സാഹിബിന് എല്ലാ വിവരവും കിട്ടുന്നുണ്ട്.
സിംഗാള്‍: ഇല്ല സര്‍.
ഷാ: ഇല്ല പോയിട്ടുണ്ടാകും. സാഹിബിന് എല്ലാമറിയാം.
സിംഗാള്‍: ഇല്ല സര്‍. നമ്മുടെ ആളുകള്‍ അവിടെയുണ്ട്. മൊബൈല്‍ കമ്പനിയുമായി ബന്ധപ്പെട്ട് ലൊക്കേഷനും എടുക്കുന്നുണ്ട്.
ഷാ: ലൊക്കേഷന്‍ ആ മേഖലയില്‍തന്നെയാണോ.
സിംഗാള്‍: അതേ സര്‍. അതേ ടവറില്‍തന്നെയാണ്.
മറ്റൊരു സംഭാഷണം.
ഷാ: ഇന്ന് വൈകുന്നേരം അയാള്‍ തിരിക്കും. സാഹിബിന് കിട്ടിയ വിവരമാണ്. ഞാനുദ്ദേശിച്ചത്...
സിംഗാള്‍: യെസ് സര്‍... ആ ലേഡിയുടെ കാര്യമല്ലേ.
ഷാ: വൈകുന്നേരം ഏതു വിമാനമാണെന്നത് പരിശോധിക്കണം.
സിംഗാള്‍: സര്‍... പരിശോധിക്കാം.
ഷാ: ചിലപ്പോള്‍ ഗോ എയറായിരിക്കും. അയാള്‍ ഭാവ്നഗറില്‍ എത്തിയിട്ടുണ്ടോ.
സിംഗാള്‍: എത്തിയിട്ടുണ്ട്. ഇന്നലെ രാത്രി അയാളെത്തി.
ഷാ: ഈ പെണ്ണ് മുംബൈയില്‍ പോകുന്നെങ്കില്‍ അയാള്‍ ഒപ്പമില്ലെന്ന് ഉറപ്പുവരുത്തണം.
സിംഗാള്‍: ശരി സര്‍... ഉറപ്പ് സര്‍.
ഷാ: മനസിലായല്ലോ. വൈകിട്ടത്തെ വിമാനസമയവും നോക്കിവയ്ക്കണം.
മറ്റൊരു സംഭാഷണം.
ഷാ: എന്തെങ്കിലും പുരോഗതിയുണ്ടോ.
സിംഗാള്‍: ഇല്ല സര്‍. ഞാന്‍ പറഞ്ഞിട്ടുണ്ട്. അവര്‍ പരിശോധിച്ചിട്ട് അറിയിക്കാമെന്നാണ് പറഞ്ഞത്.
ഷാ: അതല്ല. സാഹിബ് തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരിക്കയാണ്.
സിംഗാള്‍: സര്‍ 10-15 മിനിറ്റുകൊണ്ട് വിവരം കിട്ടും.
ഷാ: വിമാനത്താവളത്തില്‍ എന്ത് സംഭവിച്ചു.
സിംഗാള്‍: സര്‍ ആ ചെക്കന്‍ അവളെ അവിടെ വിട്ടിട്ട് പോയി. നമ്മുടെ ആളുകളുണ്ട്. പത്ത് മിനിറ്റുകൊണ്ട് വിമാനം പുറപ്പെടും.
ഷാ: ഉംംംം.
മറ്റൊരു സംഭാഷണം.
ഷാ: സാഹിബ് വിളിച്ചു. അവര് രണ്ടുവട്ടം പുറത്തുപോയെന്ന വിവരം സാഹിബിന് കിട്ടിയിട്ടുണ്ട്. നമ്മുടെ ആളുകള്‍ ശരിക്ക് നിരീക്ഷിക്കുന്നില്ലെന്നു തോന്നുന്നു. അവര് ഷോപ്പിങ്ങിന് പോയി. അവളെ കാണാന്‍ വന്ന ചെക്കന്റെ കൂടെയും പുറത്തുപോയി.
സിംഗാള്‍: നമ്മുടെ ആളുകള്‍ അന്വേഷിക്കുന്നുണ്ട് സര്‍. നമ്മുടെ ആളുകളെ അവര്‍ അകത്തിരിക്കാന്‍ അനുവദിക്കുന്നില്ല.
ഷാ: ആകെ രണ്ട് വാതിലല്ലേയുള്ളൂ. എന്നിട്ടും അവര്‍ ഷോപ്പിങ്ങിന് പോയി.
സിംഗാള്‍: സര്‍. അവര്‍ കറുത്തചില്ലുള്ള കാറിലാകും പോയത്. നമ്മുടെ ആളുകളോട് പറയാം.
ഷാ: കാറിന്റെ നമ്പര് പൊക്ക്.
സിംഗാള്‍: ശരി സര്‍.
ഷാ: നിങ്ങള്‍ക്ക് ഭാവ്നഗര്‍ എസ്പിയെ പരിചയമുണ്ടോ.
സിംഗാള്‍: ഉണ്ട് സര്‍.
ഷാ: അയാള്‍ വീട്ടിലുണ്ടോയെന്ന് പരിശോധിക്ക്.
സിംഗാള്‍: ശരി സര്‍.
മറ്റൊരു സംഭാഷണം.
ഷാ: അയാള്‍ ഭാവ്നഗറില്‍നിന്ന് മുംബൈയില്‍ പോയി തിരിച്ചെത്തിയിട്ടുണ്ട്. അയാളെയും നിരീക്ഷിക്കണം. 8-10 പേരെ ഡ്യൂട്ടിക്ക് ഇട്ടോ. അയാള്‍ ഒന്നുരണ്ട് ദിവസം കാണും. അവളുടെ നീക്കങ്ങള്‍ നിരീക്ഷിക്കണം. അവരുടെ സംഭാഷണം എന്റെ പക്കലുണ്ട്. അവരുതമ്മില്‍ എന്തുതരത്തിലുള്ള ബന്ധമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഫോണ്‍ ചോര്‍ത്താനും ഏര്‍പ്പാടാക്കിക്കോ.
സിംഗാള്‍: ശരി സര്‍.
(എം പ്രശാന്ത്)
ബംഗളൂരു യുവതി മോഡിയുടെ വസതിയില്‍ താമസിച്ചു
ന്യൂഡല്‍ഹി: ഗുജറാത്ത് രഹസ്യപൊലീസിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്ന ബംഗളൂരുവിലെ യുവതിയായ ആര്‍ക്കിടെക്ട് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ അഹമ്മദാബാദിലെ ഔദ്യോഗിക വസതിയില്‍ രണ്ടുദിവസം താമസിച്ചതായി വെളിപ്പെടുത്തല്‍. 2006 മാര്‍ച്ചില്‍ ഹോളി ആഘോഷവേളയിലാണ് ബംഗളൂരുവിലെ യുവതി രണ്ടുനാള്‍ മോഡിക്കൊപ്പം ഔദ്യോഗിക വസതിയില്‍ താമസിച്ചത്. അവര്‍ തന്നെ ഇക്കാര്യം പിന്നീട് സുഹൃത്തും ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ പ്രദീപ് ശര്‍മയോട് വെളിപ്പെടുത്തി. ശര്‍മയ്ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടെന്നറിഞ്ഞ മോഡി ഇദ്ദേഹത്തെ പിന്നീട് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. നാല് കേസിലാണ് മോഡിസര്‍ക്കാര്‍ ശര്‍മയെ കുടുക്കിയത്. മോഡി പകപോക്കുകയാണെന്നും കേസുകള്‍ സിബിഐക്ക് വിടണമെന്നും അഭ്യര്‍ഥിച്ച് പ്രദീപ് ശര്‍മ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗുജറാത്ത് മുഖ്യമന്ത്രിയും യുവതിയുമായുള്ള അടുത്ത ബന്ധം വിശദമായി വിവരിക്കുന്നുണ്ട്.
2003-06 കാലയളവില്‍ കച്ച് ജില്ലാ കലക്ടറായിരിക്കെ ഒരു ഹില്‍ ഗാര്‍ഡന്റെ നിര്‍മാണച്ചുമതല ബംഗളൂരുവില്‍നിന്നുള്ള ലാന്‍ഡ്്സ്കേപ് ആര്‍ക്കിടെക്ടിനെ ഏല്‍പ്പിച്ചുവെന്ന് പ്രദീപ് ശര്‍മ ഹര്‍ജിയില്‍ പറയുന്നു. ഹില്‍ ഗാര്‍ഡന്‍ ഉദ്ഘാടനത്തിന് മോഡിയാണ് വന്നത്. യുവതിയെ താന്‍ പരിചയപ്പെടുത്തി. മോഡി അപ്പോള്‍ത്തന്നെ സ്വകാര്യ ഫോണ്‍ നമ്പരും ഇമെയില്‍ ഐഡിയും അവര്‍ക്ക് നല്‍കി. ഹില്‍ ഗാര്‍ഡന്‍ സന്ദര്‍ശനത്തിന് നന്ദി അറിയിച്ച് അവര്‍ സന്ദേശം അയച്ചു. തുടര്‍ന്ന് എസ്എംഎസ് കൈമാറലുകളിലൂടെയും ഫോണ്‍ സംഭാഷണത്തിലൂടെയും ബന്ധം വളര്‍ന്നു. യുവതി കാണാന്‍ ചെല്ലുമ്പോഴൊക്കെ എത്ര തിരക്കാണെങ്കിലും മോഡി അതെല്ലാം മാറ്റിവച്ച് സ്വകാര്യസംഭാഷണത്തിന് ചെല്ലും. ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ നിന്നടക്കം മോഡി യുവതിയോട് സംസാരിക്കുന്നതിന് ഇറങ്ങിവന്നിട്ടുണ്ട്. 2006 മാര്‍ച്ച് രണ്ടാംവാരം ബംഗളൂരുവില്‍നിന്ന് അഹമ്മദാബാദില്‍ എത്തിയപ്പോഴാണ് അവര്‍ മോഡിയുടെ വസതിയില്‍ താമസിച്ചത്.
വിമാനത്താവളത്തില്‍നിന്ന് മോഡിയുടെ അനുയായി ഒ പി സിങ്ങിനൊപ്പം എസ്കോര്‍ട്ട് കാറിലാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയത്. പിന്‍വാതിലിലൂടെ ഉള്ളില്‍ കയറി. ഒന്നാം നിലയില്‍ മോഡിയുടെ കിടപ്പുമുറിക്ക് നേരെ എതിരെയുള്ള മുറി യുവതിക്ക് നല്‍കി. അടുത്ത ദിവസം ഹോളി ദിനത്തില്‍ മുഖ്യമന്ത്രിയെ കാണാനും ആശംസ നേരാനും അനവധി പേര്‍ എത്തി. നിറംപൂശലൊക്കെ പെട്ടെന്ന് അവസാനിപ്പിച്ച് മോഡി മുറിയിലേക്ക് മടങ്ങി. അന്ന് യുവതിക്ക് ചെറിയ പനി വന്നെങ്കിലും പുറത്തുനിന്ന് ഡോക്ടറെ വിളിക്കാന്‍ മോഡി തയ്യാറായില്ല. അടുത്ത ദിവസം പകല്‍ 11ന് മോഡി വിട്ടുകൊടുത്ത കാറില്‍ വഡോദരക്ക് പോയി. മുഖ്യമന്ത്രിയുടെ വസതിയില്‍ രണ്ടുദിവസം ചെലഴിച്ചത് വിശദമായിത്തന്നെ അവര്‍ തന്നോട് പറഞ്ഞതായി ശര്‍മ ഹര്‍ജിയില്‍ പറഞ്ഞു.
2008ല്‍ അലങ് തുറമുഖത്തിന് വേണ്ടി പദ്ധതി ഏറ്റെടുക്കാന്‍ ഭാവ്നഗറില്‍ എത്തിയപ്പോള്‍ യുവതിയും പ്രദീപും വീണ്ടും കണ്ടു. ഈ ഘട്ടത്തിലും അവര്‍ നിരന്തരം മോഡിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് പ്രദീപ് പറയുന്നു. വിദേശത്തുനിന്ന് മോഡി അയച്ച എസ്എംഎസ് സന്ദേശം അവര്‍ കാണിച്ചു. പ്രദീപിനോട് കാര്യങ്ങള്‍ പറയുന്നുണ്ടോയെന്ന് മോഡി നിരന്തരം തിരക്കിയിരുന്നതായും യുവതി പറഞ്ഞിരുന്നു. തന്റെ ഫോണുകളൊക്കെ ആ സമയം മുതല്‍ ഗുജറാത്ത് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നെന്ന് കരുതുന്നതായി പ്രദീപ് ഹര്‍ജിയില്‍ വിവരിച്ചു. ഭൂമി ഇടപാടില്‍ ക്രമക്കേട് ആരോപിച്ച് 2008ല്‍ ആദ്യ കേസ് വന്നു. പിന്നീട് മൂന്ന് കേസുകള്‍ കൂടി. 2010 ജൂണില്‍ പുലര്‍ച്ചെ അഞ്ചരയ്ക്ക് പൊലീസ് വീട്ടില്‍ കയറി കസ്റ്റഡിയിലെടുത്തു. വീട്ടിലെ കംപ്യൂട്ടറുകളും ലാപ്പ്ടോപ്പുകളും വിശദമായി പരിശോധിച്ചു. മോഡിയുടെയും യുവതിടെയും സ്വകാര്യദൃശ്യങ്ങളടങ്ങിയ സിഡി തന്റെ പക്കലുണ്ടോയെന്ന സംശയമായിരുന്നു റെയ്ഡിന് പിന്നില്‍- പ്രദീപ് ഹര്‍ജിയില്‍ പറഞ്ഞു.
(എം പ്രശാന്ത്)
മോഡിയെ രക്ഷിക്കാന്‍ ബിജെപി നേതൃത്വം
ന്യൂഡല്‍ഹി: യുവതിയെ നിരീക്ഷിക്കാന്‍ രഹസ്യപ്പൊലീസിനെ ചുമതലപ്പെടുത്തിയതിനെത്തുടര്‍ന്ന് സംശയത്തിന്റെ നിഴലിലായ നരേന്ദ്രമോഡിയെ രക്ഷിക്കാന്‍ ബിജെപി നേതൃത്വം രംഗത്ത്. യുവതിയെ രഹസ്യമായി നിരീക്ഷിക്കുകയായിരുന്നില്ലെന്നും അവരുടെതന്നെ ആവശ്യപ്രകാരം വിശദമായ സുരക്ഷയൊരുക്കുകയാണുണ്ടായതെന്നുമുള്ള വാദവുമായി ബിജെപി വക്താവ് പ്രകാശ് ജാവ്ദേക്കര്‍ രംഗത്തെത്തി. സ്വകാര്യത നഷ്ടപ്പെടരുതെന്നും തങ്ങള്‍ക്ക് പരാതിയൊന്നുമില്ലെന്നും വ്യക്തമാക്കി യുവതിയുടെ പിതാവ് എഴുതിയ കത്ത് ആരോപണം കോണ്‍ഗ്രസ് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കുന്നതായും അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍, യുവതിയുടെ കുടുംബം സുരക്ഷയാണ് ആവശ്യപ്പെട്ടതെന്നും രഹസ്യനിരീക്ഷണവും ഒളിഞ്ഞുനോട്ടവുമാണുണ്ടായതെന്നും കേന്ദ്രമന്ത്രി കപില്‍സിബല്‍ പരിഹസിച്ചു. നടപടിക്രമമൊന്നും പാലിക്കാതെയാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഒളിഞ്ഞുനോട്ടം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷായുടെ നിര്‍ദേശപ്രകാരമാണ് ചില ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ യുവതിയെ നിരീക്ഷിച്ചത്. അമിത്ഷായുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോണ്‍സംഭാഷണം അടുത്തകാലത്ത് പുറത്തായിരുന്നു. "സാഹേബി"ന്റെ ആവശ്യപ്രകാരമാണ് നിരീക്ഷണമെന്ന് സംഭാഷണങ്ങളില്‍ വ്യക്തമാണ്. "സാഹേബ്" നരേന്ദ്രമോഡിയാണെന്ന ആരോപണം ശക്തമായതോടെ ബിജെപി പ്രതിരോധത്തിലായിരുന്നു. രഹസ്യനിരീക്ഷണം സംബന്ധിച്ച് അറിവുള്ളതിനാലാണ് തന്നെ ഗുജറാത്ത് സര്‍ക്കാര്‍ പുറത്താക്കിയതെന്ന ആരോപണവുമായി സസ്പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രദീപ്ശര്‍മയും രംഗത്തെത്തിയിരുന്നു. നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രദീപ് ശര്‍മ യുവതിയെ ശല്യപ്പെടുത്തുകയായിരുന്നെന്നും ഇയാളില്‍ നിന്ന് യുവതിക്ക് സംരക്ഷണം നല്‍കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തതെന്നുമാണ് പാര്‍ടി നേതാക്കള്‍ വാദിക്കുന്നത്. അതേസമയം അന്വേഷണം ആവശ്യമില്ലെന്ന യുവതിയുടെ അച്ഛന്റെ നിലപാട് മുഖവിലയ്ക്കെടുക്കാനാവില്ലെന്ന് ദേശീയ വനിതാകമീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
deshabhimani
No comments:
Post a Comment