Thursday, November 28, 2013

കസ്തൂരിരംഗന്‍ സമിതി ശുപാര്‍ശകള്‍: ഉന്നതതല സമിതി തെളിവെടുപ്പ് പ്രഹസനമായി

സമിതി നിര്‍ദേശങ്ങള്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം സ്വീകരിക്കുമോ എന്ന് ആശങ്ക

കല്‍പ്പറ്റ: കസ്തൂരിരംഗന്‍ സമിതി ശുപാര്‍ശകള്‍ സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പഠിക്കാനെത്തിയ ഉന്നതതല സമിതി തെളിവെടുപ്പ് പ്രഹസനമായി. ആറ് മാസങ്ങള്‍ക്ക് മുമ്പ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് തെളിവെടുപ്പിനെത്തിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഒടുവില്‍ ജനവിരുദ്ധമായത് പോലെ ഉമ്മന്‍ വി ഉമ്മന്റെ നേതൃത്വത്തിലുള്ള തെളിവെടുപ്പും ഗുണംചെയ്യില്ല. ജനവികാരം മനസിലാക്കി സമിതി അംഗങ്ങള്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സ്വീകരിക്കുമോ എന്ന ആശങ്കയും ബാക്കിയാണ്.കസ്തൂരിരംഗനും നാട്ടിലിറങ്ങാതെ ഒരു കേന്ദ്രത്തിലിരുന്ന് തെളിവെടുപ്പ് നടത്തുകയാണ് ചെയ്തത്. റിപ്പോര്‍ട്ട് സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ മനസിലാക്കി എന്ത് ചെയ്യണമെന്ന് സര്‍കാരിനോട് നിര്‍ദേശിക്കുകയാണ് തങ്ങളുടെ ഉദ്യമമെന്നാണ് സമിതി അംഗം പി സി സിറിയക് പറഞ്ഞത്. തെളിവെടുപ്പില്‍ പങ്കെടുത്തവരുടെ വികാരം മനസിലാക്കി പരിസ്ഥിതി ലോല മേഖലകള്‍ ഏതെന്ന് നിശ്ചയിക്കാന്‍ പഞ്ചായത്തുകളില്‍ നിന്നും നിര്‍ദേശം സ്വീകരിക്കുമെന്നും ഇഎഫ്എല്‍ നിയമം റദ്ദാക്കാന്‍ സമിതി ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ വനംപരിസ്ഥിതി മന്ത്രാലയം സ്വീകരിക്കുമോ എന്നാണ് ആശങ്ക.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചപ്പോഴും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് കേന്ദ്ര വനം പരിതിസ്ഥിതി മന്ത്രാലയം അംഗീകരിച്ചപ്പോഴും ജനങ്ങളും വിവിധ സംഘടനകളും പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കേണ്ടതിന് പകരം ഒരു സമിതിയെ അയച്ച് സര്‍ക്കാര്‍ കൈകഴുകുകയാണ്. ജനങ്ങളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്ന് വന്ന സാഹചര്യത്തില്‍ തന്നെ സര്‍ക്കാരിന് എടുക്കാവുന്ന തീരുമാനമാണ് ഒരു കമ്മറ്റിയെ വെച്ച് പ്രഹസനമാക്കി മാറ്റുന്നത്. മാത്രമല്ല 20 ഗ്രാമങ്ങളില്‍ തെളിവെടുപ്പ് നടത്തുമെന്നാണ് സമിതി അധ്യക്ഷന്‍ ഉമ്മന്‍ വി ഉമ്മന്‍ അറിയിച്ചത്. എന്നാല്‍ സമയക്കുറവ് പറഞ്ഞ് ഓരോ കേന്ദ്രത്തിലും തെളിവെടുപ്പ് നടത്തിയതായി കാണിച്ച് അടുത്ത കേന്ദ്രത്തിലേക്ക് ഓടുകയാണ് സമിതി ചെയ്തത്.ഇതിനെതിരെ തെളിവെടുപ്പില്‍ ജനരോഷം ഉയര്‍ന്നു. തികച്ചും ജനവിരുദ്ധമായ റിപ്പോര്‍ട്ട് നടപ്പാക്കിയത് വഴിയുണ്ടായ ജനകീയ പ്രതിഷേധത്തില്‍ നിന്ന് ശ്രദ്ധ തരിച്ച് വിടാനാണ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചതെന്ന് വ്യക്തമാണ്.കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നേരത്തെ എടുത്ത തീരുമാനവുമായി മുന്നോട്ട് പോകുമെന്നാണ് സൂചനകള്‍. തെളിവെടുപ്പിനെത്തുമ്പോള്‍ എല്ലാവരും ഏകപക്ഷീയമായി നിലപാട് സ്വീകരിക്കുകയും ഒടുവില്‍ മറ്റാരോ എടുക്കുന്ന തീരുമാനം നടപ്പിലാക്കപ്പെടുമെന്ന് തന്നെയായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചുണ്ടിക്കാട്ടിയത്. ഗഡ്ഗില്‍ റിപോര്‍ടിനനകുലമായി സംസാരിച്ച ഒരു ജനപ്രതിനിധിയെ മറ്റുള്ളവര്‍ തടസപ്പെടുത്തുകയും ചെയ്തു.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്ത പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നേരിട്ടുള്ള പരിശോധനകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ പുനര്‍ നിര്‍ണ്ണയിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതി അധ്യക്ഷന്‍ പ്രൊഫ. ഉമ്മന്‍. വി ഉമ്മന്‍ തെളിവെടുപ്പിന് ശേഷം പറഞ്ഞു. എല്ലാ പഞ്ചായത്തുകളും സ്ഥലത്തെ ജൈവ വൈവിധ്യ മാനേജ്മെന്റ് സമിതികളുടെ സഹായത്തോടെ ഓരോ വാര്‍ഡിലും പരിശോധന നടത്തി സ്ഥലത്തെ യഥാര്‍ത്ഥ പരിസ്ഥിതി വിവരം ഡിസംബര്‍ അഞ്ചാം തീയതിക്കകം സമിതിക്ക് സമര്‍പ്പിക്കണം. ഇപ്രകാരം ലഭിക്കുന്ന വിവരങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കി വസ്തുനിഷ്ഠത വിലയിരുത്തും. പരമാവധി സൂക്ഷ്മമായി പാരിസ്ഥിതിക വിവരങ്ങള്‍ ലഭ്യമായാല്‍ ഓരോ വാര്‍ഡിലെയും കൃഷിസ്ഥലം, ജനവാസകേന്ദ്രം, കാട് എന്നിവ കൃത്യമായി വിഭജിച്ച് നിലവിലുള്ള പ്രശ്നങ്ങള്‍ക്കും ആശങ്കകള്‍ക്കുമുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

2003 ലെ പരിസ്ഥിതി ദുര്‍ബല പ്രദേശ നിയമം (ഇഎഫ്എല്‍ ആക്ട് )കര്‍ഷകര്‍ക്കെതിരെ ദുരുപയോഗം ചെയ്യപ്പെടുന്നതായി വ്യാപകമായ ആക്ഷേപമുന്നയിക്കപ്പെടുന്ന സാഹചര്യത്തില്‍ ഏകപക്ഷീയ സ്വഭാവമുള്ള ഈ നിയമം റദ്ദാക്കാന്‍ സമിതി ശുപാര്‍ശ ചെയ്യും. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ച് മുപ്പത് ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള സ്ഥലങ്ങളില്‍ ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ ഇളവു വരുത്താനും സമിതി ആവശ്യപ്പെടും.

കയ്യാലകള്‍ കെട്ടി മണ്ണൊലിപ്പ് തടഞ്ഞ് അറുപത് ഡിഗ്രി ചെരിവുള്ള ഭൂമിയില്‍പോലും കേരളത്തില്‍ പരമ്പരാഗതമായ കൃഷിയിറക്കി പോരുന്നതായി പ്രൊഫ. ഉമ്മന്‍ ചൂണ്ടിക്കാട്ടി. സ്വാഭാവിക വനങ്ങള്‍ക്ക് പകരം നട്ടുപിടിപ്പിച്ച തേക്കിന്‍ കാടുകളിലും മറ്റും അടിക്കാടുകള്‍ പറ്റേ തെളിക്കുന്നത് തടയാനും ഇവ കാലക്രമേണ സ്വാഭാവിക വനങ്ങളാക്കി മാറ്റാനും നിര്‍ദ്ദേശങ്ങളുണ്ടാവും. തൊഴിലുറപ്പ് പദ്ധതി സേവനങ്ങള്‍ ഉപയോഗപ്പെടുത്തി വനാതിര്‍ത്തികളിലും മറ്റും ട്രഞ്ചുകളും വേലികളും നിര്‍മ്മിച്ചും വന്യമൃഗശല്യം നിയന്ത്രിക്കാനും ശുപാര്‍ശയുണ്ടാവും. പ്രധാനമായും കേരളം നാണ്യവിളകളെ ആശ്രയിക്കുന്നതിനാല്‍ ഏകവിളകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം കാപ്പി, തേയില, ഏലം തുടങ്ങിയ നാണ്യവിളകളെ പ്രതിലോമമായി ബാധിക്കാതിരിക്കാനും ശുപാര്‍ശയുണ്ടാവുമെന്നും പ്രൊഫ. ഉമ്മന്‍ പറഞ്ഞു. സമിതിയുടെ ശുപാര്‍ശകള്‍ ഡിസംബര്‍ 15 നകം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇനിയും നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ളവര്‍ക്ക് തപാല്‍ മുഖേനയും വിവരങ്ങള്‍ അറിയിക്കാം. വിലാസം, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, പള്ളിമുക്ക്, പേട്ട പിഒ, തിരുവനന്തപുരം, 695024. തെളിവെടുപ്പില്‍ സമിതി അംഗം പി സി സിറിയക്, എം വി ശ്രേയാംസ്കുമാര്‍ എം എല്‍ എ, ജ്ല്ലാ കളക്ടര്‍ കെ ജി രാജു, എ ഡി എം എന്‍ ടി മാത്യു, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ പി പി ആലി, വിവിധ രാഷ്ട്രീയ-കര്‍ഷക സംഘടനാ പ്രതിനികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment